മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘L366’ (താൽക്കാലിക പേര്) എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ വിജയകരമായി പൂർത്തിയായി. 55 ദിവസം നീണ്ടുനിന്ന ചിത്രീകരണത്തിന് ശേഷം സിനിമയുടെ അണിയറപ്രവർത്തകർ ഇപ്പോൾ ചെറിയൊരു ഇടവേളയിലാണ്. അടുത്ത ഷെഡ്യൂൾ മേയ് അഞ്ചിന് പുനരാരംഭിക്കുമെന്ന് നിർമ്മാതാക്കളായ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് അറിയിച്ചു.
അടുത്തിടെ പുറത്തിറങ്ങിയ മോഹൻലാലിന്റെ പൊലീസ് ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ‘ടി. എസ്. ലവ് ലാജൻ’ എന്ന കഥാപാത്രമായി ലാലേട്ടൻ വീണ്ടും സ്‌ക്രീനിൽ വിസ്മയിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അടുത്ത ഷെഡ്യൂളിൽ സിനിമയിലെ അതീവ പ്രാധാന്യമുള്ള രംഗങ്ങൾ ചിത്രീകരിക്കാനാണ് പദ്ധതിയിടുന്നത്.
രതീഷ് രവി തിരക്കഥയൊരുക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ഷാജി കുമാറാണ്. ജേക്സ് ബിജോയ് സംഗീതവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ബിനു പപ്പു സഹസംവിധായകനായും വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനറായും പ്രവർത്തിക്കുന്നു. ഗോകുൽദാസ് (ആർട്ട്), മഷർ ഹംസ (കോസ്റ്റ്യൂം), റോണക്സ് സേവ്യർ (മേക്കപ്പ്) എന്നിങ്ങനെ മലയാള സിനിമയിലെ പ്രമുഖ സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിന് പിന്നിൽ അണിനിരക്കുന്നത്.






