കുവൈത്ത്: സിറിയൻ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഒരു കുവൈത്തി പൗരനെ ക്രിമിനൽ കോടതി അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ചു. ഭാര്യയെ ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് മരണം സംഭവിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതിയെ ഇറാഖിൽ വെച്ച് പിടികൂടി കുവൈത്തിന് കൈമാറുകയായിരുന്നു.
പ്രതി തന്റെ ഭാര്യയെ വീട്ടിൽ വെച്ച് ആക്രമിക്കുകയും, ഇത് ഗുരുതരമായ പരിക്കുകൾക്ക് കാരണമാകുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി ഇറാഖിലേക്ക് ഒളിച്ചോടി. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ജനറൽ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ഇറാഖിൽ നിന്ന് പിടികൂടി കുവൈത്തിലേക്ക് കൈമാറിയത്.
Also Read: കുവൈത്ത് സ്വകാര്യ മേഖലയിൽ ജോലി സമയത്തിന് പുതിയ ഭേദഗതി; നിയമം പ്രാബല്യത്തിൽ
തുടക്കത്തിൽ, പബ്ലിക് പ്രോസിക്യൂഷൻ ഇയാൾക്കെതിരെ പൂർണ്ണമായ ആസൂത്രണത്തോടെയുള്ള കൊലപാതക കുറ്റമാണ് ചുമത്തിയിരുന്നത്. എന്നാൽ, കേസ് വിശദമായി പരിശോധിച്ച കോടതി, കൊലപാതക ഉദ്ദേശ്യം ഉണ്ടായിരുന്നില്ല എന്ന് കണ്ടെത്തി. തുടർന്ന്, ‘അനന്തരഫലമായുള്ള മരണം’ എന്ന കുറ്റം ചുമത്തിക്കൊണ്ടാണ് ക്രിമിനൽ കോടതി ഇയാളെ അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ചത്.












