കുവൈത്ത് സിറ്റി: സിറിയക്കുള്ള കുവൈത്തിന്റെ ദുരിതാശ്വാസ സഹായം തുടരുന്നു. ‘കുവൈത്ത് ബൈ യുവർ സൈഡ്’ കാമ്പയിനിന്റെ ഭാഗമായി കുവൈത്തിന്റെ 30-ാമത് ദുരിതാശ്വാസ വിമാനം വെള്ളിയാഴ്ച ഡമാസ്കസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. മാവ്, എണ്ണ, ഈത്തപ്പഴം എന്നിവ അടങ്ങിയ 10 ടൺ ഭക്ഷ്യ സഹായമാണ് കുവൈത്ത് അയച്ചത്.
വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുമായും വ്യോമസേനയുമായും സഹകരിച്ച് കുവൈത്ത് സകാത്ത് ഹൗസാണ് സഹായങ്ങൾ അയച്ചത്. സക്കാത്ത് ഹൗസിന്റെ ആറാമത്തെ ദുരിതാശ്വാസ വിമാനമാണിത്. കുവൈത്തിൽനിന്ന് മൊത്തത്തിൽ ഇതുവരെ 727 ടൺ സഹായങ്ങൾ എത്തിച്ചിട്ടുണ്ട്. ഇതോടെ സിറിയയിലേക്കുള്ള സഹായ കയറ്റുമതി 168 ടണ്ണായി ഉയർന്നു. അതേസമയം, സിറിയൻ ജനതക്ക് റമദാൻ മാസം അടുക്കുന്നതോടെ കൂടുതൽ സഹായങ്ങൾ എത്തിക്കുന്നത് തുടരുമെന്ന് സകാത് ഹൗസിന്റെ പദ്ധതികളുടെ നിരീക്ഷകൻ ആയിദ് അൽ മുതൈരി പറഞ്ഞു. ദുരിതാശ്വാസ സാമഗ്രികൾ വഹിക്കുന്ന 20 ട്രക്കുകൾ സിറിയയിലേക്ക് അയക്കുമെന്നും അറിയിച്ചു.