പാകിസ്താൻ ബന്ധം, ആയുധക്കടത്ത് ആരോപണം..! കർണാടകയിൽ 24കാരൻ അറസ്റ്റിൽ, അന്വേഷണം എൻ.ഐ.എയ്ക്ക്

പൊലീസ് ഉന്നയിക്കുന്ന ആരോപണങ്ങളും കുടുംബം നൽകുന്ന വിശദീകരണങ്ങളും ഉൾപ്പെടെ കേസിൽ ദേശീയ അന്വേഷണ ഏജൻസി അടക്കമുള്ള ഉന്നത ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുകയാണ്.

പാകിസ്താൻ ബന്ധം, ആയുധക്കടത്ത് ആരോപണം..! കർണാടകയിൽ 24കാരൻ അറസ്റ്റിൽ, അന്വേഷണം എൻ.ഐ.എയ്ക്ക്
പാകിസ്താൻ ബന്ധം, ആയുധക്കടത്ത് ആരോപണം..! കർണാടകയിൽ 24കാരൻ അറസ്റ്റിൽ, അന്വേഷണം എൻ.ഐ.എയ്ക്ക്

ബെംഗളൂരു: പാകിസ്താൻ കേന്ദ്രീകരിച്ചുള്ള തീവ്രവാദ സംഘടനകളുമായും അനധികൃത ആയുധക്കടത്ത് സംഘങ്ങളുമായും ബന്ധമുണ്ടെന്നാരോപിച്ച് കർണാടകയിൽ 24കാരനായ ബി.ബി.എ വിദ്യാർഥി അറസ്റ്റിൽ. ബീദർ ജില്ലയിലെ യെനക്കൂരു ഗ്രാമത്തിൽ നിന്നുള്ള വിശാൽ കുമാർ മെത്രെയെയാണ് ഖാതക് ചിഞ്ചോളി പൊലീസ് ഒക്ടോബർ രണ്ടിന് പുലർച്ചെ രഹസ്യനീക്കത്തിനൊടുവിൽ അറസ്റ്റ് ചെയ്തത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് പിന്നീട് പ്രതിയെ ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി.

വിശാലിന്റെ മൊബൈൽ ഫോണിൽ നടത്തിയ പരിശോധനയിൽ പാകിസ്താൻ ഭീകരൻ ഷെഹ്‌സാദ് ഭട്ടി, സഹായി റാണ ഹുനൈൻ, നോമി ഖാൻ എന്നിവരുമായി നടത്തിയ ചാറ്റുകൾ കണ്ടെത്തിയതായി പ്രാഥമിക അന്വേഷണത്തിൽ പൊലീസ് പറയുന്നു. റാണ ഹുനൈൻ അയച്ചുകൊടുത്ത ‘റഹേ ഹഖ്’, ‘റാണ ഭായ് 333’ എന്നീ വാട്‌സ്ആപ് ചാനലുകളിലും വിശാൽ അംഗമായിരുന്നുവെന്നാണ് കണ്ടെത്തൽ. രാജ്യവിരുദ്ധവും രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കുന്നതുമായ ദൃശ്യങ്ങളും പോസ്റ്റുകളും ഇയാൾ കണ്ടിരുന്നതായും എഫ്.ഐ.ആറിൽ പറയുന്നു. അഷു ശർമ്മ, രാജ് ഭായ് എന്ന ലക്കി സിങ് എന്നിവരുമായും ഇയാൾ ബന്ധപ്പെട്ടിരുന്നതായി അന്വേഷണസംഘം പറയുന്നു. 2025 ഡിസംബർ മുതൽ വിശാൽ പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

ALSO READ::ഞാൻ അമ്മയെ കൊന്നു’..! ലിംഗമാറ്റ ശസ്ത്രക്രിയയെ എതിർത്തതിൽ തർക്കം, 17-കാരൻ മാതാവിനെ റെഞ്ച് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

എന്നാൽ പൊലീസിന്റെ ആരോപണങ്ങൾ വിശാലിന്റെ കുടുംബം പൂർണമായി തള്ളി. കുടുംബസ്വത്ത് തർക്കത്തിന്റെ പേരിൽ കെട്ടിച്ചമച്ച കേസാണിതെന്നാണ് ബന്ധുക്കളുടെ ആരോപണം. വിശാൽ ബെംഗളൂരുവിൽ ജോലി ചെയ്യുന്നതിനൊപ്പം പഠിക്കുകയായിരുന്നുവെന്നും കുടുംബം പറയുന്നു. വീട് പരിശോധിച്ച പൊലീസ് കുടുംബാംഗങ്ങളെ അകാരണമായി ചോദ്യം ചെയ്തതായും ബന്ധുക്കൾ ആരോപിച്ചു. അതേസമയം, കുടുംബസ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് വിശാൽ സ്വന്തം പിതാവായ വിജയകുമാറിനെതിരെ ക്വട്ടേഷൻ നടത്താൻ പദ്ധതിയിട്ടിരുന്നതായ മറ്റൊരു കേസും നിലവിലുണ്ടെന്ന് പൊലീസ് പറയുന്നു.

മാതാവ് മഹാദേവിയെ ഉപേക്ഷിച്ച് പിതാവ് വീണ്ടും വിവാഹം കഴിച്ചതും കുടുംബസ്വത്തോ കൃഷിയിടമോ നൽകാത്തതുമാണ് ഇതിന് പിന്നിലെ വൈരാഗ്യമെന്നാണ് പൊലീസ് പറയുന്നത്. കേസിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ വകുപ്പുകൾക്കും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾക്കും കീഴിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പൊലീസ് ഉന്നയിക്കുന്ന ആരോപണങ്ങളും കുടുംബം നൽകുന്ന വിശദീകരണങ്ങളും ഉൾപ്പെടെ കേസിൽ ദേശീയ അന്വേഷണ ഏജൻസി അടക്കമുള്ള ഉന്നത ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുകയാണ്.

Share Email
Top