CMDRF

ദുരന്തങ്ങളെ പിരിവുത്സവങ്ങളാക്കുന്നവരുണ്ട്: കെ.ടി. ജലീൽ

ദുരന്തങ്ങളെ പിരിവുത്സവങ്ങളാക്കുന്നവരുണ്ട്: കെ.ടി. ജലീൽ
ദുരന്തങ്ങളെ പിരിവുത്സവങ്ങളാക്കുന്നവരുണ്ട്: കെ.ടി. ജലീൽ

മലപ്പുറം: ദുരന്തകാല പിരിവൻമാൻ പിരിച്ചതിനും ചെലവാക്കിയതിനും യാതൊരു കയ്യും കണക്കും ഉണ്ടാവില്ല. ദുരന്തങ്ങളെ പിരിവുത്സവങ്ങളാക്കി മാറ്റാൻ ചിലർ വെമ്പുന്നത് കമീഷനടിക്കാനും കാർ വാങ്ങാനുമാണെന്ന് കെ.ടി. ജലീൽ എം.എൽ.എ. ദുരന്തങ്ങളുമായി ബന്ധപ്പെട്ട സ്വകാര്യ സംഘടനകളുടെ പിരിവും വിനിയോഗവും കോടതികളുടെ മേൽനോട്ടത്തിലായാൽ നന്നാകും.

ദുരന്തത്തെ രാഷ്ട്രീയ പാർട്ടികളും മറ്റു സംഘടനകളും ആരിൽനിന്നൊക്കെയാണ് സംഭാവന കിട്ടിയതെന്നും അതിൽ നിന്ന് ഏതൊക്കെ ഇനങ്ങളിൽ എത്രയൊക്കെ സംഖ്യയാണ് ചെലവഴിച്ചത് എന്നും കോടതികളെയെങ്കിലും ബോദ്ധ്യപ്പെടുത്തണം. പിരിച്ചെടുത്തതും ചെലവഴിച്ചതും പൊതു ഓഡിറ്റിംഗിന് വിധേയമാക്കണം. ദുരന്തങ്ങളെ പിരിവുത്സവമാക്കാൻ ഒരു സംഘടനയേയും അനുവദിക്കരുത് -അദ്ദേഹം ഫെസ്ബുക്കിൽ കുറിച്ചു.

‘ദുരന്തങ്ങൾ വരുമ്പോൾ പിരിവുമായി ഇറങ്ങുന്നവർ ആരിൽ നിന്നൊക്കെ എത്രരൂപ ലഭിച്ചു എന്ന് ലോകരോട് പറയാറില്ല. മൊത്തം പിരിഞ്ഞു കിട്ടിയത് എന്നു പറഞ്ഞ് ഒരു സംഖ്യ പറയും. മൊത്തം ചെലവ് എന്നും പറഞ്ഞ് വേറൊരു സംഖ്യയും പറയും. അത് പൊതുജനങ്ങൾ വിശ്വസിക്കണം. ദുരിതബാധിതരെ ആശ്വസിപ്പിക്കാൻ പിരിവെടുത്ത് കിട്ടുന്ന സംഖ്യ കൊണ്ട് സ്ഥലം വാങ്ങാൻ ബന്ധപ്പെട്ട സംഘടനയുടെ സ്ഥലക്കച്ചവടക്കാർ മുന്നിട്ടിറങ്ങും. അതിലൊരു കമ്മീഷൻ അവർ അടിച്ചെടുക്കും. പിന്നെ വീടുണ്ടാക്കാൻ കരാർ നൽകുക, പ്രസ്തുത സംഘടനകളുമായി അടുത്ത് പ്രവർത്തിക്കുന്ന കോൺട്രാക്ടർമാർക്കായിരിക്കും. അവർക്കും ഒരു ലാഭം പോകും. ശേഷിക്കുന്ന സംഖ്യ കൊണ്ട് സംഘടനയുടെ പത്രത്തിൻ്റെ കടം വീട്ടും. സംഘടനാ ആവശ്യത്തിനെന്ന് പറഞ്ഞ് വിലപിടിപ്പുള്ള കാറുകൾ നേതാക്കൾക്ക് യാത്ര ചെയ്യാൻ വാങ്ങും. മറ്റു ഭൗതിക സൗകര്യങ്ങൾക്കും പണം ചെലവിടും. അതോടെ എല്ലാവരും ഹാപ്പിയാകും! സത്യം കുഴിച്ചുമൂടപ്പെടും.

ഇക്കൂട്ടരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പാണെന്ന് ബോധപൂർവ്വം പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന ഓരോ രൂപയും ദുരിതമുഖത്തെ എല്ലാ മനുഷ്യർക്കും അവരർഹിക്കും പ്രകാരം ലഭിക്കും. അതെങ്ങിനെ ചെലവഴിച്ചു എന്നറിയാൻ ഒരു വിവരാവകാശ അപേക്ഷ പോലും വേണ്ട. അത്രക്ക് സുതാര്യമാണ്. എത്ര രൂപ ആരൊക്കെ സംഭാവന നൽകി എന്നതിന് കണക്കുണ്ടാകും. അതെങ്ങിനെ ഏതൊക്കെ ഇനത്തിൽ ചെലവഴിച്ചു എന്നതിനും വ്യക്തതയുണ്ടാകും. ഏതൊരാൾക്കും CMDRF-ൻ്റെ വെബ്സൈറ്റിൽ പോയി നോക്കിയാൽ സംശയലേശമന്യേ എല്ലാ കാര്യങ്ങളും മനസ്സിലാക്കാം.

നിങ്ങളുടെ സംഭാവനകൾ നിങ്ങളുടെ മതക്കാർക്കും ജാതിക്കാർക്കും രാഷ്ട്രീയപ്പാർട്ടിക്കാർക്കും മാത്രമായി പരിമിതപ്പെടാനും ബോധപൂർവ്വം ബാക്കിയാക്കുന്ന തുക ഓരോ സംഘടനകൾക്കും അവരവരുടെ സംഘടനാ പ്രവർത്തനത്തിന് ഉപയോഗപ്പെടുത്താനുമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ സർക്കാരേതര സംഘടനകൾക്കും രാഷ്ട്രീയ പാർട്ടികൾക്കും നിർലോഭം നൽകിക്കോളൂ’ -ജലീൽ കൂട്ടിച്ചേർത്തു.

Top