ചെന്നൈ: യാത്രക്കാരന്റെ ബാഗിലുണ്ടായിരുന്ന പ്രീമിയം മദ്യക്കുപ്പി തകര്‍ന്ന സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍ കമ്പനിക്ക് പിഴയിട്ട് ഹൈദരാബാദിലെ ഉപഭോക്തൃ കമ്മീഷന്‍. സുരക്ഷിതമായി പായ്ക്ക് ചെയ്തതാണെന്ന് ഉറപ്പുവരുത്തിയ ശേഷം വിമാനക്കമ്പനി ഏറ്റെടുക്കുന്ന വസ്തുക്കള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് കടുത്ത അനാസ്ഥയാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. തുടര്‍ന്ന് നഷ്ടപരിഹാരമായി 55,000 രൂപ നല്‍കാന്‍ ഉത്തരവിട്ട കമ്മീഷന്‍, കമ്പനി നല്‍കിയ 500 രൂപയുടെ വൗച്ചര്‍ അന്യായമാണെന്നും വിമര്‍ശിച്ചു.
ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്ത വിനീത് മദ്ദാല എന്ന യാത്രക്കാരന്റെ ബാഗിലുണ്ടായിരുന്ന ഏകദേശം 35,000 രൂപ വിലമതിക്കുന്ന മദ്യക്കുപ്പിയാണ് ചെക്ക് ഇന്‍ ചെയ്യുന്നതിനിടയില്‍ തകര്‍ന്നത്. ചെന്നൈയിലെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് കുപ്പി പൊട്ടിയതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇയാള്‍ ഇന്‍ഡിഗോയ്ക്ക് ഇമെയില്‍ വഴി പരാതി നല്‍കിയെങ്കിലും, കുപ്പി പോലുള്ള വസ്തുക്കള്‍ യാത്രക്കാര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ കൊണ്ടുപോകണമെന്നായിരുന്നു എയര്‍ലൈന്‍ കമ്പനിയുടെ നിലപാട്. ഒടുവില്‍ നഷ്ടപരിഹാരമെന്ന രീതിയില്‍ 500 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ മാത്രമാണ് കമ്പനി നല്‍കിയത്. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് യാത്രക്കാരന്‍ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.
Also Read:‘ഹോട്ടൽ ഉടമകൾക്ക് ആശ്വാസം!’ വാണിജ്യ എൽ.പി.ജി. സിലിണ്ടർ വിലയിൽ വൻ കുറവ്; പുതിയ നിരക്കുകൾ നിലവിൽ വന്നു
ശരിയായി പാക്ക് ചെയ്ത ഒരു കുപ്പി സാധാരണ രീതിയിലുള്ള യാത്രയില്‍ തകരില്ലെന്നും, ഗ്രൗണ്ട് സ്റ്റാഫ് ബാഗേജ് വലിച്ചെറിയുകയോ കടുത്ത അശ്രദ്ധ കാണിക്കുകയോ ചെയ്തതുകൊണ്ടാണ് ഇത് സംഭവിച്ചതെന്നും ഉപഭോക്തൃ കമ്മീഷന്‍ നിരീക്ഷിച്ചു. പൊട്ടാന്‍ സാധ്യതയുള്ള വസ്തുക്കള്‍ യാത്രക്കാരന്റെ സ്വന്തം ഉത്തരവാദിത്വത്തിലാണെന്ന് പറഞ്ഞ് വിമാനക്കമ്പനിക്ക് ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. ശരിയായി പാക്ക് ചെയ്ത വസ്തു വിമാനക്കമ്പനി ഏറ്റുവാങ്ങുമ്പോള്‍ അത് സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള പൂര്‍ണ്ണ ഉത്തരവാദിത്വം അവര്‍ക്കുണ്ടെന്ന് വ്യക്തമാക്കിയാണ് കമ്മീഷന്‍ 55,000 രൂപ പിഴയൊടുക്കാന്‍ ഉത്തരവിട്ടത്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)






