തിരുവനന്തപുരം: കിളിമാനൂരിൽ നാടിനെ നടുക്കിയ ഥാർ അപകടത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി വിഷ്ണുവിന് കനത്ത തിരിച്ചടി. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളി. വാഹനം ഇടിച്ചിട്ട ശേഷം ഗുരുതരമായി പരിക്കേറ്റ രജിത്തിനെയും അംബികയെയും ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കാതെ കടന്നുകളഞ്ഞ പ്രതിയുടെ നടപടി അതീവ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു. ഒന്നാം പ്രതിയായ വിഷ്ണു ഇപ്പോഴും ഒളിവിൽ തുടരുകയാണ്.
കഴിഞ്ഞ ജനുവരി 4-നാണ് മദ്യപിച്ചെത്തിയ പ്രതികളുടെ ഥാർ ഇടിച്ച് രജിത്തും അംബികയും അപകടത്തിൽപ്പെട്ടത്. അപകടം നടന്ന ഉടൻ നാട്ടുകാർ ഒരു പ്രതിയെ പിടികൂടി പോലീസിന് കൈമാറിയെങ്കിലും അന്നുതന്നെ ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് വലിയ പ്രതിഷേധത്തിന് കാരണമായി. പ്രതികൾ സർക്കാർ ഉദ്യോഗസ്ഥരായതിനാലാണ് കിളിമാനൂർ പോലീസ് ഇവരെ സംരക്ഷിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. സംഭവത്തിന് പിന്നാലെ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഥാർ കത്തിക്കാൻ ശ്രമിച്ചതും കേസിലെ ദുരൂഹത വർദ്ധിപ്പിക്കുന്നു.
Also Read: പത്തനംതിട്ട കളക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു; നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു
നീതി തേടി സ്റ്റേഷനിലെത്തിയ ബന്ധുക്കളെ പോലീസ് ഉദ്യോഗസ്ഥർ ആക്ഷേപിച്ചതായും പരാതിയുണ്ട്. അപകടം നടന്ന് മൂന്ന് ദിവസത്തിന് ശേഷം അംബികയും കഴിഞ്ഞ ദിവസം രജിത്തും മരണത്തിന് കീഴടങ്ങുകയായിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.






