ലോക്സഭ തിരഞ്ഞെടുപ്പ്; പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ടിന് അപേക്ഷിക്കാം

ലോക്സഭ തിരഞ്ഞെടുപ്പ്; പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ടിന് അപേക്ഷിക്കാം

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ടിന് അപേക്ഷിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ ഫോം 12ല്‍ തിരഞ്ഞെടുപ്പിന് ഏഴ് ദിവസം മുന്‍പ് വരണാധികാരിക്ക് അപേക്ഷ സമര്‍പ്പിക്കണം. വോട്ടര്‍ പട്ടികയില്‍ പേരുള്ള മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് ഫോം 12Aല്‍ തിരഞ്ഞെടുപ്പിന് നാല് ദിവസം മുമ്പുവരെ അപേക്ഷ സമര്‍പ്പിക്കാം. വരണാധികാരികള്‍ അപേക്ഷകന് ഫോം 12Bല്‍ ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് നല്‍കും.

പതിനെട്ടാം ലോക്‌സഭയിലേക്ക് ഏഴ് ഘട്ടമായാണ് രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്. 543 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 2024 ഏപ്രില്‍ 19ന് ആരംഭിക്കുന്ന പൊതു തിരഞ്ഞെടുപ്പ് വോട്ടിംഗ് ജൂണ്‍ 1നാണ് അവസാനിക്കുക. ആദ്യ ഘട്ടം ഏപ്രില്‍ 19നും രണ്ടാം ഘട്ടം ഏപ്രില്‍ 26നും മൂന്നാം ഘട്ടം മെയ് ഏഴിനും നാലാം ഘട്ടം മെയ് 13നും അഞ്ചാം ഘട്ടം മെയ് 20നും ആറാം ഘട്ടം മെയ് 25നും ഏഴാം ഘട്ടം ജൂണ്‍ ഒന്നിനും നടക്കും. ജൂണ്‍ നാലിനാണ് രാജ്യമെമ്പാടും വോട്ടെണ്ണല്‍. നീതിപൂര്‍വവും സമാധാനപൂര്‍വവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുടരുകയാണ്. 97 കോടിയലധികം വോട്ടര്‍മാരാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ തിരഞ്ഞെടുപ്പിന്റെ ഭാഗമാകാന്‍ തയ്യാറെടുക്കുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഹാട്രിക് ഭരണം ലക്ഷ്യമിടുമ്പോള്‍ ഇന്ത്യാ മുന്നണിയുണ്ടാക്കി നേരിടുകയാണ് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍.

Top