ടൊയോട്ട ക്യാമ്രി ഹൈബ്രിഡ് കേരളത്തില്‍ പുറത്തിറക്കി. നിപ്പോണ്‍ ടൊയോട്ടയുടെ ആസ്ഥാനമായ കളമശേരിയിലെ നിപ്പോണ്‍ ടവേഴ്‌സില്‍ വെച്ചാണ് ക്യാമ്രി ഹൈബ്രിഡ് പുറത്തിറക്കിയത്. ഒരു വര്‍ഷത്തിലേറെയായി രാജ്യാന്തര വിപണിയിലുള്ള ടൊയോട്ട ക്യാമ്രി ഹൈബ്രിഡ് കഴിഞ്ഞ മാസം ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. മൂന്നു പതിറ്റാണ്ടിലേറെയായി സെഡാനുകളിലെ രാജാവായി അറിയപ്പെടുന്ന ടൊയോട്ട ക്യാമ്രി ഹൈബ്രിഡിന്റെ ഏറ്റവും പുതിയ മോഡല്‍ 48 ലക്ഷം രൂപക്കാണ് ഇന്ത്യയില്‍ എത്തിയത്.
നിരവധി മാറ്റങ്ങളുമായാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത്. ക്യാമ്രിയുടെ മുന്‍ഭാഗം മുതല്‍ മാറ്റങ്ങളുണ്ട് C രൂപത്തിലുള്ള ഡിആര്‍എല്ലുകളും മെലിഞ്ഞ ഹെഡ്‌ലൈറ്റുകളും മാറ്റങ്ങളാണ്. ഹെഡ്‌ലൈറ്റുകളെ ബന്ധിപ്പിക്കുന്ന ബ്ലാക്ക് എലമെന്റ്‌സ് പുതിയ ഗ്രില്‍ കൂടുതല്‍ എടുത്തു കാണിക്കുന്നു. പിന്നിലേക്ക് വന്നാല്‍ ബംപറിന്റെ ഡിസൈനിലും ടെയില്‍ ലൈറ്റിലും മാറ്റങ്ങളുണ്ട്.
Also Read: വീണ്ടും നമ്പർ വൺ ആയി ഹോണ്ട ആക്ടിവ!
4,920 എംഎം നീളവും 1,840എംഎം വീതിയും 1,445എംഎം ഉയരവുമുള്ള വാഹനമാണ് ടൊയോട്ട ക്യാമ്രി. വീല്‍ബേസ് 2,825എംഎം. ടൊയോട്ടയുടേയും ആഡംബര വിഭാഗമായ ലെക്‌സസിന്റേയും നിരവധി മോഡലുകള്‍ പുറത്തിറങ്ങുന്ന ടിഎന്‍ജിഎ-കെ പ്ലാറ്റ്‌ഫോമിലാണ് ക്യാമ്രി ഹൈബ്രിഡിനെ ഒരുക്കിയിരിക്കുന്നത്. ഉള്ളിലേക്കു വന്നാല്‍ രണ്ട് 7 ഇഞ്ച് സ്‌ക്രീനുകളാണ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററായി പ്രവര്‍ത്തിക്കുന്നത്.
12.3 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം. ഹെഡ്‌സ്അപ് ഡിസ്‌പ്ലേ, വെന്റിലേറ്റഡ് സീറ്റിങ്, ഇലക്ട്രോണിക് ഡ്രൈവ് സീറ്റ് അഡ്ജസ്റ്റ്‌മെന്റ്, വയര്‍ലെസ് ചാര്‍ജര്‍, 3 സോണ്‍ എസി, 9 സ്പീക്കര്‍ ജെബിഎല്‍ ഓഡിയോ സിസ്റ്റം, ഓണ്‍ബോര്‍ഡ് നാവിഗേഷന്‍ സര്‍വീസ് വിത്ത് പേഴ്‌സണലൈസ്ഡ് അസിസ്റ്റ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.