കേരളത്തെ അരാഷ്ട്രീയവല്‍കരിക്കുകയാണ് സി.പി.എം; കെ.കെ. രമ

കേരളത്തെ അരാഷ്ട്രീയവല്‍കരിക്കുകയാണ് സി.പി.എം; കെ.കെ. രമ

കോഴിക്കോട്: സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി വടകര എം.എല്‍.എ കെ.കെ. രമ രംഗത്ത്. കേരളത്തെ അരാഷ്ട്രീയവല്‍കരിക്കുകയാണ് സി.പി.എം ചെയ്തത്. വ്യാജ പ്രചരണങ്ങളിലേക്കും വര്‍ഗീയതയിലേക്കും ഒരു പാര്‍ട്ടി എത്തുന്ന ഏറ്റവും അധപതിച്ച രാഷ്ട്രീയത്തില്‍ സി.പി.എം എത്തിച്ചേര്‍ന്നുവെന്നും കെ.കെ. രമ പറഞ്ഞു. വര്‍ഗ രാഷ്ട്രീയമാണ് മുന്നോട്ടുവെക്കുന്നതെന്ന് സി.പി.എം പറയുന്നു. വര്‍ഗീയ, ജാതി രാഷ്ട്രീയം പറയുക, ജാതിയുടെ പേരില്‍ ആളുകളെ സമീപിച്ച് വോട്ട് ചോദിക്കുക. ജാതിയുടെ അടിസ്ഥാനത്തില്‍ വലിയ വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമമാണ് മലബാറില്‍ നടത്തിയതെന്നും ഇത് ഗൗരവമായി കാണണമെന്നും കെ.കെ. രമ പറഞ്ഞു.

ഇടതുപക്ഷം ഏത് രാഷ്ട്രീയത്തെ പറ്റി പറയും. ഇടത് ഉണ്ടെങ്കിലേ ഇന്ത്യയുള്ളൂവെന്നാണ് സി.പി.എം പറയുന്നത്. കേരളം മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയില്‍ എവിടെയാണ് ഇടത് ഉള്ളത്. ഇടത് ഇത്തരത്തിലാകാന്‍ കാരണം ആരാണ്. ആരാണ് ഇടതിനെ ഇങ്ങനെയാക്കി മാറ്റിയതെന്ന ചോദ്യത്തിനും ഉത്തരം പറയണം. സി.പി.എം നേതാക്കളുടെ പ്രവര്‍ത്തനമാണ് ഇടതിനെ ഇത്തരത്തിലാക്കിയതെന്നും രമ പറഞ്ഞു.

കേരളത്തിലെ ഇടത് എന്താണ് ചെയ്തത്. സംസ്ഥാനത്ത് കഴിഞ്ഞ ഏഴ് വര്‍ഷമായി ഭരിക്കുന്ന ഇടതുപക്ഷം എന്ന് അവകാശപ്പെടുന്ന സര്‍ക്കാറിനെ കൊണ്ട് ഇവിടത്തെ സാധാരണക്കാര്‍ക്ക് എന്ത് പ്രയോജനമാണ് ഉണ്ടായത്. സാധാരണയില്‍ സാധാരണക്കാരായ മനുഷ്യന്റെ ജീവിത നിലവാരം ഉയര്‍ത്തുകയും അവര്‍ക്ക് വേണ്ടി സംസാരിക്കുകയുമാണ് ഇടത് സര്‍ക്കാര്‍ ചെയ്യേണ്ടത്. എവിടെയാണ് ഇന്ന് സാധാരണക്കാരന്റെ ജീവിതം ഉയരുന്ന സാഹചര്യമുള്ളത്. കിട്ടികൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ പോലും ഇല്ലാതായ സാഹചര്യം സംസ്ഥാനത്ത് എങ്ങനെയാണ് എത്തിച്ചേര്‍ന്നത്. അഴിമതി, ധൂര്‍ത്ത്, വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ അടക്കം നേതാക്കന്മാര്‍ അവരുടെ കീശ വീര്‍പ്പിക്കുക എന്നതിലപ്പുറം എന്ത് രാഷ്ട്രീയമാണുള്ളത്. സ്വന്തം കുടുംബത്തിലേക്ക് രാഷ്ട്രീയം പോവുകയും അവരിലേക്ക് ഒതുക്കിതീര്‍ക്കുകയും ചെയ്യുകയല്ലാതെ എന്താണുള്ളതെന്ന് രമ ചോദിച്ചു.

നിപ്പയെയും കോവിഡിനെയും കുറിച്ചുള്ള രാഷ്ട്രീയം മാത്രമാണ് വടകരയില്‍ എല്‍.ഡി.എഫ് പറഞ്ഞത്. മറ്റേതെങ്കിലും രാഷ്ട്രീയത്തെ കുറിച്ചോ സര്‍ക്കാര്‍ നയത്തെ കുറിച്ചോ ജനങ്ങള്‍ക്ക് വേണ്ടി ഇത് ചെയ്‌തെന്ന് പറയാനോ സാധിച്ചിട്ടില്ല. യുവാക്കളും പ്രതിസന്ധിയിലൂടെയാണ് പോകുന്നത്. പി.എസ്.സി പോലും നോക്കുകുത്തിയാണ്. തിരഞ്ഞെടുപ്പ് കാലത്തെ സി.പി.ഒ റാങ്ക് ലിസ്റ്റില്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ സമരത്തെ സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ല.

ടി.പിയുടെ രാഷ്ട്രീയം എല്ലാ കാലത്തും കത്തിനില്‍ക്കും. ആ രാഷ്ട്രീയം തന്നെയാണ് ഈ തിരഞ്ഞെടുപ്പിലും ചര്‍ച്ച ചെയ്തത്. സ്ത്രീകളാണ് വടകരയില്‍ ഏറ്റവും കൂടുതല്‍ വോട്ട് ചെയ്തത്. അക്രമരാഷ്ട്രീയം അവസാനിക്കണമെന്ന സ്ത്രീകളുടെ മനസിന്റെ തീരുമാനമാണ് ഈ തിരഞ്ഞെടുപ്പില്‍ കാണാനായത്. ചന്ദ്രശേഖരന്റെ ഒരു മുറിവ് വടകരയിലെ ഓരോ സാധാരണക്കാരുടെയും നന്മയുള്ള മുഴുവന്‍ മനുഷ്യരുടെയും മനസില്‍ വലിയ ആഘാതമാണ്. കാലം എത്ര മായ്ച്ചാലും അത് മാറില്ലെന്ന് വിചാരിക്കുന്നു. അത്രയും ക്രൂരമായ കാര്യം ചെയ്ത പാര്‍ട്ടിയാണ് സി.പി.എം എന്നും കെ.കെ. രമ വ്യക്തമാക്കി.

Top