കുവൈത്ത്: മെഡിക്കൽ രംഗത്ത് ഒരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ട് കുവൈത്തി മെഡിക്കൽ സംഘം ചരിത്രം സൃഷ്ടിച്ചു. ജാബർ അൽ അഹ്മദ് ആശുപത്രിയിലെ രോഗിയിൽ വിദൂര നിയന്ത്രിത റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയാണ് ഈ നേട്ടം കൈവരിച്ചത്.
ജഹ്‌റ ആശുപത്രിയിലിരുന്നാണ്, സുരക്ഷിതമായ ആശയവിനിമയ സംവിധാനങ്ങളും നൂതന സാങ്കേതികവിദ്യകളും ഉപയോഗിച്ച് സർജിക്കൽ റോബോട്ടിനെ നിയന്ത്രിച്ചത്. ഇതോടെ, രാജ്യത്തെ രണ്ട് ആശുപത്രികൾക്കിടയിൽ വിജയകരമായി നടത്തുന്ന ആദ്യത്തെ റോബോട്ടിക് ശസ്ത്രക്രിയയായി ഇത് മാറി. ഗൈനക്കോളജിക്കൽ ട്യൂമറുകൾ ബാധിച്ച രോഗിക്കാണ് ഈ ശസ്ത്രക്രിയ നടത്തിയത്.
Also Read: ടിക്കറ്റ് ബുക്കിംഗ് മുതൽ തുടർ യാത്ര വരെ; ഇത്തിഹാദ് എയർവേയ്‌സ് യാത്രക്കാർക്കായി പുതിയ മൊബൈൽ ആപ്പ്
ഈ ചരിത്ര സംഭവത്തിൽ പങ്കെടുത്തതിൽ ജാബർ ആശുപത്രിയിലെ ഗൈനക്കോളജിക്കൽ ഓങ്കോളജി യൂണിറ്റ് മേധാവി ഡോ. വഫാ അൽ ദുവൈസാൻ അഭിമാനം രേഖപ്പെടുത്തി. ആരോഗ്യ സംരക്ഷണ സേവനങ്ങൾ വികസിപ്പിക്കുന്നതിനും ആഗോളതലത്തിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾക്കൊപ്പം മുന്നോട്ട് പോകുന്നതിനും കുവൈത്തി മെഡിക്കൽ ടീമുകൾ നടത്തുന്ന വലിയ പരിശ്രമങ്ങളുടെ സാക്ഷ്യമാണ് ഈ നേട്ടമെന്നും ഡോ. അൽ-ദുവൈസാൻ കൂട്ടിച്ചേർത്തു.













