സംവിധായകനിൽ നിന്ന് നായകനിരയിലേക്ക് അരങ്ങേറുന്ന ലോകേഷ് കനകരാജിന്റെ പുതിയ ചിത്രം ‘ഡിസി’ ഓഗസ്റ്റ് 7ന് തിയേറ്ററുകളിലെത്തുന്നു. അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സെൻസർഷ ബോർഡിന്റെ ‘എ’ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂറും 23 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം കേരളത്തിലും കർണാടകത്തിലും തിയേറ്ററുകളിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്.
വാമിക ഗബ്ബി നായികയാകുന്ന ഈ ഗ്യാങ്‌സ്റ്റർ ഡ്രാമ ചിത്രത്തിൽ ദേവദാസ് എന്ന കഥാപാത്രമായാണ് ലോകേഷ് എത്തുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രത്തിൽ സഞ്ജന കൃഷ്ണമൂർത്തിയും മറ്റൊരു പ്രധാന വേഷം ചെയ്യുന്നുണ്ട്. വയലൻസിനും പ്രണയത്തിനും ഏറെ പ്രാധാന്യമുള്ള വൈകാരിക നിമിഷങ്ങൾ നിറഞ്ഞതായിരിക്കും ചിത്രമെന്നാണ് സൂചന.






