ഐപിഎൽ 2026 സീസണിൽ കിരീടം നേടാൻ സാധിച്ചില്ലെങ്കിലും, വ്യക്തിഗത മികവുകൊണ്ട് രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശി ആരാധകരുടെ മനംകവർന്നു. ടൂർണമെന്റിലെ ഓറഞ്ച് ക്യാപ് ഉൾപ്പെടെയുള്ള പ്രധാന പുരസ്കാരങ്ങൾ സ്വന്തമാക്കിയാണ് ഈ കൗമാരതാരം ചരിത്രം കുറിച്ചത്. 776 റൺസ് അടിച്ചുകൂട്ടിയാണ് വൈഭവ് സീസണിലെ റൺവേട്ടക്കാരിൽ ഒന്നാമതെത്തിയത്. ഒരു സെഞ്ചറിയും മൂന്ന് തവണ 90-കളിൽ പുറത്തായതും ഇത്തവണത്തെ പ്രകടനത്തിന്റെ സവിശേഷതകളായിരുന്നു.
നിർണായകമായ രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെട്ടതോടെ രാജസ്ഥാന്റെ ഫൈനൽ സ്വപ്നം അവസാനിച്ചു. 214 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്ത്, എട്ടു പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. മത്സരത്തിൽ വൈഭവ് 96 റൺസ് നേടി മികച്ച രീതിയിൽ ബാറ്റേന്തിയിട്ടും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. രാജസ്ഥാന്റെ തോൽവിയിൽ തനിക്കും പങ്കുണ്ടെന്ന് മത്സരശേഷം താരം തുറന്നുസമ്മതിച്ചു. ഗുജറാത്തിനെതിരായ മത്സരത്തിൽ ടീം 10-12 റൺസ് പിന്നിലായിരുന്നുവെന്നും മിഡിൽ ഓവറുകളിൽ സ്ട്രൈക്ക് നിലനിർത്തുന്നതിൽ താൻ പരാജയപ്പെട്ടുവെന്നും വൈഭവ് പറഞ്ഞു.
Also Read:ഗൗതം ഗംഭീറിന് ശേഷം ആര്? പുതിയ പരിശീലകനെ നിര്‍ദേശിച്ച് സഞ്ജയ് മഞ്ജരേക്കര്‍
ഓറഞ്ച് ക്യാപ്പിന് പുറമെ മോസ്റ്റ് വാല്യൂബിൾ പ്ലെയർ ഓഫ് ദ് സീസൺ, എമർജിങ് പ്ലെയർ ഓഫ് ദ് സീസൺ, സൂപ്പർ സ്ട്രൈക്കർ ഓഫ് ദ് സീസൺ, സൂപ്പർ സിക്സസ് ഓഫ് ദ് സീസൺ എന്നീ പുരസ്കാരങ്ങളും വൈഭവിനെ തേടിയെത്തി. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനക്കാരായി പ്ലേഓഫിലെത്തിയ രാജസ്ഥാൻ, എലിമിനേറ്റർ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപിച്ചാണ് ക്വാളിഫയറിലേക്ക് കടന്നത്. എന്നാൽ, രണ്ടാം ക്വാളിഫയറിൽ ടീമിന് കാലിടറുകയായിരുന്നു. 2022-ന് ശേഷം ആദ്യമായാണ് ടീം ഇത്രയും ദൂരം മുന്നേറുന്നത്.






