കോൺഗ്രസ്സിലെ ‘കസേരകളിയിൽ’ നേട്ടം കൊയ്യാൻ ഇടതുപക്ഷം, മൂന്നാംമൂഴം പ്രതിപക്ഷം തന്നെ നൽകുമോ ?

യു.ഡി.എഫിന് അധികാരം ലഭിച്ചാൽ ചെന്നിത്തലയെയും വി.ഡി സതീശനെയും തമ്മിലടിപ്പിച്ച് അതിനിടയിലൂടെ കേരളത്തിൽ ലാൻഡ് ചെയ്യാനാണ് കെ.സി വേണുഗോപാലിൻ്റെ ശ്രമം. മുൻപ് കേന്ദ്രമന്ത്രി സ്ഥാനം രാജി വെച്ച് എ.കെ ആൻ്റണി മുഖ്യമന്ത്രിയായതു പോലുള്ള ഒരു സ്ഥാനമേറ്റെടുക്കലിനായാണ് അദ്ദേഹം കാത്തിരിക്കുന്നത്

കോൺഗ്രസ്സിലെ ‘കസേരകളിയിൽ’ നേട്ടം കൊയ്യാൻ ഇടതുപക്ഷം, മൂന്നാംമൂഴം പ്രതിപക്ഷം തന്നെ നൽകുമോ ?
കോൺഗ്രസ്സിലെ ‘കസേരകളിയിൽ’ നേട്ടം കൊയ്യാൻ ഇടതുപക്ഷം, മൂന്നാംമൂഴം പ്രതിപക്ഷം തന്നെ നൽകുമോ ?

പ്പോഴില്ലെങ്കിൽ ഇനിയൊരിക്കലുമില്ല എന്ന തിരിച്ചറിവ് പോലും ഇനിയും കോൺഗ്രസ്സ് നേതൃത്വത്തിന് ഉണ്ടായിട്ടില്ലങ്കിൽ അത് വല്ലാത്ത കഷ്ടം തന്നെയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒന്നേകാൽ വർഷം മാത്രം അവശേഷിക്കേ മുഖ്യമന്ത്രി പദം മുന്നിൽ കണ്ട് ഇപ്പോഴേ കോൺഗ്രസ്സിൽ അടി തുടങ്ങി കഴിഞ്ഞു. സകല ജാതി – മത ശക്തികളെയും കൂട്ട് പിടിച്ച് ഹൈക്കമാൻ്റിനെ സമ്മർദ്ദത്തിലാക്കാനാണ് നിലവിൽ കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾ ശ്രമിക്കുന്നത്.

എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും ഒപ്പം നിർത്തിയുള്ള നീക്കമാണ് രമേശ് ചെന്നിത്തല നടത്തുന്നത്. 2026-ൽ യു.ഡി.എഫിന് അധികാരം ലഭിച്ചാൽ മുഖ്യമന്ത്രി പദത്തിൽ കുറഞ്ഞൊന്നും അദ്ദേഹം ആഗ്രഹിക്കുന്നില്ല. പ്രതിപക്ഷ നേതൃസ്ഥാനം വി.ഡി സതീശൻ തട്ടിയെടുത്തത് പോലെ, മുഖ്യമന്ത്രി സ്ഥാനം കൈവിട്ട് പോകരുതെന്നത്, ഇപ്പോൾ ചെന്നിത്തലയുടെ വാശി കൂടിയാണ്. അതിനുള്ള കരുക്കളാണ് അദ്ദേഹം നീക്കി കൊണ്ടിരിക്കുന്നത്. 2026 കഴിഞ്ഞാൽ, പിന്നെ തനിക്കൊരു അവസരം ഇല്ലെന്ന യാഥാർത്ഥ്യവും രമേശ് ചെന്നിത്തല തിരിച്ചറിയുന്നുണ്ട്.

VD Satheesan

കോൺഗ്രസ്സിൽ പ്രതിപക്ഷ നേതാവായിരുന്ന നേതാക്കളെല്ലാം പിന്നീട് മുഖ്യമന്ത്രിമാരായിട്ടുണ്ട്. ആ ചരിത്രമാണ് മുൻ പ്രതിപക്ഷ നേതാവ് കൂടിയായ ചെന്നിത്തലയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവായ വി.ഡി സതീശനും ആഗ്രഹിക്കുന്നത്. സതീശന് മുൻപ് പ്രതിപക്ഷ നേതാവായ ആൾ എന്ന നിലയിലും, സീനിയർ നേതാവാണ് എന്ന പരിഗണനയും തനിക്ക് ലഭിക്കണമെന്നതാണ് രമേശ് ചെന്നിത്തലയുടെ ആഗ്രഹം. ഈ ആഗ്രഹം സഫലമാക്കാൻ എന്ത് കാർഡും അദ്ദേഹം ഇറക്കും.

Also Read: മണിപ്പൂരിൽ തല വേദനയായി മ്യാൻമറും!

ഒരേസമയം എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും ഒപ്പം നിർത്തിയും ലീഗിനെ കൂട്ട് പിടിച്ചും മുന്നോട്ട് പോകാൻ ശ്രമിക്കുന്ന ചെന്നിത്തലയുടെ പുതിയ നീക്കം വി.ഡി സതീശൻ – കെ.സി വേണുഗോപാൽ ചേരിക്ക് വലിയ വെല്ലുവിളിയാണ്. നീണ്ട 11 വർഷത്തിന് ശേഷമാണ് എൻ.എസ്.എസ് നേതൃത്വവുമായി രമേശ് ചെന്നിത്തല ഇപ്പോൾ വീണ്ടും അടുത്തിരിക്കുന്നത്. ജനുവരി രണ്ടിന് നടക്കുന്ന മന്നം ജയന്തി ആഘോഷത്തിൽ മുഖ്യ പ്രഭാഷകനായാണ് അദ്ദേഹത്തെ ക്ഷണിച്ചിരിക്കുന്നത്. സാധാരണ ഗതിയിൽ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ്സ് നേതൃത്വം പരിഗണിക്കില്ല എന്ന് തിരിച്ചറിഞ്ഞാണ്, സമുദായ കാർഡിറക്കാൻ ചെന്നിത്തല ശ്രമിക്കുന്നത്.

Ramesh Chennithala

യൂത്ത് കോൺഗ്രസ്സ് ദേശീയ അദ്ധ്യക്ഷനായിരിക്കെ, മമത ബാനർജി, അശോക് ചവാൻ, കിരൺകുമാർ റെഡ്ഡി എന്നീ പ്രമുഖ നേതാക്കളെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവന്ന രമേശ് ചെന്നിത്തല നിരവധി തവണ എം.എൽ.എ ആയും എം.പിയായും പ്രവർത്തിച്ചിട്ടുണ്ട്. തൻ്റെ മുപ്പതാംവയസ്സിൽ കരുണാകരൻ്റെ മന്ത്രിസഭയിൽ അംഗമാകാനും പിന്നീട്, എ.ഐ.സി.സി സെക്രട്ടറിയാകാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 2011-ലാണ് അദ്ദേഹം വീണ്ടും മന്ത്രിയാകുന്നത്. അതാകട്ടെ, ഉമ്മൻ ചാണ്ടി മന്ത്രിസഭയിലുമായിരുന്നു. ചെന്നിത്തലയുടെ പാർട്ടിയിലെ ഈ അനുഭവവും സീനിയോററ്റിയും, മുഖ്യമന്ത്രി കസേര ആഗ്രഹിക്കുന്ന മറ്റു കോൺഗ്രസ്സ് നേതാക്കൾക്ക് ഇല്ലെന്നതും, ഒരു യാഥാർത്ഥ്യം തന്നെയാണ്.

രമേശ് ചെന്നിത്തല പാർട്ടിയിൽ തൻ്റെ എതിരാളികളായി കാണുന്ന വി.ഡി സതീശനും കെസി വേണുഗോപാലും ഒരു കാലത്ത് അദ്ദേഹത്തിൻ്റെ കീഴിൽ, കോൺഗ്രസ്സിലെ മൂന്നാം ഗ്രൂപ്പിൽ പ്രവർത്തിച്ചവരാണ്. നിലവിൽ ഇപ്പോൾ, കോൺഗ്രസ്സിൽ പരമ്പരാഗത ഗ്രൂപ്പുകൾ ശക്തമല്ല. വ്യക്തി കേന്ദ്രികൃത ഗ്രൂപ്പുകളാണുള്ളത്. അതിൽ ശക്തൻ വി.ഡി സതീശൻ തന്നെയാണ്. എ ഗ്രൂപ്പിലെയും ഐ ഗ്രൂപ്പിലെയും യുവ നേതാക്കളെ ഉൾപ്പെടെ ഒപ്പം നിർത്താൻ സതീശന് കഴിഞ്ഞിട്ടുണ്ട്. എ.ഐ.സി.സി ജനറൽ സെക്രട്ടറി എ നിലയിൽ കെ.സി വേണുഗോപാലിനും കെ.പി.സി.സി അദ്ധ്യക്ഷൻ എന്ന നിലയിൽ കെ സുധാകരനും, സംഘടനയിൽ സ്വാധീനമുണ്ട്. ഉമ്മൻ ചാണ്ടിയുടെ മരണത്തോടെ അനാഥമായ എ ഗ്രൂപ്പിനെ ശക്തമാക്കാൻ, അണിയറയിൽ തിരക്കിട്ട ശ്രമങ്ങളും ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

K Sudhakaran

പഴയ ഐ-എ ഗ്രൂപ്പ് നേതാക്കളെ അടർത്തിയെടുക്കുന്ന വി.ഡി സതീശൻ, സമുദായ നേതാക്കളുടെ തിണ്ണനിരങ്ങാൻ താനില്ലെന്ന നിലപാട് സ്വീകരിക്കുമ്പോഴും, ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സംഗമമായ മാരാമൺ കൺവൻഷനിൽ പങ്കെടുക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. 135 വർഷമായി മാരാമൺ കൺവൻഷൻ നടക്കുന്നുണ്ട്. ഇതിൽ പ്രസംഗിക്കാനായി ഇതുവരെ ക്ഷണിക്കപ്പെട്ട നേതാക്കൾ രണ്ടേ രണ്ടുപേർ മാത്രമാണ്. അതിൽ ഒന്ന് സി.അച്യുതമേനോനാണ്. 1974-ൽ മുഖ്യമന്ത്രിയായിരിക്കെ ആയിരുന്നു അദ്ദേഹം മാരാമൺ കൺവൻഷനിൽ പ്രസംഗിച്ചിരുന്നത്.

2023- ൽ അവരുടെ യുവജന കൺവൻഷനിൽ ശശി തരൂരിനും അവസരം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ മൂന്നാമതായാണ് വി.ഡി സതീശന് അവസരം ലഭിച്ചിരിക്കുന്നത്. ഈ വാർത്ത പുറത്ത് വന്ന ഉടനെ തന്നെയാണ് എൻ.എസ്.എസ് സംഘടിപ്പിക്കുന്ന മന്നംജയന്തി പരിപാടിയിൽ ചെന്നിത്തല മുഖ്യ പ്രഭാഷണം നടത്തുമെന്ന വാർത്തയും പുറത്ത് വന്നിരിക്കുന്നത്. ഇതിന് പിന്നാലെ, ചെന്നിത്തലയെ പിന്തുണച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്ത് വരികയാണുണ്ടായത്. മുന്നോക്ക – പിന്നോക്ക വിഭാഗങ്ങളുടെ പിന്തുണയുള്ള നേതാവാണ് താനെന്ന് തുറന്ന് കാട്ടാനാണ് ഇതുവഴി രമേശ് ചെന്നിത്തല ശ്രമിച്ചിരിക്കുന്നത്.

Shashi Tharoor

ക്രൈസ്തവരെ ഒപ്പം നിർത്താൻ വി.ഡി സതീശനും, ഹൈന്ദവ സംഘടനകളെ ഒപ്പം നിർത്താൻ ചെന്നിത്തലയും ശ്രമിക്കുമ്പോൾ എവിടേക്കാണ് തൂക്കം എന്നു നോക്കി മാത്രം നിലപാട് സ്വീകരിക്കാനാണ് മുസ്ലീം ലീഗ് ശ്രമിക്കുന്നത്. യു.ഡി.എഫ് സംവിധാനത്തിൽ ലീഗ് നിർണ്ണായക ശക്തിയാണെങ്കിലും കോൺഗ്രസ്സിൻ്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ലീഗിന് വലിയ റോളുണ്ടാവാൻ സാധ്യതയില്ല. അതേസമയം, 2026-ൽ ഭരണം കിട്ടിയാൽ ഉപമുഖ്യമന്ത്രി പദത്തിന് ലീഗ് അവകാശവാദം ഉന്നയിക്കാൻ സാധ്യതയുണ്ട്. ലീഗിനും 2026- നിർണ്ണായകമാണ്. 2026-ൽ പരാജയപ്പെട്ടാൽ, കോൺഗ്രസ്സിൽ മാത്രമല്ല, ലീഗിലും വലിയ കലഹമുണ്ടാകും. ഇരുപാർട്ടികളിലും പിളർപ്പിനും സാധ്യതയുണ്ട്.

തിരഞ്ഞെടുപ്പിന് ഒന്നേകാൽ വർഷം ബാക്കി നിൽക്കെ ഇതാണ് യു.ഡി.എഫിലെ സ്ഥിതിയെങ്കിൽ തിരഞ്ഞെടുപ്പിനോട് അടുക്കുമ്പോഴും സീറ്റ് നിർണ്ണയത്തിലും എന്താകും സ്ഥിതി എന്നത് കണ്ട് തന്നെ അറിയണം. പരസ്പര പാരവയ്പും കാലുവാരലും ഏറ്റവും കൂടുതൽ നടക്കാൻ പോകുന്നത് കോൺഗ്രസ്സിൽ തന്നെയാണ്. രമേശ് ചെന്നിത്തലയെയും വി.ഡി സതീശനെയും തോൽപ്പിക്കാൻ ഇരുവിഭാഗവും പരസ്പരം ശ്രമിച്ചാൽ പോലും അത്ഭുതപ്പെടേണ്ടതില്ല. അഥവാ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാൽ തിരഞ്ഞെടുപ്പിന് ശേഷമുള്ള എം.എൽ.എമാരുടെ തലയെണ്ണൽ നിർണ്ണായകമാകും എന്നതിനാൽ എതിർ ചേരിയിലെ സ്ഥാനാർത്ഥികളെ ലക്ഷ്യമിട്ടും കോൺഗ്രസ്സിൽ കാലുവാരലുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. അങ്ങനെ സംഭവിച്ചാൽ, 10 വർഷത്തെ ഇടതുപക്ഷ സർക്കാരിൻ്റെ ഭരണത്തിന് തിരശ്ശീല വീഴുമെന്ന യു.ഡി.എഫിൻ്റെയും മാധ്യമങ്ങളുടെയും പ്രതീക്ഷകൾക്ക് അത്തരം നീക്കങ്ങളും വലിയ തിരിച്ചടിയുണ്ടാക്കും.

Also Read: ആഗോള സാമ്പത്തിക രംഗത്തെ ഇന്ത്യൻ കുതിപ്പ്

ഇനി യു.ഡി.എഫിന് ഭരണം ലഭിച്ചാൽ പോലും, എം.എൽ.എമാർ ചേരി തിരിഞ്ഞ് പ്രതിസന്ധി സൃഷ്ടിക്കുമെന്ന കാര്യവും ഉറപ്പാണ്. കാരണം, ഇത്തവണ രമേശ് ചെന്നിത്തല ഒരു കാരണവശാലും വീട്ടുവീഴ്ചക്ക് തയ്യാറാകില്ല. കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും കെ സുധാകരനെ മാറ്റേണ്ടതില്ലന്ന് ചെന്നിത്തലയും കെ.മുരളീധരനും നിലപാട് എടുത്തതും പാർട്ടികൂടി സതീശൻ്റെ പിടിയിൽ പെടാതിരിക്കാനാണ്. സ്ഥാനാർത്ഥി നിർണ്ണയങ്ങളിലും ഭാരവാഹികളെ നോമിനേറ്റ് ചെയ്യുന്നതിലും കെ.പി.സി.സി അദ്ധ്യക്ഷനും നിർണ്ണായക റോൾ ഉള്ളതിനാൽ, സതീശൻ വിരുദ്ധനായ കെ സുധാകരൻ തുടരട്ടെ എന്നതാണ് സതീശൻ വിരുദ്ധരുടെ തീരുമാനം.

k muraleedharan

അതേസമയം, യു.ഡി.എഫിന് അധികാരം ലഭിച്ചാൽ ചെന്നിത്തലയെയും വി.ഡി സതീശനെയും തമ്മിലടിപ്പിച്ച് അതിനിടയിലൂടെ കേരളത്തിൽ ലാൻഡ് ചെയ്യാനാണ് കെ.സി വേണുഗോപാലിൻ്റെ ശ്രമം. മുൻപ് കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച് എ.കെ ആൻ്റണി മുഖ്യമന്ത്രിയായതു പോലുള്ള ഒരു സ്ഥാനമേറ്റെടുക്കലിനായാണ് അദ്ദേഹം കാത്തിരിക്കുന്നത്. കോൺഗ്രസ്സ് വർക്കിങ് കമ്മിറ്റി അംഗമായ ശശി തരൂരിൻ്റെ പ്രതീക്ഷയും വി.ഡി സതീശൻ – ചെന്നിത്തല പോരിൽ തന്നെയാണ്. സ്ഥാനമോഹികളായ എല്ലാ കോൺഗ്രസ്സ് നേതാക്കളും സ്വന്തം ചേരികളുണ്ടാക്കി കുതന്ത്രങ്ങൾ മെനയുമ്പോൾ ഇതിനിടയിലൂടെ, ഭരണത്തിൽ ഒരു മൂന്നാം ഊഴമാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. കോൺഗ്രസ്സിൽ അധികാരത്തിനായി അടി മൂക്കുമ്പോൾ സഹികെട്ട ജനങ്ങൾ ഇടതുപക്ഷത്തിന് തന്നെ വീണ്ടും വോട്ട് ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷ നേതൃത്വമുള്ളത്.

വീഡിയോ കാണാം

Share Email
Top