ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറും ടീമിലെ മുതിർന്ന താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ലെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നതിനിടെ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനിടയിലെ ചില ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ്.
കോഹ്‌ലിയുടെ അവഗണന, രോഹിത്തിന്റെ തർക്കം
സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഡ്രസിങ് റൂമിൽ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നതിനിടെ വിരാട് കോഹ്‌ലി, പരിശീലകൻ ഗൗതം ഗംഭീറിനെ പരസ്യമായി അവഗണിച്ച് മുന്നോട്ട് പോകുന്നതാണ് പുറത്തുവന്ന വീഡിയോയിലെ പ്രധാന ദൃശ്യം.
ഇതേസമയം, രോഹിത് ശർമ്മയും ഗംഭീറുമായി രൂക്ഷമായ വാഗ്വാദത്തിലേർപ്പെടുന്നതിന്റെ ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. മത്സരത്തിലെ തന്ത്രപരമായ വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങളാണ് ഇരുവരും തമ്മിലുള്ള വാഗ്വാദത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ.
Also Read: ഇന്ത്യയ്ക്ക് കിരീടം വേണോ? എങ്കിൽ രോഹിത്തും വിരാടും വേണം; നിലപാട് വ്യക്തമാക്കി ശ്രീകാന്ത്
ഗംഭീറിനുള്ള മറുപടിയോ?
നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രമാണ് കോഹ്‌ലിയും രോഹിത്തും കളിക്കുന്നത്. ടെസ്റ്റിൽ നിന്ന് ഇരുതാരങ്ങളും വിരമിക്കുന്നതിൽ ഗംഭീറിന് പങ്കുണ്ടായിരുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇരുവരും കാഴ്ചവെച്ച തകർപ്പൻ പ്രകടനം, ടീമിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ച ഗംഭീറിനുള്ള മറുപടിയായാണ് ആരാധകർ ആഘോഷിക്കുന്നത്.
ബിസിസിഐയുടെ അടിയന്തര യോഗം
അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറുന്നതിനിടെ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിനു മുന്നോടിയായി ബിസിസിഐ അടിയന്തര യോഗം വിളിച്ചത് അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് ഗൗതം ഗംഭീർ, സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ എന്നിവരുൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരെ യോഗത്തിന് വിളിച്ചിട്ടുണ്ട്. രോഹിത്തിന്റെയും വിരാടിന്റെയും ഏകദിന ഭാവിയെക്കുറിച്ചുള്ള നിർണായക ചർച്ചകളായിരിക്കും ഈ കൂടിക്കാഴ്ചയുടെ പ്രധാന അജണ്ടയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.






