സംസ്ഥാന സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചു. ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഉയർന്ന ശ്രേണിയിലുള്ള ബസുകളിലും റിസർവേഷൻ സൗകര്യമുള്ള സർവീസുകളിലും സൗജന്യ യാത്ര അനുവദിക്കുന്നത് അപ്രായോഗികമാണെന്നും അത് സർവീസ് രംഗത്ത് വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്നും കെഎസ്ആർടിസി വിദഗ്ധ സമിതി വിലയിരുത്തി. ഈ പശ്ചാത്തലത്തിലാണ് പദ്ധതി ഓർഡിനറി ബസുകളിലേക്ക് മാത്രമായി ചുരുക്കാൻ നിർദ്ദേശമുയർന്നത്. മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചതനുസരിച്ച് വരും ദിവസങ്ങളിൽ ചേരുന്ന അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. ജൂൺ 15-ഓടെ പദ്ധതി നിലവിൽ വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന ഭീമമായ നഷ്ടം സർക്കാർ തന്നെ കെഎസ്ആർടിസിക്ക് നികത്തി നൽകും. ഇതിനായി പ്രതിമാസം 90 മുതൽ 100 കോടി രൂപ വരെ സർക്കാരിന് അധികമായി കണ്ടെത്തേണ്ടി വരുമെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളത്തിനും പെൻഷനുമായി സർക്കാർ നൽകുന്ന 80 കോടി രൂപയ്ക്ക് പുറമെയാണിത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം കെഎസ്ആർടിസിയിലെ യാത്രക്കാരുടെ എണ്ണം പ്രതിദിനം 35 ലക്ഷത്തിൽ നിന്ന് 20-25 ലക്ഷമായി കുറഞ്ഞിരുന്നു. എന്നാൽ സ്ത്രീകളുടെ സൗജന്യ യാത്ര ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാകുമെന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ. ഭാവിയിൽ മറ്റ് സർവീസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം സർക്കാർ പിന്നീട് പരിഗണിക്കും.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)






