പൊതുവേദികളിൽ നിന്ന് വിട്ടുനിന്നിട്ടും ഇന്റർനെറ്റ് ലോകം ഇന്നും തിരയുന്നത് ആ ഒരൊറ്റ പേരാണ് ‘കിം തേഹ്യുങ്’. 2025-ൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട കെ-പോപ്പ് താരം എന്ന റെക്കോർഡ് ബിടിഎസ് (BTS) അംഗം ‘വി’ സ്വന്തമാക്കി. നിർബന്ധിത സൈനിക സേവനത്തിന്റെ ഭാഗമായി മാസങ്ങളോളം ക്യാമറകൾക്ക് മുന്നിൽ നിന്ന് മാറിനിന്നിട്ടും, അമേരിക്കയും ജപ്പാനും ഉൾപ്പെടെ 77 രാജ്യങ്ങളിലെ ഗൂഗിൾ ട്രെൻഡ്‌സിൽ വി ഒന്നാമതെത്തി. ലോകമെമ്പാടുമുള്ള 81 മേഖലകളിൽ നടത്തിയ സർവേയിൽ 77 ഇടങ്ങളിലും താരം ആധിപത്യം ഉറപ്പിച്ചത് വിയുടെ ആഗോള സ്വാധീനം വെറുമൊരു പോപ്പ് താരത്തിന്റേതല്ല, മറിച്ച് ഒരു ലോക വികാരമാണെന്ന് ഒരിക്കൽ കൂടി അടിവരയിടുന്നു.
ഗൂഗിൾ സെർച്ചിൽ മാത്രമല്ല, സോഷ്യൽ മീഡിയ സ്വാധീനത്തിലും വി പുതിയ ഉയരങ്ങൾ കീഴടക്കി കഴിഞ്ഞു. ‘ഹൈപ്പ് ഓഡിറ്റർ’ പുറത്തുവിട്ട കണക്കുകൾ പ്രകാരം ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ (Global Influencers) മൂന്നാം സ്ഥാനത്താണ് വി. ഫുട്ബോൾ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും മാത്രമാണ് വിയുടെ മുന്നിലുള്ളത്. സെലീന ഗോമസ്, കെൻഡാൽ ജെന്നർ തുടങ്ങിയ വമ്പൻ താരങ്ങളെ പിന്തള്ളിയാണ് ഈ കൊറിയൻ താരം ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. സൈനിക സേവനത്തിനിടയിലും ആരാധകരുടെ താൽപ്പര്യം കുറഞ്ഞില്ലെന്ന് മാത്രമല്ല, മുൻവർഷങ്ങളേക്കാൾ വർദ്ധിക്കുകയാണ് ചെയ്തതെന്നത് വിപണി വിദഗ്ധരെപ്പോലും അത്ഭുതപ്പെടുത്തുന്നു.
Also Read: ‘ജയിലർ 2’ ഒന്നാം ഭാഗത്തേക്കാൾ ഗംഭീരം, രജനി സാർ ഒരു മജീഷ്യനാണ്; അനുഭവം പങ്കുവെച്ച് സുരാജ് വെഞ്ഞാറമൂട്
സംഗീതത്തിന് പുറമെ ഫാഷൻ, ലൈഫ് സ്റ്റൈൽ മേഖലകളിലും വിയുടെ വിപണി മൂല്യം കുതിച്ചുയരുകയാണ്. 2025-ൽ കൊക്ക-കോള, സ്നോ പീക്ക്, കോമ്പോസ് കോഫി തുടങ്ങിയ വമ്പൻ ബ്രാൻഡുകളുമായി താരം കരാറുകളിൽ ഏർപ്പെട്ടു. ഇതിൽ കോമ്പോസ് കോഫിയുമായുള്ള കരാർ മാത്രം ഏകദേശം 4 മില്യൺ ഡോളർ മൂല്യമുള്ളതാണ്. ‘ലേ ഓവർ’ എന്ന സോളോ ആൽബത്തിന്റെ വൻ വിജയവും പുതിയ ബ്രാൻഡ് ഡീലുകളും ചേർന്നതോടെ വിയുടെ ആസ്തി ഏകദേശം 40 മില്യൺ ഡോളറായി (ഏകദേശം 330 കോടിയിലധികം ഇന്ത്യൻ രൂപ) വർദ്ധിച്ചു. ഇതോടെ ബിടിഎസ് അംഗങ്ങളിൽ ഏറ്റവും ധനികനായ താരമെന്ന പദവിയും കിം തേഹ്യുങ് അലങ്കരിക്കുകയാണ്.
കെ-പോപ്പ് ഗ്രൂപ്പുകൾക്കിടയിലെ ആധിപത്യത്തിലും ബിടിഎസ് തങ്ങളുടെ കരുത്ത് തെളിയിച്ചു. 2025-ലെ ഓവർസീസ് കൊറിയൻ വേവ് സർവേ പ്രകാരം 24.6 ശതമാനം ജനപ്രീതിയുമായി ബിടിഎസ് ഒന്നാമത് തുടരുന്നു. രണ്ടാം സ്ഥാനത്തുള്ള ബ്ലാക്ക്‌പിങ്കിനേക്കാൾ (12.3%) ഇരട്ടി ജനപ്രീതിയാണ് ബിടിഎസിനുള്ളത്. ഐയു (IU), സൈ (PSY) തുടങ്ങിയവരാണ് തൊട്ടുപിന്നാലെ. നിരന്തരമായ പ്രമോഷനുകളോ കണ്ടന്റുകളോ ഇല്ലാതെ തന്നെ ഒരു കലാകാരന് തന്റെ സ്വാധീനം ലോകമെമ്പാടും നിലനിർത്താൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് കിം തേഹ്യുങ്. സൈനിക സേവനം പൂർത്തിയാക്കി താരം മടങ്ങിയെത്തുമ്പോൾ വിനോദലോകത്ത് വലിയ മാറ്റങ്ങൾ സംഭവിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.






