തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ഒഡിഷ- പശ്ചിമ ബംഗാൾ തീരത്തിനു മുകളിലായി ഈ വർഷത്തെ ആദ്യ മൺസൂൺ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. ഇതിനൊപ്പം ന്യൂനമർദ്ദ പാത്തി വീണ്ടും കേരള തീരത്ത് സജീവമായതോടെ വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. നാളെ സംസ്ഥാനത്തെ 8 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്കൻ ജില്ലകളായ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബാക്കി ജില്ലകളിൽ നാളെ യെല്ലോ അലർട്ടും നിലവിലുണ്ടാകും. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടുത്ത കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തീരവാസികൾ ജാഗ്രത പാലിക്കണം. കടൽ അതിരൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള മീൻപിടിത്ത നിരോധനം തുടരുകയാണ്.






