ഒരു രാഷ്ട്രീയനേതാവ് എന്ന നിലയിൽ പുലർത്തേണ്ട നൈതികത രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ലെങ്കിലും ചില കാര്യങ്ങൾ എന്തായാലും ഈ ഘട്ടത്തിൽ പറയാതിരിക്കാൻ കഴിയുകയില്ല. രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പരാതി നൽകിയ യുവതി എട്ടും പൊട്ടും തിരിയാത്ത ഒരു വ്യക്തിയല്ല. ആർജവത്തോട് കൂടി പൊതുമണ്ഡലത്തിൽ ഇടപെടുന്ന മാധ്യമ പ്രവർത്തകയാണ്. സ്ത്രീകളോട് മോശമായി പെരുമാറുന്നവരെ എങ്ങനെ ചോദ്യം ചെയ്യണമെന്നും നിലയ്ക്ക് നിർത്തണമെന്നും മാത്രമല്ല നിയമ പരമായി എങ്ങനെയൊക്കെ നേരിടാം എന്നതുവരെ കൃത്യമായി പൊതുസമൂഹത്തോട് പറഞ്ഞ് കൊടുക്കുന്നവരാണ് മാധ്യമ പ്രവർത്തകർ. ആ കൂട്ടത്തിൽപ്പെട്ട ഈ യുവതിയ്ക്ക് നേരെ പരാതിയിൽ പറഞ്ഞ പോലുള്ള കടന്നാക്രമണങ്ങൾ നേരിടേണ്ടി വന്നിരുന്നു എങ്കിൽ എന്തുകൊണ്ട് അപ്പോഴൊന്നും പരാതി നൽകിയില്ല എന്നത് വലിയ ചോദ്യമാണ്. ഗർഭിണി ആയതായാലും ആക്കിയതായാലും, അതിൽ സ്ത്രീക്ക് എതിർപ്പുണ്ടായിരുന്നു എങ്കിൽ പരാതി നൽകാൻ ഇത്രകാലം കാത്തിരിക്കേണ്ട ഒരു കാര്യവും ഉണ്ടായിരുന്നില്ല. ഗർഭഛിദ്രത്തിന് നിർബന്ധിച്ച് ഗുളിക കഴിപ്പിച്ചെങ്കിൽ അപ്പോൾ തന്നെ മറ്റൊന്നും നോക്കാതെ പരാതി നൽകാമായിരുന്നു. എന്നാൽ അതും ഇവിടെ സംഭവിച്ചിട്ടില്ല.
രാഹുൽ മാങ്കൂട്ടത്തിലിനെ ഭയന്നിട്ടാണ് പരാതി നൽകാതിരുന്നത് എന്നതാണ് വാദമെങ്കിൽ അതും ന്യായീകരിക്കപ്പെടുന്നതല്ല. കാരണം നടി ആക്രമിക്കപ്പെട്ട കേസ് വന്നപ്പോൾ സൂപ്പർതാരമായ ദിലീപിനെ അകത്താക്കിയ ഭരണകൂടമാണ് കേരളം ഭരിക്കുന്നത് എന്നത് മറന്ന് പോകരുത്. അതേ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രി ആയി തുടരുന്ന കാലത്ത് തന്നെയാണ് പരാതിക്കാരി പറഞ്ഞ ഈ കാര്യങ്ങൾ എല്ലാം നടന്നിരിക്കുന്നത്. സ്ത്രീകൾ നൽകുന്ന പരാതിയിൽ നടപടി സ്വീകരിക്കാത്ത പൊലീസ് ഉദ്യോഗസ്ഥരുടെ തൊപ്പി തെറിപ്പിച്ച ചരിത്രമുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.
ഇപ്പോൾ മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകാൻ തയ്യാറായ യുവതി അന്നേ പൊലീസ് സ്റ്റേഷനിൽ ഒരു പരാതി നൽകിയിരുന്നു എങ്കിൽ രാഹുൽ മാങ്കൂട്ടത്തിൽ ആ നിമിഷം തന്നെ അകത്താകുമായിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ സിനിമാരംഗത്തെ ഒരു ജൂനിയർ ആർട്ടിസ്റ്റ് ഉൾപ്പെടെ ആരോപണം ഉന്നയിച്ചപ്പോഴും ഈ യുവതി പരാതി നൽകാൻ തയ്യാറായിട്ടില്ല. പിന്നീട് ഇതേ യുവതിയുടെ ശബ്ദ സംഭാഷണവും രാഹുൽ മാങ്കൂട്ടത്തിലുമായുള്ള ചാറ്റും എന്ന നിലയിൽ വാർത്താ ചാനലുകൾ നിരന്തരം വാർത്തകൾ പുറത്ത് വിട്ടപ്പോഴും പൊലീസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചപ്പോഴും ഒന്നും തന്നെ മാധ്യമ പ്രവർത്തകയായ ഈ യുവതി പരാതി നൽകിയിട്ടില്ല. എന്തിനേറെ, ഒരു പ്രമുഖ വാർത്താ ചാനലിൻ്റെ അവതാരക നേരിട്ട് പോയി പരാതി നൽകാൻ ഈ യുവതിയോട് ആവശ്യപ്പെട്ടിട്ടുപോലും പരാതി നൽകാൻ അവർ വിസമ്മതിക്കുകയാണ് ഉണ്ടായത്.
ഈ കാലതാമസം തന്നെയാണ് ഇപ്പോൾ പരാതി നൽകാൻ അവരെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന രാഷ്ട്രീയ ചോദ്യത്തിനും കാരണമായിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പുമായും ശബരിമല വിവാദങ്ങളുമായി ചേർത്ത് ആരോപണങ്ങളും പ്രത്യോരോപണങ്ങളും നടക്കുന്നതും അതുകൊണ്ടാണ്.
ഭർത്തൃമതിയായ യുവതിയാണ് രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പരാതി നൽകിയിരിക്കുന്നത് എന്നതും അതീവ ഗൗരവമുള്ള കാര്യമാണ്. വിവാഹത്തിന് മുൻപ് അവർക്കിടയിൽ പ്രണയമോ അതല്ലെങ്കിൽ മറ്റെന്തുതന്നെ സംഭവിച്ചാലും വിവാഹ ശേഷം അത്തരം ഒരു ബന്ധവും തുടരാൻ പാടില്ലായിരുന്നു. ഇത്തരം തെറ്റായ ഒരു ബന്ധവും കേരളീയ സമൂഹം അംഗീകരിക്കില്ലന്നതും ഓർക്കുന്നത് നല്ലതാണ്.
രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണിപ്പെടുത്തിയും മറ്റും ഉപദ്രവിച്ചിട്ടുണ്ടെങ്കിൽ അത് യുവതിയുടെ ഭർത്താവ് അറിഞ്ഞിരുന്നുവോ? അല്ലെങ്കിൽ യുവതി ഭർത്താവിനോട് പറഞ്ഞിരുന്നുവോ എന്ന ചോദ്യവും ഇതിനകം തന്നെ ഉയർന്നുകഴിഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി യുവതിയുടെ ഭർത്താവാണ് യഥാർത്ഥ ഇര എന്ന വാദവും ചില കേന്ദ്രങ്ങൾ ഇപ്പോൾ ഉയർത്തി തുടങ്ങിയിട്ടുണ്ട്.
ഇപ്പോഴത്തെ ഈ വിവാദം, സാംസ്‌കാരിക കേരളത്തെ സംബന്ധിച്ച് തികച്ചും അപമാനകരമാണ് എന്നുതന്നെ പറയേണ്ടിവരും. ആരാണ് യഥാർത്ഥത്തിൽ തെറ്റ് ചെയ്തത് എന്നത് മാധ്യമ വിചാരണയിലല്ല തീരുമാനിക്കപ്പെടേണ്ടത്. അത് കോടതിക്കാണ് വിട്ട് കൊടുക്കേണ്ടത്. അതല്ലാതെ ചാനൽ അവതാരകർ ജഡ്ജിമാർ ചമയേണ്ടതില്ല. രാഹുൽ മാങ്കൂട്ടത്തിലിനെ അഴിക്കുള്ളിലാക്കണമോ എന്നത്, തെളിവുകൾ പരിശോധിച്ച് കോടതികൾ തീരുമാനിക്കട്ടെ. അതല്ലാതെ കേവല രാഷ്ട്രീയ നേട്ടത്തിനും രാഷ്ട്രീയ താൽപര്യങ്ങൾക്കും ചാനൽ റേറ്റിങ്ങിനും വ്യക്തി വിരോധങ്ങൾ തീർക്കാനുമായൊക്കെ ഈ സംഭവത്തെ വഴിതിരിച്ച് വിടാൻ ശ്രമിച്ചാൽ അതിന് ശ്രമിക്കുന്നവർക്ക് തന്നെയാണ് തിരിച്ചടിയുണ്ടാകുക.
ഇത്രയും കടുത്ത വകുപ്പുകൾ ചുമത്തി കേസെടുത്തിട്ട് പോലും കോടതി രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നൽകുന്ന സാഹചര്യം ഉണ്ടായാൽ അത് തദ്ദേശ തിരഞ്ഞെടുപ്പിൽ മാത്രമല്ല നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിനാണ് ‘പണിയാകുക’.
രാഹുൽ മാങ്കൂട്ടത്തിൽ ഏന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതെങ്ങനെയാണ് കോൺഗ്രസ്സിൻ്റെയും യു.ഡി.എഫിൻ്റെയും തെറ്റായി മാറുക? അങ്ങനെയെങ്കിൽ, പരാതികളിൽ പറഞ്ഞ സംഭവങ്ങളിൽ കടുപ്പം കുറവാണെങ്കിലും എം മുകേഷ് എം.എൽ.എയ്ക്ക് എതിരെയും എകെ ശശീന്ദ്രൻ എം.എൽ.എയ്ക്ക് എതിരെയും ഉയർന്ന് വന്നിരുന്ന പരാതികളിൽ ഇടതുപക്ഷമല്ലേ പ്രതിക്കൂട്ടിൽ നിൽക്കേണ്ടി വരുമായിരുന്നത്? ഇവർക്ക് എതിരെ ആരോപണവും പരാതിയും ഉയർന്ന ഘട്ടങ്ങളിൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കാൻ ഇടതുപക്ഷ നേതൃത്വം ആവശ്യപെട്ടിട്ടില്ലായിരുന്നു എന്നതും ഈ ഘട്ടത്തിൽ ഓർക്കുന്നത് നല്ലതാണ്. അന്ന് അത് ചെയ്തിരുന്നു എങ്കിൽ ഇന്ന് തല ഉയർത്തിപ്പിടിച്ചു തന്നെ ഇടതുപക്ഷത്തിന് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി ആവശ്യപ്പെടാമായിരുന്നു. ഇടതുപക്ഷത്തിൻ്റെ പൊതുവായ നയങ്ങളിൽ നിന്നും വ്യതിചലിച്ച തീരുമാനം അന്ന് എടുക്കേണ്ടി വന്നതുകൊണ്ടാണ് ഇന്ന് ഇടതുപക്ഷ അണികൾക്ക് പോലും ഉത്തരം മുട്ടി പോകുന്നത്.
ഇനി രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ യുവതി പരാതിയിൽ പറഞ്ഞ എല്ലാ കാര്യവും ഏകപക്ഷീയമായി തന്നെ ഒരു വാദത്തിനു വേണ്ടി അംഗീകരിച്ച് കൊടുത്താൽ പോലും ഭർത്തൃമതിയായ സ്ത്രീകൾ അതാരായാലും, മറ്റൊരു പുരുഷനുമായി ശാരീരികബന്ധം പുലർത്തുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയുകയില്ല. അത്തരം ചെയ്തികൾ മനുഷ്യരെ മനുഷ്യരല്ലാത്ത സാഹചര്യത്തിലേക്കാണ് കൊണ്ടു പോകുക. അതും ഓർക്കുന്നത് നല്ലതായിരിക്കും.
EXPRESS VIEW
വീഡിയോ കാണാം…






