കൊൽക്കത്തയെ തകർത്തു, പക്ഷേ അഭിഷേകിന് പണികിട്ടി; മാച്ച് ഫീയുടെ 25 ശതമാനം പിഴ!

മത്സരത്തിനിടെ താൻ പുറത്തായ രീതിയിലുള്ള അതൃപ്തി പ്രകടിപ്പിക്കുന്നതിനിടെ താരം അശ്ലീലമോ പ്രകോപനപരമോ ആയ ഭാഷ ഉപയോഗിച്ചതാണ് നടപടിക്ക് കാരണമായത്

കൊൽക്കത്തയെ തകർത്തു, പക്ഷേ അഭിഷേകിന് പണികിട്ടി; മാച്ച് ഫീയുടെ 25 ശതമാനം പിഴ!
കൊൽക്കത്തയെ തകർത്തു, പക്ഷേ അഭിഷേകിന് പണികിട്ടി; മാച്ച് ഫീയുടെ 25 ശതമാനം പിഴ!

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ചെങ്കിലും, സൺറൈസേഴ്സ് ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമയ്ക്ക് തിരിച്ചടിയായി ഐപിഎൽ അച്ചടക്ക സമിതിയുടെ പിഴ. മത്സരത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് താരത്തിന്റെ മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴയായി വിധിച്ചത്. കൂടാതെ താരത്തിന്റെ അക്കൗണ്ടിൽ ഒരു ഡിമെറിറ്റ് പോയിന്റും ചേർത്തിട്ടുണ്ട്.

മത്സരത്തിനിടെ താൻ പുറത്തായ രീതിയിലുള്ള അതൃപ്തി പ്രകടിപ്പിക്കുന്നതിനിടെ താരം അശ്ലീലമോ പ്രകോപനപരമോ ആയ ഭാഷ ഉപയോഗിച്ചതാണ് നടപടിക്ക് കാരണമായത്. ബ്ലെസിംഗ് മുസറബാനിയുടെ പന്തിൽ വരുൺ ചക്രവർത്തി ക്യാച്ചെടുത്താണ് അഭിഷേക് പുറത്തായത്. എന്നാൽ പന്ത് നിലത്ത് തട്ടിയോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നെങ്കിലും തേർഡ് അമ്പയർ ഔട്ട് വിധിക്കുകയായിരുന്നു. ഈ തീരുമാനത്തോടുള്ള പ്രതിഷേധമാണ് താരത്തിന് വിനയായത്. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.3 പ്രകാരമുള്ള ലെവൽ-1 കുറ്റമാണ് താരം ചെയ്തതെന്ന് മാച്ച് റഫറി കണ്ടെത്തി.

Also Read:ഷമി ഹീറോയാടാ ഹീറോ! ആദ്യ പന്തിൽ വിക്കറ്റ് വീഴ്ത്തുന്നതിൽ റെക്കോർഡ് നേട്ടം

അച്ചടക്ക നടപടി നേരിട്ടെങ്കിലും ബാറ്റിംഗിൽ തകർപ്പൻ ഫോമിലായിരുന്നു അഭിഷേക്. വെറും 21 പന്തിൽ നിന്ന് 4 ബൗണ്ടറികളും 4 സിക്സറുകളും സഹിതം 48 റൺസാണ് താരം അടിച്ചുകൂട്ടിയത്. ട്രാവിസ് ഹെഡിനൊപ്പം ചേർന്ന് 5.4 ഓവറിൽ 82 റൺസിന്റെ വെടിക്കെട്ട് തുടക്കമാണ് താരം ഹൈദരാബാദിന് നൽകിയത്. അഭിഷേകിന്റെ ഈ പ്രകടനത്തിന്റെ കരുത്തിൽ 20 ഓവറിൽ 226 റൺസെന്ന വലിയ സ്കോർ പടുത്തുയർത്താൻ ഹൈദരാബാദിന് സാധിച്ചു. ഏപ്രിൽ 5-ന് ലക്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം.

Share Email
Top