തിരുവനന്തപുരം: കോടിക്കണക്കിന് രൂപയുടെ സ്വത്ത്, തുടർച്ചയായ ഏഴ് ദുരൂഹമരണങ്ങൾ, വർഷങ്ങൾ നീണ്ട അന്വേഷണം കരമന കൂടത്തിൽ കുടുംബത്തിലെ മരണങ്ങൾ വീണ്ടും ചർച്ചയാകുകയാണ്. കുടുംബത്തിലെ അവസാന അവകാശിയായിരുന്ന ജയമാധവൻ നായരുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ, കുടുംബത്തിന്റെ കാര്യസ്ഥനായ രവീന്ദ്രൻ നായരെ ഒമ്പതു വർഷത്തെ അന്വേഷണത്തിനൊടുവിൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കുടുംബത്തിന്റെ സ്വത്തുക്കൾ കൈവശപ്പെടുത്താനുള്ള ശ്രമമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മറ്റു തെളിവുകൾ ലഭിക്കുന്നതിൽ നേരിട്ട പ്രതിസന്ധികൾക്കിടയിൽ നടത്തിയ ബ്രെയിൻ മാപ്പിങ് പരിശോധനയും ഫൊറൻസിക് അന്വേഷണവും കേസിൽ നിർണായകമായെന്നാണ് റിപ്പോർട്ട്.
2017 ഏപ്രിൽ രണ്ടിനാണ് ജയമാധവൻ നായർ മരിച്ചത്. കട്ടിലിൽനിന്ന് വീണ് തലയ്ക്ക് പരിക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചെന്നായിരുന്നു കാര്യസ്ഥനായ രവീന്ദ്രൻ നായർ ബന്ധുക്കളോട് പറഞ്ഞത്. എന്നാൽ, തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ ദൂരെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയതും മരണവിവരം അയൽവാസികളെ അറിയിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന ആരോപണവും ബന്ധുക്കളിൽ സംശയമുണ്ടാക്കി. പിന്നീട് നടത്തിയ അന്വേഷണത്തിൽ ജയമാധവൻ നായരുടെ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തി. ആശുപത്രിയിലെത്തിച്ചെന്നു പറഞ്ഞ ഓട്ടോ ഡ്രൈവറുടെ മൊഴിയിൽ വൈരുധ്യമുണ്ടായിരുന്നുവെന്നും ഇയാൾക്ക് രവീന്ദ്രൻ നായർ അഞ്ചു ലക്ഷം രൂപ നൽകിയതായും അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. പോസ്റ്റ്മോർട്ടം ഒഴിവാക്കാനുള്ള ശ്രമം നടന്നതായും അന്വേഷണത്തിൽ സംശയമുയർന്നു.
ALSO READ; സരിന്റേത് കേവലം നാക്കുപിഴ, ആരും കുതിരകയറേണ്ടതില്ല..! വിവാദത്തിൽ വിശദീകരണവുമായി എം.വി. ഗോവിന്ദൻ
കൂടത്തിൽ കുടുംബത്തിന് ഏകദേശം 100 കോടി രൂപയുടെ സ്വത്തുണ്ടായിരുന്നുവെന്നാണ് കണക്ക്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭൂമികൾക്കും കെട്ടിടങ്ങൾക്കും പുറമേ, കാലടിയിലെ 65 സെന്റ് സ്ഥലവും വീടും ഉൾപ്പെടെയുള്ള സ്വത്തുക്കൾ കുടുംബത്തിന്റെ പേരിലുണ്ടായിരുന്നു. ജയമാധവൻ നായരുടെ മരണത്തിനു മുമ്പുതന്നെ സ്വത്തുക്കൾ കൈമാറാനുള്ള നീക്കങ്ങൾ നടന്നിരുന്നുവെന്നും വിൽപത്രത്തിൽ ക്രമക്കേടുകളുണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. കുടുംബത്തിന്റെ സുഹൃത്തായിരുന്ന രവീന്ദ്രൻ നായർ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നതും സ്വത്തുക്കൾ അദ്ദേഹത്തിന്റെയും ചില ബന്ധുക്കളുടെയും കൈവശമെത്തിയതും സംശയത്തിന് ഇടയാക്കി. കുടുംബത്തിലെ ഏഴ് മരണങ്ങളെക്കുറിച്ചും അന്വേഷണം നടന്നെങ്കിലും ജയമാധവൻ നായരുടെ മരണത്തിലാണ് കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക കണ്ടെത്തലുകളിലേക്ക് ക്രൈംബ്രാഞ്ച് എത്തിയത്.
ആദ്യഘട്ടത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത കരമന പൊലീസ് അന്വേഷണം അവസാനിപ്പിച്ചതിനു പിന്നാലെ, ബന്ധുക്കളുടെയും പൊതുപ്രവർത്തകരുടെയും പരാതികളിലാണ് ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണം ആരംഭിച്ചത്. 2019 ഒക്ടോബറിൽ ജില്ലാ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തെങ്കിലും തെളിവുകളുടെ അഭാവം അന്വേഷണം നീളാൻ കാരണമായി. 2022-ൽ പരാതിക്കാർ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചതോടെ കേസ് വീണ്ടും സജീവമായി. ഗോപിനാഥൻ നായർ, ഭാര്യ സുമതിയമ്മ, മക്കളായ ജയബാലകൃഷ്ണൻ നായർ, ജയപ്രകാശ്, ജയശ്രീ, വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ, നാരായണൻ നായരുടെ മകൻ ജയമാധവൻ നായർ എന്നിവരുടെ മരണങ്ങളാണ് സംശയത്തിന്റെ നിഴലിലുണ്ടായിരുന്നത്. 1995-നുശേഷം കുടുംബത്തിൽ മരണങ്ങൾ തുടർച്ചയായി സംഭവിച്ചതും, കാലടിയിലെ പഴയ ഉമാമന്ദിരം ഈ ദുരൂഹതകളുടെ കേന്ദ്രമായി മാറിയതും കേസിന് കൂടുതൽ ശ്രദ്ധ ലഭിക്കാൻ കാരണമായി. വർഷങ്ങളായി തുടരുന്ന അന്വേഷണത്തിനൊടുവിൽ ജയമാധവൻ നായരുടെ മരണവുമായി ബന്ധപ്പെട്ട് രവീന്ദ്രൻ നായരെ അറസ്റ്റ് ചെയ്തതോടെ, കുടുംബത്തിലെ മറ്റു മരണങ്ങളുടെയും സ്വത്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകളുടെയും പൂർണ ചിത്രം പുറത്തുവരുമോയെന്നാണ് ഇനി ശ്രദ്ധിക്കപ്പെടുന്നത്.






