മാനന്തവാടി: വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാര്‍. പ്രദേശവാസികളായ നൗഫലിന്റെയും ഷാനവാസിന്റെയും വീടിന് സമീപത്താണ് നരഭോജി കടുവയെ അവസാനമായി കണ്ടത്. പ്രദേശത്ത് വനംവകുപ്പ് പരിശോധന ആരംഭിച്ചു. 10 ടീം അംഗങ്ങളെ നിരീക്ഷണത്തിന് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സര്‍വകക്ഷിയോഗത്തിന് ശേഷം വയനാട് എഡിഎം അറിയിച്ചു. ദൗത്യത്തിന് അരുണ്‍ സക്കറിയ നേതൃത്വം നല്‍കും. കടുവ കൂട്ടില്‍ കുടുങ്ങിയാല്‍ മൃഗശാലയിലേക്ക് മാറ്റും. പൊലീസും ആര്‍ആര്‍ടിയും രാത്രി ഉള്‍പ്പടെ പരിശോധന നടത്തും.
Also Read: വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി
കുട്ടികളെ സ്‌കൂളില്‍ എത്തിക്കാന്‍ 6 വാഹനം സജീകരിച്ചു. കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിലെ ഒരാള്‍ക്ക് ഫെബ്രുവരി 1 മുതല്‍ താത്കാലിക ജോലി നല്‍കും. കുടുംബത്തിനുള്ള ബാക്കി നഷ്ടപരിഹാരം ഉടന്‍ നല്‍കും. സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചുവെന്നും ഇത് വരെ പ്രദേശവാസികള്‍ നടത്തിയ സമരത്തില്‍ കേസെടുക്കില്ലെന്നും എഡിഎം അറിയിച്ചു.