ജയ്പൂർ: ആഭരണങ്ങൾ കവരാൻ രാജസ്ഥാനിൽ അറുപതുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തി. കൊഡ്യായി ഗ്രാമവാസിയായ കമല ദേവി എന്ന വയോധികയാണ് അക്രമികളുടെ ക്രൂരതയ്ക്ക് ഇരയായത്. ആറര ലക്ഷം രൂപ വിലമതിക്കുന്ന വെള്ളി കാൽത്തളകൾ ഊരിയെടുക്കാൻ കഴിയാത്തതിനെ തുടർന്ന് അക്രമികൾ ഇവരുടെ രണ്ട് കാലുകളും വെട്ടിമാറ്റുകയായിരുന്നു.
തിങ്കളാഴ്ച ആടുകളെ മേയ്ക്കാൻ വനത്തിലേക്ക് പോയതായിരുന്നു കമല ദേവി. വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മകൻ നടത്തിയ തിരച്ചിലിലാണ് ഗ്രാമത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ മൃതദേഹം കണ്ടെത്തിയത്. കാലുകൾ മുറിച്ചുമാറ്റി വെള്ളിത്തളകൾ കവർന്നതിന് പുറമെ, കമല ദേവി ധരിച്ചിരുന്ന 7.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ ലോക്കറ്റ്, കമ്മൽ, മൂക്കുത്തി എന്നിവയും അക്രമികൾ കൊള്ളയടിച്ചു. ശരീരത്തിലുണ്ടായിരുന്ന മുഴുവൻ ആഭരണങ്ങളും കവർന്ന ശേഷമാണ് പ്രതികൾ കടന്നുകളഞ്ഞത്. അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് നീൽ കമൽ മീനയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയെന്നും പോലീസ് അറിയിച്ചു.






