കൊച്ചിയിൽ കത്തിയുമായി ഗുണ്ടകളുടെ താണ്ഡവം! ജ്യൂസ് കട അടിച്ചുതകർത്തു; രണ്ട് പേർ പിടിയിൽ

ജ്യൂസ് കുടിക്കാനെന്ന വ്യാജേന കടയിലെത്തിയ പ്രതികൾ യാതൊരു പ്രകോപനവുമില്ലാതെ പെട്ടെന്ന് കത്തിയെടുത്ത് മേശയിൽ കുത്തുകയും കടയിലുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു

കൊച്ചിയിൽ കത്തിയുമായി ഗുണ്ടകളുടെ താണ്ഡവം! ജ്യൂസ് കട അടിച്ചുതകർത്തു; രണ്ട് പേർ പിടിയിൽ
കൊച്ചിയിൽ കത്തിയുമായി ഗുണ്ടകളുടെ താണ്ഡവം! ജ്യൂസ് കട അടിച്ചുതകർത്തു; രണ്ട് പേർ പിടിയിൽ

കൊച്ചി വളഞ്ഞമ്പലത്തിൽ ജ്യൂസ് കടയുടമയെയും സുഹൃത്തിനെയും കത്തിമുനയിൽ നിർത്തി ഭീഷണിപ്പെടുത്തുകയും കടയടക്കം അടിച്ചുതകർക്കുകയും ചെയ്ത രണ്ട് പ്രതികളെ സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശികളായ സച്ചിൻ (28), എ.എൽ. ബിച്ചു (26) എന്നിവരാണ് പിടിയിലായത്. ജ്യൂസ് കുടിക്കാനെന്ന വ്യാജേന കടയിലെത്തിയ പ്രതികൾ യാതൊരു പ്രകോപനവുമില്ലാതെ പെട്ടെന്ന് കത്തിയെടുത്ത് മേശയിൽ കുത്തുകയും കടയിലുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് കടയിലെ കേക്കുകൾ സൂക്ഷിച്ചിരുന്ന ഭരണികൾ എറിഞ്ഞുടയ്ക്കുകയും മേശയും കസേരകളും തല്ലിത്തകർത്ത് അരമണിക്കൂറോളം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇവർ ബൈക്കിൽ കടന്നുകളഞ്ഞു.

ഈ അക്രമത്തിന് തൊട്ടുമുൻപ് പരിസരത്തെ മറ്റൊരു കടയിൽ ഇവർ കത്തികാട്ടി പണം തട്ടാൻ ശ്രമിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് എത്തിയപ്പോഴാണ് ജ്യൂസ് കടയിലെ ആക്രമണ വിവരം അറിയുന്നത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ നഗരത്തിൽ നിന്ന് തന്നെ പോലീസ് പൊക്കിയത്. ഇതിൽ ഒന്നാം പ്രതിയായ സച്ചിൻ മുൻപ് ബോംബെറിഞ്ഞ കേസിൽ ഒന്നരവർഷം ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളും പത്തിലധികം കേസുകളിൽ പ്രതിയുമാണ്. ആലപ്പുഴ പോലീസ് ഇയാൾക്കെതിരെ കാപ്പ ചുമത്താൻ നടപടികൾ ആരംഭിച്ചതോടെയാണ് ഇയാൾ കൊച്ചിയിലേക്ക് തട്ടകം മാറ്റിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ നിലവിൽ റിമാൻഡ് ചെയ്തിട്ടുണ്ട്.

Share Email
Top