കൊൽക്കത്ത: രാജ്യത്തെ ഞെട്ടിച്ച സൗത്ത് കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗ കേസിൽ പുതിയ വെളിപ്പെടുത്തൽ. കുറ്റകൃത്യത്തിന് ശേഷം മുഖ്യപ്രതി മോണോജിത് മിശ്രയും മറ്റ് രണ്ടുപേരും ലോ കോളേജ് ഗാർഡ് റൂമിൽ മണിക്കൂറുകളോളം മദ്യപിച്ചു. ശേഷം കൂട്ടുപ്രതികളായ പ്രമിത് മുഖർജി, സായിബ് അഹ്മദ് എന്നിവരോടൊപ്പം ഇ എം ബൈപാസിലുള്ള ധാബയിലെത്തി രാത്രി ഭക്ഷണവും കഴിച്ച് സ്വന്തം വീടുകളിലേക്ക് മടങ്ങി.
“കുറ്റകൃത്യത്തിന് ശേഷം, ഗാർഡ് റൂമിലിരുന്ന് മദ്യപിച്ച ശേഷം സെക്യൂരിറ്റി ഗാർഡ് പിനാക്കി ബാനർജിയോട് സംഭവത്തെക്കുറിച്ച് പുറത്തുപറയരുതെന്ന് വിലക്കിയാണ് പ്രതികൾ മടങ്ങിയത്.” പോലീസ് ഓഫീസർ അറിയിച്ചു.
സംഭവത്തിന്റെ തീവ്രത മനസിലാക്കിയ പ്രതി തൊട്ടടുത്ത ദിവസം തന്നെ മുന്നേ സഹായിച്ചിട്ടുള്ള, ദേശപ്രിയ പാർക്കിലുള്ള ഒരു പ്രമുഖ വ്യക്തിയെ വിളിച്ചതായും സഹായം തേടിയതായും പോലീസ് വെളിപ്പെടുത്തി. പക്ഷെ സാഹചര്യം പന്തിയല്ലെന്ന് മനസിലാക്കി അയാൾ മോണോജിത്തിന്റെ ആവിശ്യം നിരസിക്കുകയായിരുന്നു.
Also Read: പട്ന വ്യവസായി ഗോപാൽ ഖേംക വധക്കേസ്; നിതീഷ് കുമാറിനെതിരെ രാഹുൽ ഗാന്ധി
“രാഷ്‌ബെഹാരി, ദേശപ്രിയ പാർക്ക്, ഗാരിയാഹാട്, ഫേൺ റോഡ്, ബാലിഗഞ്ജ് സ്റ്റേഷൻ റോഡ് എന്നിങ്ങനെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തന്റെ സഹായികളെ തേടി മോണോജിത് യാത്ര ചെയ്തതായി മൊബൈൽ ടവർ ലൊക്കേഷൻ ഡാറ്റ കാണിക്കുന്നു” പോലീസ് ഓഫീസർ കൂട്ടിച്ചേർത്തു.
സൗത്ത് കൊൽക്കത്ത ലോ കോളേജ് ക്ലാസുകൾ തിങ്കളാഴ്ച പുനരാരംഭിക്കുമെന്ന് കോളേജ് അധികൃതർ അറിയിച്ചു. സംഭവം നടന്ന യൂണിയൻ റൂം, ഗാർഡ് റൂം എന്നിവ പൂർണമായും അടച്ചിടും.
ഇതേസമയം സെക്യൂരിറ്റി ഗാർഡ് പിനാക്കി ബാനർജിയുടെ പോലീസ് കസ്റ്റഡി നീട്ടികൊണ്ട് അലിപോർ കോടതി വെള്ളിയാഴ്ച ഉത്തരവിട്ടു.