ദോഹ: കാൽപന്ത് മൈതാനിയിൽ ആവേശത്തീ പടർത്തിയ ഇതിഹാസതാരങ്ങൾ കൺമുന്നിൽ. ബാഴ്സലോണയുടെ വിഖ്യാതമായ മെറൂണും നീലയും കലർന്ന കുപ്പായത്തിൽ പത്താം നമ്പറിൽ റൊണാൾഡീന്യോ, നായകൻ റിവാൾഡോ, റോജർ ഗാർഷ്യ എന്നിവരെ ഒരേസമയം കളത്തിൽ കണ്ടപ്പോൾ കണ്ടു നിന്ന ആരാധകരുടെ കണ്ണ് തള്ളി എന്നാണ് വരുന്ന റിപ്പോർട്ടുകൾ.
ടികിടാകയിലൂടെ സ്പാനിഷ് കുപ്പായത്തിലും ബാഴ്സയിലും ഒരേകാലം കളിയഴക് തീർത്ത ഡേവിഡ് വിയ്യ മുതൽ എറിക് അബീദാലും പാബ്ലോ സോറിനും ഉൾപ്പെടുന്ന കാറ്റലോണിയയുടെ ആ ഇതിഹാസ നിര.
മറുപകുതിയിൽ പോർച്ചുഗലിന്റെ ഇതിഹാസം ലൂയി ഫിഗോയും ക്ലാരൻസ് സീഡോഫും റൗൾ ബ്രാവോയും മുതൽ ഗോൾ വലക്ക് കീഴെ സാക്ഷാൽ ഐകർ കസിയസ് വരെ അണിനിരന്ന റയൽ മഡ്രിഡ്.
Also Read:അമോറിമിന് കീഴിലെ കന്നിയങ്കം ഗംഭീരമാക്കി യുണൈറ്റഡ് ! ഗ്ലിംറ്റിനെ കീഴടക്കിയത് 3-2 ന്
വ്യാഴാഴ്ച രാത്രി നടന്ന ലെജൻഡ്സ് എൽ ക്ലാസികോ ലോകകപ്പ് ഫുട്ബോളും ഏഷ്യൻ കപ്പും ഉൾപ്പെടെ വമ്പൻ പോരാട്ടങ്ങൾ, വേദിയായ ഖത്തറിന്റെ മണ്ണിൽ ഏറെ സവിശേഷമായ ഒന്നായിരുന്നു.
ഖത്തറിലെ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നിറഞ്ഞ ഗാലറിക്ക് മുന്നിൽ സൂപ്പർതാരങ്ങൾ പ്രായം ഒട്ടും തളർത്താത്ത കളിമികവുമായി ആരാധകമനം കവർന്നു.
ആരാധകർ ആരാധയോടെ കണ്ടുനിന്ന മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ മനോഹരമായ ഫ്രീകിക്കിലൂടെ റൊണാൾഡീന്യോയും സോറിനും സ്കോർ ചെയ്തു. രണ്ടാം പകുതിയിൽ റയലിനായി ഫിഗോയും എഡ്വിൻ കോംഗോയും ഗോൾ നേടി. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ബാഴ്സലോണ ലെജൻഡ്സ് എൽ ക്ലാസികോ ജേതാക്കളാവുകയായിരുന്നു.