സിക്സർ പൂരവുമായി കൊൽക്കത്ത; ഗുജറാത്തിനെ 29 റൺസിന് തകർത്തു, പ്ലേ ഓഫ് പ്രതീക്ഷകൾ സജീവം!

നായകൻ ശുഭ്മൻ ഗില്ലും ജോസ് ബട്‌ലറും പോരാടിയെങ്കിലും കൊൽക്കത്തയുടെ റൺമല മറികടക്കാൻ ഗുജറാത്തിനായില്ല

സിക്സർ പൂരവുമായി കൊൽക്കത്ത; ഗുജറാത്തിനെ 29 റൺസിന് തകർത്തു, പ്ലേ ഓഫ് പ്രതീക്ഷകൾ സജീവം!
സിക്സർ പൂരവുമായി കൊൽക്കത്ത; ഗുജറാത്തിനെ 29 റൺസിന് തകർത്തു, പ്ലേ ഓഫ് പ്രതീക്ഷകൾ സജീവം!

പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ജയം അനിവാര്യമായിരുന്ന നിർണായക മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 29 റൺസിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഈ സീസണിലെ തങ്ങളുടെ ഏറ്റവും ഉയർന്ന സ്കോർ കുറിച്ച മത്സരത്തിൽ കൊൽക്കത്ത മുന്നോട്ടുവെച്ച 248 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് 4 വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുക്കാനേ സാധിച്ചുള്ളൂ. നായകൻ ശുഭ്മൻ ഗില്ലും ജോസ് ബട്‌ലറും പോരാടിയെങ്കിലും കൊൽക്കത്തയുടെ റൺമല മറികടക്കാൻ ഗുജറാത്തിനായില്ല.

കൊൽക്കത്ത 20 ഓവറിൽ 247/2, ഗുജറാത്ത് 20 ഓവറിൽ 218/4. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്തയ്ക്ക് വേണ്ടി ഓപ്പണർ ഫിൻ അലൻ തകർത്തടിച്ച് തുടങ്ങി. അജിൻക്യ രഹാനെ (14) നേരത്തെ പുറത്തായെങ്കിലും രണ്ടാം വിക്കറ്റിൽ ആങ്ക്രിഷ് രഘുവംശിയെ കൂട്ടുപിടിച്ച് അലൻ റൺറേറ്റ് കുതിപ്പിച്ചു. 21 പന്തിൽ അർധസെഞ്ചുറി തികച്ച അലൻ 35 പന്തിൽ 93 റൺസെടുത്താണ് പുറത്തായത്. 10 സിക്സറുകളും 4 ഫോറുകളും അടങ്ങുന്നതായിരുന്നു അലന്റെ ഇന്നിങ്സ്. രണ്ടാം വിക്കറ്റിൽ ഇവർ 41 പന്തിൽ 95 റൺസ് കൂട്ടിച്ചേർത്തു. കൊൽക്കത്ത ഇന്നിങ്സിൽ ആകെ 22 സിക്സറുകളാണ് പിറന്നത്. മത്സരത്തിൽ ഗുജറാത്ത് ഫീൽഡർമാർ വരുത്തിയ ക്യാച്ച് പിഴവുകളും കൊൽക്കത്തയ്ക്ക് തുണയായി.

Also Read: വെറും 15 പന്തിൽ അർധസെഞ്ച്വറി! റിച്ച ഘോഷിന്റെ റെക്കോർഡ് തകർത്ത് പാക് നായിക ഫാത്തിമ സന

കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഗുജറാത്തിനായി ഓപ്പണർമാരായ ശുഭ്മൻ ഗില്ലും (49 പന്തിൽ 85) സായ് സുദർശനും (28 പന്തിൽ 53) മികച്ച തുടക്കമാണ് നൽകിയത്. മൂന്നോവറിൽ 42 റൺസെടുത്ത് നിൽക്കെ പന്ത് കാലിൽക്കൊണ്ട് സുദർശൻ റിട്ടയർ ഹർട്ട് ആയി മടങ്ങി. പകരമെത്തിയ നിഷാന്ത് സിന്ധു (1) നിരാശപ്പെടുത്തിയെങ്കിലും, രണ്ടാം വിക്കറ്റിൽ ഗില്ലും ജോസ് ബട്‌ലറും (35 പന്തിൽ 57) ചേർന്ന് 73 പന്തിൽ 128 റൺസ് അടിച്ചുകൂട്ടി ഗുജറാത്തിന് ജയപ്രതീക്ഷ നൽകി. 7 സിക്സും 5 ഫോറും അടക്കമാണ് ഗിൽ 85 റൺസെടുത്തത്. എന്നാൽ അവസാന നാലോവറിൽ 71 റൺസ് വേണമെന്നിരിക്കെ സുനിൽ നരെയ്ൻ ഗില്ലിനെ പുറത്താക്കിയത് മത്സരത്തിൽ വഴിത്തിരിവായി. തുടർന്ന് സുദർശൻ ക്രീസിൽ തിരിച്ചെത്തി. കാർത്തിക് ത്യാഗിയുടെ 18-ാം ഓവറിൽ 21 റൺസ് അടിച്ചെടുത്തെങ്കിലും 19-ാം ഓവറിൽ വെറും 5 റൺസ് മാത്രം വഴങ്ങി സൗരഭ് ദുബെ ജോസ് ബട്‌ലറെ പുറത്താക്കിയതോടെ ഗുജറാത്തിന്റെ പോരാട്ടം അവസാനിച്ചു. കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരെയ്ൻ, സൗരഭ് ദുബെ എന്നിവർ മികച്ച ബൗളിങ് കാഴ്ചവെച്ചു.

Share Email
Top