ന്യൂഡൽഹി: പഞ്ചാബ് ആം ആദ്മി പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടെന്ന ഊഹാപോഹങ്ങളിൽ സത്യമില്ലെന്ന് പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. ചൊവ്വാഴ്ച പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളിനെ ഡൽഹിയിലെ വസതിയിൽ സന്ദർശിച്ച ശേഷമാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന. പഞ്ചാബ് മുഖ്യമന്ത്രി പദവിയിൽ നിന്ന് തന്നെ മാറ്റുമെന്ന ഊഹാപോഹങ്ങളും അദ്ദേഹം അപ്പാടെ തള്ളിക്കളഞ്ഞു.
“പഞ്ചാബിൽ, വൈദ്യുതി, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം, ആശുപത്രികൾ തുടങ്ങിയ മേഖലകളിൽ ജനങ്ങളുടെ നന്മക്കായി പ്രവർത്തിക്കുന്ന ഒരു സർക്കാരാണ് നമുക്കുള്ളത്. ഞങ്ങൾ പ്രവർത്തിക്കുന്നു. അത് വേഗത്തിലാക്കും” – മുൻ ഡൽഹി മുഖ്യമന്ത്രിയുമായും മറ്റ് എ.എ.പി നേതാക്കളുമായും നടത്തിയ കൂടിക്കാഴ്ചക്കു ശേഷം മാധ്യമപ്രവർത്തകരോട് ഭഗവന്ത്മാൻ പറഞ്ഞു. പഞ്ചാബിൽ മുഖ്യമന്ത്രിയെ മാറ്റുമെന്ന ഊഹാപോഹങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, “അവർക്ക് എന്താണ് വേണ്ടതെന്ന് അവർ പറയട്ടെ” എന്നും മാൻ പറഞ്ഞു. പഞ്ചാബിൽ നിന്നുള്ള 30 എ.എ.പി എം.എൽ.എമാർക്ക് കോൺഗ്രസുമായി ബന്ധമുണ്ടെന്ന കോൺഗ്രസ് നേതാവ് പ്രതാപ് ബജ്‌വയുടെ പ്രസ്താവനയോട് “ഏകദേശം മൂന്ന് വർഷമായി അദ്ദേഹം ഇത് പറയുന്നുവെന്നും ഇത്തവണ അദ്ദേഹം തന്റെ പാർട്ടിയുടെ ഡൽഹിയിലെ പ്രകടനം നോക്കണം” എന്നുമാണ് ഭഗവന്ത് മാൻ പ്രതികരിച്ചത്.
Also Read : ‘ബീഹാർ എന്നും ബീഹാർ ആണ്, ബി.ജെ.പി അത് മനസ്സിലാക്കണം’: തേജസ്വി യാദവ്
“പഞ്ചാബിലെ ജനങ്ങൾ നിരവധി ദേശീയ സമരങ്ങളുടെ മുൻനിരയിൽ ഉണ്ടായിരുന്നു. ആം ആദ്മി പാർട്ടിയിൽ നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാർ പഞ്ചാബിൽ നിന്നുള്ളവരാണ്. ഞങ്ങൾക്ക് 92 എം.എൽ.എമാരുണ്ട്. ഞങ്ങൾ അടിത്തട്ടിൽ നിന്ന് ഉയർന്നു വന്നു. കോൺഗ്രസിന് എന്താണ് വേണ്ടതെന്ന് അവർ പറയട്ടെ” -അദ്ദേഹം പറഞ്ഞു.