കേരള യൂണിവേഴ്സിറ്റിയിലെ ജോണ്‍ ബ്രിട്ടാസിന്റെ പ്രഭാഷണം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബിജെപി

കേരള യൂണിവേഴ്സിറ്റിയിലെ ജോണ്‍ ബ്രിട്ടാസിന്റെ പ്രഭാഷണം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബിജെപി

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയില്‍ ജോണ്‍ ബ്രിട്ടാസ് എംപി പ്രഭാഷണം നടത്തിയതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബിജെപി. പരിപാടി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമെന്നാണ് ബിജെപി ഉന്നയിക്കുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള സര്‍ക്കാര്‍ ജീവനക്കാരാണ് രാഷ്ട്രീയ യോഗം നടത്തിയതെന്നും യൂണിവേഴ്സിറ്റിക്ക് ഉള്ളിലാണ് പരിപാടി സംഘടിപ്പിച്ചതെന്നും അതിനാല്‍ അടിയന്തര നടപടി വേണമെന്നുമാണ് ബിജെപിയുടെ ആവശ്യം.

കേരള വൈസ് ചാന്‍സലറുടെ വിലക്ക് ലംഘിച്ചാണ് ജോണ്‍ ബ്രിട്ടാസ് യൂണിവേഴ്‌സിറ്റിയില്‍ പ്രഭാഷണത്തിനെത്തിയത്. ‘ഇന്ത്യന്‍ ജനാധിപത്യം, വെല്ലുവിളികളും കടമകളും’ എന്ന വിഷയത്തിലുള്ള പ്രഭാഷണം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടികാട്ടി നേരത്തെ കേരള വി സി വിലക്കിയിരുന്നു. വിലക്ക് ലംഘിച്ച് യോഗം നടത്തിയത് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും തുടര്‍നടപടി കമ്മീഷന്‍ സ്വീകരിക്കട്ടെ എന്നുമാണ് സര്‍വകലാശാലയുടെ നിലപാട്.

വിദേശത്ത് തിരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികളെ വിളിച്ച് സംവാദങ്ങളും പ്രഭാഷങ്ങളും സംഘടിപ്പിക്കാറുണ്ട്. സര്‍വകലാശാലകള്‍ അവരുടെ ദൗത്യം ഏറ്റെടുക്കാതെ പോകുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഇവിടെ നടക്കുന്നതെന്നാണ് വിലക്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരോക്ഷമായി ജോണ്‍ ബ്രിട്ടാസ് സൂചിപ്പിച്ചത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനെ പോലുള്ളവര്‍ ഇരിക്കേണ്ട കസേരകളില്‍ അതിന് വിരുദ്ധമായി ചിന്തിക്കുന്നവര്‍ ഇരിക്കുമ്പോഴുണ്ടാകുന്ന ദുരവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്നും ബ്രിട്ടാസ് വിമര്‍ശിച്ചിരുന്നു.

48 മണിക്കൂറിനപ്പുറത്തേക്ക് ഒരു കലാപം നീങ്ങിയാല്‍ അതിനര്‍ത്ഥം ശക്തരായ കരങ്ങള്‍ അതിനു പിന്നില്‍ ഉണ്ടെന്നാണെന്ന് മണിപ്പൂര്‍ കലാപം ചൂണ്ടിക്കാണിച്ച് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. 11 മാസമായി മണിപ്പൂര്‍ കത്തുന്നു. ഇതിന് പിന്നില്‍ ആരെന്ന് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ടേയെന്നും ബ്രിട്ടാസ് ചോദിച്ചു. ആ ജനതയെ കൈപിടിച്ചുയര്‍ത്തേണ്ട ഉത്തരവാദിത്വം പാര്‍ലമെന്റില്‍ ഉണ്ട്. ദൗര്‍ഭാഗ്യവശാല്‍ അത് നടക്കുന്നില്ല. തന്റെ വകുപ്പിനെ കുറിച്ചുള്ള ഒരു ചോദ്യത്തോടു പോലും പ്രധാനമന്ത്രി മറുപടി പറഞ്ഞിട്ടില്ലെന്നും ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാണിച്ചു. മതപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദിയല്ല പാര്‍ലമെന്റ് എന്നാണ് തന്റെ നിലപാടെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി.

Top