ഡൽഹി: ഇന്ത്യയ്‌ക്കെതിരെ അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് തുടരുകയാണെങ്കിൽ പാകിസ്ഥാൻ എന്ന രാജ്യം തന്നെ ഇല്ലാതാകുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. കഴിഞ്ഞവർഷം പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ സൈന്യം നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാൻ ഭീകരർക്ക് അഭയം നൽകുന്നതും ഇന്ത്യക്കെതിരായ നീക്കങ്ങൾ തുടരുന്നതും അവസാനിപ്പിച്ചില്ലെങ്കിൽ, അവർ ‘ഭൂമിയുടെ ഭാഗമായി തുടരണോ അതോ ചരിത്രത്തിന്റെ ഭാഗമാകണോ’ എന്ന് സ്വയം തീരുമാനിക്കേണ്ടി വരുമെന്ന് കരസേനാ മേധാവി തുറന്നടിച്ചു. അതിർത്തി കടന്നുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഇന്ത്യ മുൻപത്തെക്കാൾ ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിലെ മനേക്ഷാ സെന്ററിൽ നടന്ന ‘സേന സംവാദ്’ പരിപാടിയിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് അദ്ദേഹം ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധ നയം വ്യക്തമാക്കിയത്.
കഴിഞ്ഞവർഷത്തെ ‘ഓപ്പറേഷൻ സിന്ദൂർ’ വീണ്ടും ആവർത്തിക്കേണ്ടിവരുമോ എന്ന ചോദ്യത്തിന്, ഇനി അത്തരമൊരു സാഹചര്യം ഉണ്ടായാൽ ഇന്ത്യയുടെ പ്രതികരണം പഴയതുപോലെ ആയിരിക്കില്ലെന്ന് ജനറൽ ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് കാണിച്ച സംയമനം ഇനി ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചാൽ പാകിസ്ഥാന് വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.






