സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്ന സാഹചര്യത്തിൽ ജനജീവിതം അതീവ ജാഗ്രതയിൽ. കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം വരുത്തിക്കൊണ്ട് നാളെ (ഓഗസ്റ്റ് 4 ചൊവ്വാഴ്ച) സംസ്ഥാനത്തെ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെലോ അലർട്ട് തുടരുമെന്നും അധികൃതർ അറിയിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ഉടൻ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്കോ ക്യാമ്പുകളിലേക്കോ മാറിത്താമസിക്കേണ്ടതാണ്. നദികൾ മുറിച്ചു കടക്കാനോ ജലാശയങ്ങളിൽ ഇറങ്ങാനോ പാടില്ലെന്നും, അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായി ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
അപകടസാധ്യത മുന്നിൽക്കണ്ട് എമർജൻസി കിറ്റുകൾ തയ്യാറാക്കി വെക്കാനും, താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകളിലെ 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ സഹായങ്ങൾക്കായി ബന്ധപ്പെടാനും സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്ക്കേണ്ടതാണ്., കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ ഉണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077,1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.





