ഇരട്ടഗോളുകളുമായി മെസി;വിജയം തുടര്‍ന്ന് ഇന്റര്‍മയാമി

ഇരട്ടഗോളുകളുമായി മെസി;വിജയം തുടര്‍ന്ന് ഇന്റര്‍മയാമി

ഫോക്‌സ്ബറോ : മേജര്‍ ലീഗ് സോക്കറില്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഇരട്ടഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ ഇന്റര്‍മയാമിക്ക് മിന്നും ജയം. ഫോക്‌സ്ബറോയിലെ ജില്ലേറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ന്യൂ ഇംഗ്ലണ്ടിനെയാണ് തോല്‍പ്പിച്ചത്. ജയത്തോടെ ഈസ്‌റ്റേണ്‍ കോണ്‍ഫറന്‍സില്‍ ഇന്റര്‍മയാമി ഒന്നാമതെത്തി.

മത്സരത്തിന്റെ 32ാംമിനിറ്റിലും 67ാം മിനിറ്റിലും ആണ് മെസി ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. ലൂയി സുവാരസും ബെഞ്ചമിന്‍ ക്രെമാസിയുമാണ് ഇന്റര്‍മയാമിക്ക് വേണ്ടി മറ്റ് ഗോളുകള്‍ നേടിയത്. തോമസ് ചന്‍കാലയ് ആണ് ന്യു ഇംഗ്ലണ്ടിന്റെ ഏക ഗോള്‍ സ്‌കോര്‍ ചെയ്തത്.

ആദ്യ മിനിറ്റില്‍ തന്നെ പിന്നില്‍ പോയ മത്സരത്തില്‍ ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു ഇന്റര്‍മയാമി. സൂപ്പര്‍താരങ്ങളായ മെസിയുടേയും സുവാരസിന്റെയും സെര്‍ജിയോ ബുസ്‌കസിന്റെയും ഒക്കെ മികവില്‍ ലീഗില്‍ കുതിക്കുകയാണ് ഡേവിഡ് ബെക്കാന്റെ ടീം. മെയ് അഞ്ചിന് ന്യൂ യോര്‍ക്ക് റെഡ്ബുല്‍സിനെതിരെയാണ് ഇന്റര്‍മയാമിയുടെ അടുത്ത മത്സരം.

Top