ഗൾഫിന്റെ ഈന്തപ്പഴപ്പെരുമയുമായി ലിവ റുതബ് ഉത്സവത്തിന് യു.എ.ഇയിൽ തുടക്കം

യു.എ.ഇ. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ സവിശേഷ രക്ഷാകർതൃത്വത്തിലാണ് രാജ്യം കാത്തിരുന്ന ഈ വാർഷിക വിളവെടുപ്പ് ഉത്സവം അരങ്ങേറുന്നത്

ഗൾഫിന്റെ ഈന്തപ്പഴപ്പെരുമയുമായി ലിവ റുതബ് ഉത്സവത്തിന് യു.എ.ഇയിൽ തുടക്കം
ഗൾഫിന്റെ ഈന്തപ്പഴപ്പെരുമയുമായി ലിവ റുതബ് ഉത്സവത്തിന് യു.എ.ഇയിൽ തുടക്കം

അബുദാബി: ഗൾഫ് നാടിന്റെ പാരമ്പര്യവും ഈന്തപ്പഴ പെരുമയും വിളിച്ചോതുന്ന പ്രശസ്തമായ ലിവ റുതബ് ഉത്സവത്തിന് അൽ ദഫ്ര മേഖലയിൽ ആവേശകരമായ തുടക്കം. യു.എ.ഇ. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ സവിശേഷ രക്ഷാകർതൃത്വത്തിലാണ് രാജ്യം കാത്തിരുന്ന ഈ വാർഷിക വിളവെടുപ്പ് ഉത്സവം അരങ്ങേറുന്നത്. യു.എ.ഇ.യിലെ ഒട്ടാകെയുള്ള ഈന്തപ്പനക്കർഷകരെ ഒരേ മേൽക്കൂരയ്ക്ക് കീഴിൽ അണിനിരത്തുന്ന ഈ ബൃഹദ് മേളയുടെ 22-ാമത് പതിപ്പാണ് ഇപ്പോൾ നടക്കുന്നത്.

അബുദാബി ഹെറിറ്റേജ് അതോറിറ്റിയുടെ മേൽനോട്ടത്തിൽ ഈ മാസം 23 വരെ നീണ്ടുനിൽക്കുന്ന മേള, രാജ്യത്തെ ഏറ്റവും വലിയ റുതബ് (പകുതി പഴുത്ത ഈന്തപ്പഴം) ഉത്സവമാണ്. ഈന്തപ്പഴ വിളവെടുപ്പ് സീസൺ വൻ ജനകീയ ആഘോഷമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് സംഘടിപ്പിക്കുന്നത്. കർഷകർക്കായി വലിയ സമ്മാനത്തുകയാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. 23 വ്യത്യസ്ത മത്സരവിഭാഗങ്ങളിലായി 80 ലക്ഷത്തിലധികം ദിർഹം മൂല്യമുള്ള 295 സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.

Also Read: പ്രകൃതിഭംഗി ചോരാതെ കൽബയിൽ വൻ നഗരവികസനം; രണ്ട് പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി

മികച്ച റുതബ് കൊട്ട, പാം ട്രങ്ക് ക്രിയേറ്റിവിറ്റി, 11 റുതബ് മത്സരങ്ങൾ, ഏഴ് പഴവർഗങ്ങൾ, മൂന്ന് മോഡൽ ഫാമുകൾ എന്നിവയാണ് പ്രധാന മത്സരയിനങ്ങൾ. ഇതിനുപുറമേ, വീടുകളിൽ ഈന്തപ്പനക്കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായ ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം ‘ഖറായെഫ് അൽ ബെയ്ത്ത്’ എന്ന പുതിയ മത്സരവും ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉത്പന്നങ്ങളുടെ ഗുണനിലവാരം, സാങ്കേതിക ആവശ്യകതകൾ, മികച്ച കാർഷികരീതികൾ എന്നിവ വിലയിരുത്തി വിദഗ്ദ്ധ സമിതിയാണ് വിജയികളെ നിർണയിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. കർഷകർക്ക് ‘ഫലഖ് അൽ നമൂസ്’ ആപ്പ് വഴി മത്സരങ്ങളിലേക്ക് രജിസ്റ്റർ ചെയ്യാം.

മേള സന്ദർശിക്കുന്ന വാഹന ഉടമകൾക്കായി അബുദാബി പോലീസ് പ്രത്യേക ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ലിവ റുതബ് ഉത്സവം സന്ദർശിക്കുന്നവർക്ക് തങ്ങളുടെ ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കാനുള്ള സുവർണ്ണാവസരമാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ഉത്സവ നഗരിയിൽ സജ്ജമാക്കിയിരിക്കുന്ന ഗതാഗത നിയമ ലംഘകർക്കായുള്ള പ്രത്യേക യോഗ്യതാ കോഴ്സിൽ പങ്കെടുക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സാംസ്കാരിക പൈതൃകവും കൃഷിയും ഒത്തുചേരുന്ന മേളയിലേക്ക് സ്വദേശികളും വിദേശികളുമടക്കം വൻ ജനപ്രവാഹമാണ് പ്രതീക്ഷിക്കുന്നത്.

Share Email
Top