തിരുവനന്തപുരം: നഗരത്തിലെ ജനറൽ ആശുപത്രിക്ക് സമീപം കെ.എസ്.ആർ.ടി.സി ബസും ഇടുക്കി വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വാഹനവും കൂട്ടിമുട്ടി അപകടമുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. അപകടത്തെത്തുടർന്ന് ഇരുവിഭാഗവും തമ്മിൽ റോഡിൽ തർക്കമുണ്ടായതോടെ ജനറൽ ആശുപത്രിയിൽ നിന്നും ചികിത്സ കഴിഞ്ഞ് മടങ്ങിയ രോഗികളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള യാത്രക്കാർ ഏറെ നേരം ബുദ്ധിമുട്ടിലായി.
നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്നും വെട്ടുകാടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്, വെള്ളത്തൂവൽ പഞ്ചായത്ത് അധികൃതർ സഞ്ചരിച്ചിരുന്ന സ്കോർപ്പിയോ കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബസിന്റെ പിൻഭാഗം കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ബോണറ്റിന്റെ വശം തകർന്നു. അപകടം നടന്നയുടൻ കെ.എസ്.ആർ.ടി.സി ബസ് നിർത്താതെ മുന്നോട്ട് പോയെന്ന് പഞ്ചായത്ത് ഭാരവാഹികൾ ആരോപിച്ചു. തുടർന്ന് ഇവർ കാറുമായി ബസിനെ പിന്തുടരുകയും ജനറൽ ആശുപത്രി സ്റ്റോപ്പിൽ വെച്ച് ബസ് തടയുകയുമായിരുന്നു. വാഹനത്തിനുണ്ടായ കേടുപാടുകൾ പരിഹരിച്ചു നൽകാതെ ബസ് മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന് പഞ്ചായത്ത് അധികൃതർ നിലപാടെടുത്തതോടെ സ്ഥലത്ത് ഗതാഗത തടസ്സമുണ്ടായി.
അപകടത്തിൽപ്പെട്ട വാഹനത്തിന്റെ തകരാർ സ്വന്തം നിലയ്ക്ക് പരിഹരിച്ചു നൽകാൻ കഴിയില്ലെന്നും ബസ് ഡ്രൈവർ വ്യക്തമാക്കിയതോടെ തർക്കം നീണ്ടുപോയി. ഒടുവിൽ, ഇൻഷുറൻസ് ഉൾപ്പെടെയുള്ള ഔദ്യോഗിക നിയമനടപടികളുമായി മുന്നോട്ടുപോകാമെന്ന ധാരണയിലാണ് പഞ്ചായത്ത് അധികൃതർ പ്രതിഷേധം അവസാനിപ്പിച്ചത്. തർക്കം കാരണം ബസ് യാത്ര മുടങ്ങിയതോടെ, ജനറൽ ആശുപത്രിയിൽ നിന്നും ചികിത്സ കഴിഞ്ഞെത്തിയ രോഗികളും വിദ്യാർത്ഥികളും ബസിനുള്ളിലിരുന്ന് വലഞ്ഞു. ഒടുവിൽ അധികൃതർ ഇടപെട്ട് ട്രിപ്പ് റദ്ദാക്കുകയും, യാത്രക്കാരെ മറ്റ് ബസുകളിലേക്ക് കയറ്റിവിട്ടുമാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്.






