മദ്യനയ അഴിമതി കേസ്; കൈലാഷ് ഗെഹ്ലോട്ടിന് ഇ ഡി സമന്‍സ്

മദ്യനയ അഴിമതി കേസ്; കൈലാഷ് ഗെഹ്ലോട്ടിന് ഇ ഡി സമന്‍സ്

ദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി ഗതാഗത മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതവുമായ കൈലാഷ് ഗെഹ്ലോട്ടിന് എന്‍ഫോഴ്സ്‌മെന്റ് ഡയരക്ടറേറ്റി(ഇ ഡി) സമന്‍സ്. ഇന്ന് അന്വേഷണ ഏജന്‍സിക്കു മുമ്പാകെ ഹാജരാകാനാണ് നിര്‍ദേശം.നജാഫ്ഗഡില്‍ നിന്നുള്ള എംഎല്‍എയായ കൈലാഷ് റദ്ദാക്കിയ പുതിയ മദ്യനയത്തിന്റെ കരട് തയ്യാറാക്കിയ പാനലില്‍ അംഗമായിരുന്നു. എക്സൈസ് നയത്തിന്റെ കരട് സൗത്ത് ഗ്രൂപ്പിന് ചോര്‍ത്തിയെന്നാണ് ഇ ഡിയുടെ ആരോപണം.

മദ്യനയം രൂപീകരിക്കുന്നതിനിടെ തന്റെ ഔദ്യോഗിക വസതി ഉപയോഗിക്കാന്‍ അന്നത്തെ ആം ആദ്മി പാര്‍ട്ടി കമ്മ്യൂണിക്കേഷന്‍ ഇന്‍ ചാര്‍ജ് ആയിരുന്ന വിജയ് നായര്‍ക്ക് അനുമതി നല്‍കിയതായി അന്വേഷണ ഏജന്‍സി അവകാശപ്പെടുന്നു. 2021-22 കാലയളവില്‍ കൈലാഷ് ഗെഹ്ലോട്ട് തന്റെ മൊബൈല്‍ നമ്പരുകള്‍ ആവര്‍ത്തിച്ച് മാറ്റിയതായും ഇ ഡി നേരത്തെ ആരോപിച്ചിരുന്നു.

അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്ന മൂന്നാമത്തെ മന്ത്രിയായി ഗെഹ്ലോട്ട് മാറിയത് ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആണ് കേസില്‍ ആദ്യം അറസ്റ്റിലായത്. സിസോദിയ ഇപ്പോഴും ജയിലില്‍ തുടരുകയാണ്.രണ്ടാമത് അറസ്റ്റ് ചെയ്തത് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ. മാര്‍ച്ച് 21നാണ് ഇ ഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി റോസ് അവന്യു കോടതി അദ്ദേഹത്തെ മാര്‍ച്ച് 28 വരെ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയായിരുന്നു.അറസ്റ്റും റിമാന്‍ഡും ചോദ്യംചെയ്ത് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഏപ്രില്‍ മൂന്നിലേക്ക് മാറ്റി. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സമയം വേണമെന്ന ഇ ഡിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഏപ്രില്‍ രണ്ട് വരെ ഇ ഡിക്ക് കോടതി സമയമനുവദിച്ചു.

Top