കാലിഫോര്‍ണിയയിലും ലോസ് ഏഞ്ചല്‍സിലും പടര്‍ന്നു പിടിച്ച വന്‍ കാട്ടുതീയ്ക്ക് ഒരാഴ്ചയായിട്ടും ശമനമായില്ല. ലോസ്ഏഞ്ചല്‍സില്‍ മാത്രം 24 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ പ്രകൃതിദുരന്തമായിരിക്കുമെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം പറഞ്ഞു. ലോസ് ഏഞ്ചല്‍സിലെ കാട്ടുതീയില്‍ മരിച്ചവരില്‍ എട്ട് പേര്‍ പാലിസേഡ്‌സ് ഫയര്‍ സോണിലും 16 പേര്‍ ഈറ്റണ്‍ ഫയര്‍ സോണിലും ഉള്ളവരാണ്. 1990 കളില്‍ ബ്രിട്ടീഷ് ടിവി ഷോ ‘കിഡി കപ്പേഴ്സ്’ എന്ന പരിപാടിയില്‍ ഉണ്ടായിരുന്ന മുന്‍ ഓസ്ട്രേലിയന്‍ ബാലതാരം റോറി സൈക്സും കാട്ടുതീയില്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
അതേസമയം, പാലിസേഡ്‌സിലെ 23,600 ഏക്കറിലേക്ക് പടര്‍ന്നുപിടിച്ച തീ 11 ശതമാനം നിയന്ത്രണവിധേയമായപ്പോള്‍, ഈറ്റണ്‍ ഫയര്‍ സോണില്‍ 14,000 ഏക്കറിലെ തീ 15 ശതമാനം നിയന്ത്രണത്തിലായെന്നുമാണ് റിപ്പോര്‍ട്ട്. തീപിടിത്തത്തില്‍ 12,000-ത്തിലധികം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തീപിടിത്തത്തെ തുടര്‍ന്ന് 1 ലക്ഷത്തിലധികം ആളുകള്‍ പ്രദേശത്തു നിന്നും ഒഴിഞ്ഞുപോയി. നാശനഷ്ടവും സാമ്പത്തിക നഷ്ടവും 135 ബില്യണ്‍ മുതല്‍ 150 ബില്യണ്‍ ഡോളര്‍ വരെയാണ്.

Also Read: റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിന് അവസാനമാകും; പുടിന്‍-ട്രംപ് കൂടിക്കാഴ്ച ഉടന്‍
ഹോളിവുഡ് ദുരന്ത സിനിമയെ പോലും തോല്‍പ്പിക്കുന്ന വിധത്തിലുണ്ടായ തീപിടിത്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടത് ഡസന്‍ കണക്കിന് അഭിനേതാക്കള്‍ക്കാണ്. ഹോളിവുഡ് സിനിമാ നടന്‍മാരായ ആന്റണി ഹോപ്കിന്‍സ്, പാരീസ് ഹില്‍ട്ടണ്‍ , മെല്‍ ഗിബ്‌സണ്‍, ബില്ലി ക്രിസ്റ്റല്‍ എന്നിവരുടെ വീടുകള്‍ തീപിടിത്തത്തില്‍ നഷ്ടമായി. കാലിഫോര്‍ണിയയിലും ലോസ് ഏഞ്ചല്‍സിലും നാശം വിതച്ച തീപിടിത്തത്തിന് കാരണമായത് സാന്താ അന എന്ന ചുഴലിക്കാറ്റായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കാറ്റിന് ചെറിയ ശമനമുണ്ടായിരുന്നെങ്കിലും ഞായറാഴ്ച രാത്രി മുതല്‍ ബുധനാഴ്ച വരെ കാറ്റ് വീണ്ടും 96 കിലോമീറ്റര്‍ വേഗതയില്‍ എത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗവും കാലിഫോര്‍ണിയ ഗവര്‍ണറുമായ ഗാവിന്‍ ന്യൂസോം നഗരം പുനര്‍നിര്‍മിക്കുമെന്ന് പ്രതിജ്ഞയെടുത്തു.