ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ഡൽഹി ക്യാപിറ്റൽസ് നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ ക്യാപ്റ്റൻ കെ.എൽ. രാഹുലിനെതിരെ രൂക്ഷവിമർശനവുമായി മുൻ താരം സഞ്ജയ് മഞ്ജരേക്കർ രംഗത്തെത്തി. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പവർപ്ലേ ഓവറുകളിലെ രാഹുലിന്റെ മെല്ലെപ്പോക്ക് ടീമിനെ പരാജയത്തിലേക്ക് നയിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 13 പന്തിൽ നിന്ന് വെറും 12 റൺസ് മാത്രം നേടി പുറത്തായ രാഹുലിന്റെ ബാറ്റിംഗിനെ ‘ടീമിനുള്ള മരണവാറന്റ്’ എന്നാണ് മഞ്ജരേക്കർ വിശേഷിപ്പിച്ചത്.
തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് മഞ്ജരേക്കർ ഈ വിമർശനം ഉന്നയിച്ചത്. ഉത്തരവാദിത്തം ഏറ്റെടുക്കാനെന്ന പേരിൽ ബാറ്റിംഗ് വേഗത കുറയ്ക്കുന്ന രാഹുലിന്റെ രീതി അംഗീകരിക്കാനാവില്ലെന്നും, 100 സ്ട്രൈക്ക് റേറ്റിലുള്ള ഇത്തരം പ്രകടനം ടീമിന് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു. പവർപ്ലേയിലെ ഈ മോശം പ്രകടനത്തോടെ തന്നെ ഡൽഹിയുടെ പരാജയം ഉറപ്പായിരുന്നുവെന്നും മഞ്ജരേക്കർ കൂട്ടിച്ചേർത്തു.
Also Read:ഒന്നാം സ്ഥാനത്തിനായി പോരാട്ടം; ഹൈദരാബാദിൽ സൺറൈസേഴ്‌സും പഞ്ചാബും നേർക്കുനേർ
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസിന് 156 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. മറുപടി ബാറ്റിംഗിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് എട്ട് വിക്കറ്റിന് വിജയം കണ്ടു. ഈ പരാജയത്തോടെ 10 മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റ് മാത്രമുള്ള ഡൽഹിയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ പരുങ്ങലിലായി. മെയ് 8-ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ഡൽഹിയുടെ അടുത്ത പോരാട്ടം.






