ലഹരിയിൽ ആരെയും തിരിച്ചറിഞ്ഞില്ലെന്ന് മൊഴി! അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിയത് 47 തവണ; മുഖം വികൃതമാക്കി

ഗുരുതരമായി പരിക്കേറ്റ അമ്മ നിലവിൽ ചികിത്സയിലാണ്

ലഹരിയിൽ ആരെയും തിരിച്ചറിഞ്ഞില്ലെന്ന് മൊഴി! അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിയത് 47 തവണ; മുഖം വികൃതമാക്കി
ലഹരിയിൽ ആരെയും തിരിച്ചറിഞ്ഞില്ലെന്ന് മൊഴി! അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിയത് 47 തവണ; മുഖം വികൃതമാക്കി

ആലപ്പുഴ: കായംകുളം പുല്ലുകുളങ്ങരയിൽ അഭിഭാഷകനായ മകൻ അച്ഛനെ കൊലപ്പെടുത്തിയത് അതിക്രൂരമായി. അച്ഛൻ നടരാജനെ (60) മകൻ നവജിത്ത് (30) വെട്ടിയത് 47 തവണയാണെന്ന് പോലീസ് അറിയിച്ചു. നടരാജന്റെ മുഖവും തലയും വെട്ടി വികൃതമാക്കിയ നിലയിലായിരുന്നു. പ്രതി അതിമാരകമായ ലഹരിമരുന്നാണ് ഉപയോഗിച്ചിരുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. ലഹരി ഉപയോഗിച്ചതിന് പിന്നാലെയാണ് 30കാരനായ നവജിത്ത് ഈ ക്രൂരകൃത്യം ചെയ്തത്. “അച്ഛനാണോ അമ്മയാണോ എന്നുപോലും തനിക്ക് തിരിച്ചറിയാനായില്ല” എന്നാണ് യുവാവ് പോലീസിന് നൽകിയ ഞെട്ടിക്കുന്ന മൊഴി.

ക്രൂരതയുടെ മണിക്കൂറുകൾ

ലഹരിയുടെ സ്വാധീനത്തിലായിരുന്ന നവജിത്ത് അച്ഛനെ വെട്ടി മുഖം വികൃതമാക്കി. നടരാജന്റെ കണ്ണുകൾ അടക്കം വെട്ടിയതിനാൽ പുറത്തേക്ക് തള്ളിയ അവസ്ഥയിലായിരുന്നു. കൈപ്പത്തിയും വെട്ടിമാറ്റിയ നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമ്മ നിലവിൽ ചികിത്സയിലാണ്. അമ്മയുടെ വിരലുകളെല്ലാം അറുത്തു മുറിച്ച നിലയിലായിരുന്നു. ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാനിരിക്കെ, നവംബർ 30-ന് രാത്രിയിലാണ് നവജിത്ത് അച്ഛനെ കൊലപ്പെടുത്തുകയും അമ്മയെ പരിക്കേൽപിക്കുകയും ചെയ്തത്.

Also Read: ഗർഭിണി തീപ്പൊള്ളലേറ്റ് മരിച്ച സംഭവം; ഭർതൃമാതാവ് അറസ്റ്റിൽ

നാട്ടുകാർ കണ്ട ദൃശ്യം

രാവിലെ മുതൽ നവജിത്ത് വീട്ടിലിരുന്ന് മദ്യപിക്കുകയും ലഹരിമരുന്ന് ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇത് മാതാപിതാക്കൾ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് ഇടയാക്കിയത്. വീടിനുള്ളിൽ നിന്ന് ബഹളം കേട്ടെത്തിയ നാട്ടുകാർ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തേക്ക് കയറിയപ്പോഴാണ് ചോരയിൽ കുളിച്ച്, കയ്യിൽ കത്തിയുമായി നിൽക്കുന്ന നവജിത്തിനെ കണ്ടത്.

അകത്ത് രണ്ടു ഡമ്മികൾ ഉണ്ടെന്നാണ് ചോരയിൽ കുളിച്ചു നിൽക്കുകയായിരുന്ന നവജിത്ത് നാട്ടുകാരോട് പറഞ്ഞത്. പോലീസ് എത്തിയതിന് പിന്നാലെ വീടിന്റെ മുകൾ നിലയിലേക്ക് പോയ നവജിത്തിനെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കാനായത്. മാവേലിക്കര കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന നവജിത്തിന് രണ്ട് സഹോദരങ്ങളുമുണ്ട്.

Share Email
Top