ലോക റെക്കോർഡിൽ ഇടം നേടി കറുമ്പി. കറുമ്പി ആരാണെന്നാണോ? ഒരു കുഞ്ഞൻ ആടാണ് കറുമ്പി. ലോകത്ത് ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും ഉയരം കുറഞ്ഞ ആട് എന്ന റെക്കോർഡാണ് കറുമ്പി സ്വന്തമാക്കിയിരിക്കുന്നത്. പിഗ്മി ഇനത്തിൽപ്പെട്ട കുള്ളൻ ആടാണ് കറുമ്പി. ആടിന്റെ ഉടമയും കർഷകനുമായ പീറ്റർ ലെനുവിന് തന്റെ ആടിന്റെ ഉയരക്കുറവിനെക്കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നു. എങ്കിലും, ഒരു ലോക റെക്കോർഡ് സ്വന്തമാക്കാൻ മാത്രം ചെറുതാണെന്ന് അദ്ദേഹം കരുതിയിരുന്നില്ല.
ഒരു അതിഥിയാണ് ആടിന്റെ പ്രത്യേകതയെക്കുറിച്ച് പീറ്റർ ലെനുവിനോട് സൂചിപ്പിച്ചത്. അതോടെയാണ് ലോക റെക്കോർഡിന് വേണ്ടി ശ്രമിക്കാൻ പീറ്റർ ലെനു തീരുമാനിക്കുന്നത്. നാല് വയസ്സുള്ള കറുമ്പിക്ക് വെറും 1 അടി 3 ഇഞ്ച് (40.50 സെ.മീ) ഉയരമാണുള്ളത്. ഇതോടെയാണ് കറുമ്പി ഇപ്പോൾ ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും ഉയരം കുറഞ്ഞ ആടായി ലോക റെക്കോർഡ് നേടിയത്. സാധാരണ പിഗ്മി ആടുകൾ 21 ഇഞ്ചിൽ (53 സെ.മീ) കൂടുതൽ ഉയരത്തിൽ വളരുന്നത് തന്നെ വളരെ അപൂർവമാണ്. എങ്കിലും കറുമ്പി അതിലും ചെറുതാണ്.
Also Read: കേരളത്തില്‍ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത: രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
2021-ലാണ് കറുമ്പി ജനിച്ചത്. ആടുകളെ കൂടാതെ പശുക്കൾ, മുയലുകൾ, കോഴികൾ, താറാവുകൾ എന്നിവയെല്ലാം പീറ്റർ ലെനുവിന്റെ ഫാമിലുണ്ട്. അവിടെ കറുമ്പി വളരെ സജീവമാണ്. മറ്റു മൃഗങ്ങളുമായി ഇടപഴകാൻ ഇഷ്ടപ്പെടുന്ന ആട് കൂടിയാണ് കറുമ്പി. കറുമ്പി ഇപ്പോൾ ഗർഭിണിയാണ്. ഗിന്നസ് വേൾഡ് റെക്കോർഡ് തങ്ങളുടെ സോഷ്യൽ മീഡിയാ അക്കൗണ്ടിൽ കറുമ്പിയുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.