കുവൈത്ത് സിറ്റി: കുട്ടികളുടെ സുരക്ഷയെ പരിഗണിച്ച് കുവൈത്ത് സർക്കാർ ‘ലബുബു’ കളിപ്പാട്ടങ്ങളുടെ വിൽപ്പന നിരോധിച്ചു. ‘ലബുബു’ ബ്രാൻഡിന്റെ TOY3378 മോഡൽ കളിപ്പാട്ടമാണ് വിപണിയിൽ നിന്ന് പിൻവലിക്കാൻ കുവൈത്ത് വാണിജ്യ–വ്യവസായ മന്ത്രാലയം ഉത്തരവിട്ടത്. കളിപ്പാട്ടത്തിൽ നിർമാണ തകരാറുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. കുവൈത്തിൽ പിൻവലിച്ചത് ലൈസൻസോടെ വിൽക്കപ്പെട്ട യഥാർത്ഥ മോഡലാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇൻറർനെറ്റിൽ വലിയ പ്രചാരം നേടിയ ലബുബു കളിപ്പാട്ടങ്ങൾ കുട്ടികൾക്കിടയിൽ ജനപ്രിയമായിരുന്നെങ്കിലും കുട്ടികൾക്ക് ശ്വാസതടസ്സമുണ്ടാക്കാൻ സാധ്യതയുള്ള ഘടകങ്ങൾ ഉണ്ടെന്നതാണ് പ്രധാന ആശങ്ക. കളിപ്പാട്ടത്തിലെ ചില ഭാഗങ്ങൾ എളുപ്പത്തിൽ വേർപെടാൻ സാധ്യതയുള്ളതും അപകടം സൃഷ്ടിക്കാമെന്നുമാണ് മന്ത്രാലയം വ്യക്തമാക്കിയത്.
ALSO READ: യുഎഇ കാലാവസ്ഥ മാറിമറിയും; അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത, താപനിലയിലും കാര്യമായ മാറ്റങ്ങൾ
ഉൽപ്പന്നം ഉപയോഗിക്കുന്നത് നിർത്താനും കമ്പനിയുമായി ബന്ധപ്പെട്ട് അത് തിരികെ നൽകാനും അതോറിറ്റി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. ഇതുമായി ബന്ധപ്പെട്ട പരാതികൾക്കോ സംശയങ്ങൾക്കോ നേരിട്ട് മന്ത്രാലയത്തെ ബന്ധപ്പെടാമെന്നും അവർ അറിയിച്ചു.
എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും സ്റ്റോക്കിൽ നിന്ന് ഉൽപ്പന്നം നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷയാണ് ഏറ്റവും പ്രധാനമെന്ന മുന്നറിയിപ്പും അധികൃതർ നൽകി. അമേരിക്ക, ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങളിലും വ്യാജ ലബുബു ഡോളുകൾ സംബന്ധിച്ച് സുരക്ഷാ മുന്നറിയിപ്പുകൾ നേരത്തെ പുറപ്പെടുവിച്ചിരുന്നു.











