കാക്കിയെ ഭയപ്പെട്ട കാലത്ത് നിന്നും കാക്കിയെ വകവയ്ക്കാത്ത കാലത്തേക്കാണ് കേരളം ഇപ്പോള്‍ പോയി കൊണ്ടിരിക്കുന്നത്. അതിന്റെ പരിണിത ഫലമാണ് നാട്ടില്‍ ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന അക്രമങ്ങള്‍. പൊലീസ് നിയമം ദുരുപയോഗം ചെയ്യുന്നതിനെ ശക്തമായി എതിര്‍ക്കുക തന്നെ വേണം. അതേസമയം, പൊലീസ് നാടിനും ജനങ്ങള്‍ക്കും നല്‍കുന്ന സംരക്ഷണ കവചത്തിന് പോറല്‍ ഏല്‍പ്പിക്കുന്നതും നല്ലതല്ല. ഒറ്റപ്പെട്ട ലോക്കപ്പ് മര്‍ദ്ദനങ്ങളും കസ്റ്റഡി മരണവും എല്ലാം പര്‍വ്വതീകരിച്ച് പൊലീസിനെ കടന്നാക്രമിച്ച്, പല്ല് പോയ സിംഹത്തിന്റെ അവസ്ഥയില്‍ കാക്കിപടയെ ആക്കിയതില്‍ ഇവിടുത്തെ മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വലിയ പങ്കാണ് ഉള്ളത്.
Also Read: സ്വന്തം മണ്ണിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന ജീവിതങ്ങൾ
കൊടും ക്രിമിനലുകളെ പൊലീസ് കൈകാര്യം ചെയ്താല്‍ പോലും അത് ഏകപക്ഷീയമായി ചോദ്യം ചെയ്ത് പൊലീസ് ഉദ്യോഗസ്ഥരുടെ തൊപ്പി തെറിപ്പിച്ചു മാത്രമേ ഇത്തരക്കാര്‍ പിന്‍മാറുകയൊള്ളൂ. ഈ പ്രവണത ക്രിമിനലുകളോടുള്ള പൊലീസിന്റെ മനോഭാവത്തിലും മാറ്റംവരുത്തിയിട്ടുണ്ട് എന്നത് പറയാതെ വയ്യ. കൊലക്കേസ് പ്രതികളെ പോലും, കൈകാര്യം ചെയ്യാതെ, അവര്‍ക്ക് ചിക്കനും ചോറും വാങ്ങി കൊടുത്ത് തൃപ്തി നല്‍കുന്ന സങ്കേതങ്ങളായി പൊലീസ് സ്റ്റേഷനുകള്‍ ഇപ്പോള്‍ മാറി കഴിഞ്ഞിട്ടുണ്ട്. ഇതും മാധ്യമങ്ങളെ സംബന്ധിച്ച് വാര്‍ത്താ വിഭവങ്ങളാണ്. പാലക്കാട് നെന്മാറയില്‍ കണ്ടതും അതു തന്നെയാണ്.

നെന്മാറ ഇരട്ട കൊലപാതക കേസില്‍ പൊലീസിന്റെ വീഴ്ച പരിശോധിക്കുന്നതോടൊപ്പം തന്നെ, മറ്റു ചില കാര്യങ്ങള്‍ കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. ജനമൈത്രി പൊലീസ് ക്രിമിനല്‍ മനസ്സുള്ളവര്‍ക്ക് ഇപ്പോള്‍ ‘ക്രിമിനല്‍മൈത്രി ‘ പൊലീസാണ്. എന്ത് ചെയ്താലും പൊലീസ് മര്‍ദ്ദിക്കില്ലെന്ന ഒരു ആത്മവിശ്വാസം ഇവര്‍ക്കുമുണ്ട്. ജയിലില്‍ അടക്കപ്പെട്ടാല്‍, അധികം താമസിയാതെ ജാമ്യത്തില്‍ പുറത്തിറങ്ങാമെന്നതും, നല്ലൊരു വക്കീല്‍ ഉണ്ടെങ്കില്‍ ഏത് കേസില്‍ നിന്നും ഊരി പോകാമെന്നതും, ഇക്കൂട്ടരെ നയിക്കുന്ന ആത്മവിശ്വാസമാണ്. ആ ആത്മവിശ്വാസം തന്നെയാണ്, കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ ചെന്താമരയെ ഇരട്ട കൊലപാതകത്തിനും പ്രേരിപ്പിച്ചിരിക്കുന്നത്.
നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച ചെന്താമരയെ വിളിച്ച് വരുത്തി താക്കീത് ചെയ്ത് വിടുന്നതിനപ്പുറം രണ്ട് അടി സി .ഐ കൊടുത്തിരുന്നെങ്കില്‍, ഈ കൊടുംപാതകം ഒരുപക്ഷേ നടക്കില്ലായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അത്തരമൊരു സാഹസത്തിന് സി.ഐ മുതിര്‍ന്നിട്ടില്ല. ഇത് നെന്മാറയിലെ സി.ഐയുടെ മാത്രം അവസ്ഥയല്ല. കേരളത്തിലെ പൊലീസിന്റെ മൊത്തത്തിലുള്ള അവസ്ഥയാണ്. പ്രതികള്‍ക്ക് മേല്‍ കൈവച്ചാല്‍പോലും തൊപ്പി തെറിക്കുമെന്ന അനുഭവത്തില്‍ വന്ന പിറകോട്ടടിയാണിത്. അന്യായമായ പൊലീസ് മര്‍ദ്ദനങ്ങളെ എതിര്‍ക്കുമ്പോള്‍ തന്നെ, ന്യായമായ പൊലീസ് നടപടികളെ അംഗീകരിക്കാനും സമൂഹം തയ്യാറാകേണ്ടതുണ്ട്. അതല്ലെങ്കില്‍, ചെന്താമരമാരുടെ എണ്ണമാണ് കൂടുക.

നിലവില്‍ കേരളത്തിലെ അവസ്ഥ സ്‌ഫോടനാത്മകമാണ്. സമൂഹത്തില്‍ കുറ്റവാസന പെരുകുകയാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ, വിവിധ ലഹരി മരുന്നുകള്‍ക്ക് അടിമകളാകുന്ന അപകടകരമായ സാഹചര്യമാണുള്ളത്. ലഹരിയുടെ പുറത്ത് എന്തും ചെയ്യാമെന്ന അവസ്ഥയില്‍ ചെറുപ്പം എത്തുന്നത് പൊലീസിനും വലിയ വെല്ലുവിളിയാണ്. പൊലീസിന് നേരെയുള്ള അക്രമങ്ങള്‍ തുടര്‍ച്ചയായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കാക്കിയെ കണ്ടാല്‍ ഓടുന്നവര്‍, കാക്കിയെ കൈവയ്ക്കാമെന്ന മാനസികാവസ്ഥയിലാണ് മുന്നോട്ട് പോകുന്നത്. അതിന് ചെറുപ്പമെന്നോ മുതിര്‍ന്നവരെന്നോ വകഭേദവുമില്ല.
പാലക്കാട്ടെ ഇരട്ട കൊലപാതക കേസിന് തൊട്ടു പിന്നാലെ, പത്തനംതിട്ടയില്‍ നിന്നും പുറത്ത് വന്ന ഒരു വാര്‍ത്ത ഞെട്ടിക്കുന്നതാണ്. ഇവിടെ ഒരു എസ്.ഐയെ കഴുത്തിനുപിടിച്ച് നിലത്തടിച്ചത് പ്ലസ് ടു വിദ്യാര്‍ഥിയാണ്. വിദ്യാര്‍ഥി ബസ്സ്റ്റാന്‍ഡില്‍ കറങ്ങി നടക്കുന്നത് ചോദ്യംചെയ്ത പത്തനംതിട്ട സ്റ്റേഷനിലെ എസ്‌ഐ ജിനുവിനാണ് ക്രൂരമായ മര്‍ദനമേറ്റിരിക്കുന്നത്. തലയ്ക്കും കൈക്കും പരിക്കേറ്റ ഇദ്ദേഹം നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ജനുവരി 28ന് വൈകീട്ടായിരുന്നു പൊലീസിനെയും നാടിനെയും ഞെട്ടിച്ച സംഭവം ഉണ്ടായിരിക്കുന്നത്.

പുതിയ സ്വകാര്യ സ്റ്റാന്‍ഡില്‍, വിദ്യാര്‍ഥിനികളെ കമന്റടിക്കുന്നെന്ന പരാതിയെ തുടര്‍ന്ന് പരിശോധനയ്ക്കെത്തിയ എസ്.ഐയും സംഘവും, അവിടെ കറങ്ങി നടന്ന വിദ്യാര്‍ത്ഥിയോട്, വീട്ടില്‍ പോകാന്‍ പറഞ്ഞപ്പോള്‍ എസ്.ഐയോട് തട്ടിക്കയറുകയാണുണ്ടായത്. ‘ഇത് പറയാന്‍ താന്‍ ആരാണെന്ന് എസ്.ഐയോട് ചോദിച്ച വിദ്യാര്‍ത്ഥിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ പോലീസ് ജീപ്പിനരികിലേക്ക് പോയപ്പോള്‍, അപ്രതീക്ഷിതമായി വിദ്യാര്‍ത്ഥി പിന്നില്‍ നിന്നും എസ്.ഐയെ ആക്രമിക്കുകയാണുണ്ടായത്. താഴെ വീണ എസ്.ഐ.യുടെ തലയില്‍ കമ്പുകൊണ്ടും അടിച്ച് വിദ്യാര്‍ത്ഥി പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് മറ്റു പോലീസുകാരുടെ സഹായത്തോടെയാണ് അക്രമിയെ കീഴടക്കി എസ്.ഐ ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നത്.നാട്ടുകാര്‍ നോക്കി നില്‍ക്കെ എസ്.ഐയെ അടിച്ചിടുന്നതിന് ഈ വിദ്യാര്‍ത്ഥിക്ക് ധൈര്യം നല്‍കിയതും, പൊലീസ് തിരിച്ച് തന്നെ ഒന്നും ചെയ്യില്ലന്ന ഉറപ്പില്‍ തന്നെ ആവാനാണ് സാധ്യത.
Also Read: ആഫ്രിക്കയ്ക്കും പ്രിയം പുടിനോട്, നാറ്റോയെ തറപറ്റിക്കാൻ ബ്രിക്സ്
ഇതിന് മുന്‍പും കാസര്‍ഗോഡ് മുതല്‍ തിരുവന്തപുരം വരെ, നിരവധി സ്ഥലങ്ങളില്‍ പൊലീസിനെ ക്രിമിനലുകള്‍ വളഞ്ഞിട്ട് ആക്രമിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നതും, ഈ ഘട്ടത്തില്‍ നാം ഓര്‍ക്കണ്ടതുണ്ട്. ഇങ്ങനെ. പ്രായഭേദമന്യേ ക്രിമിനല്‍ മനസ്സുള്ള ആര്‍ക്കും പൊലീസിനെ കൈകാര്യം ചെയ്യാമെന്ന അവസ്ഥ നാട്ടിലെ നിയമവാഴ്ചയെയാണ് തകര്‍ക്കുക. ഇത് തിരിച്ചറിഞ്ഞുള്ള ശക്തമായ നടപടികള്‍ക്ക് പൊലീസ് ഉന്നതരും സര്‍ക്കാറും തയ്യാറാകണം. അതല്ലെങ്കില്‍ വരും നാളുകളില്‍ കേരളത്തിലെ ക്രമസമാധാന നിലയാണ് തകര്‍ന്ന് തരിപ്പണമാകുക. പൊലീസിന്റെ മനോവീര്യം തകര്‍ന്നാല്‍, നാട്ടില്‍ അരാജകത്വമാണ് പടരുക എന്നതും ഓര്‍ത്ത് കൊള്ളണം.

ഗുണ്ടകളെയും മയക്കുമരുന്ന് മാഫിയകളെയും പൂര്‍ണ്ണമായും അടിച്ചൊതുക്കണം. രാഷ്ട്രീയ വൈര്യം മാറ്റിവച്ച് ഇക്കാര്യത്തിലെങ്കിലും സര്‍ക്കാറിന് പിന്തുണ നല്‍കാന്‍ പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും തയ്യാറാകണം. ശക്തമായ പൊലീസ് വേണമെന്ന് ചുമ്മാ പറഞ്ഞാല്‍ മാത്രം പോര അതിന് പൊലീസിന് അധികാരവും സംരക്ഷണവും നല്‍കുകയാണ് വേണ്ടത്. ക്രിമിനലുകളെ ക്രിമിനലുകളായി കണ്ട് തന്നെ അടിച്ചമര്‍ത്താന്‍ പൊലീസ് തയ്യാറാകണം. പൊലീസിന്റെ നിഴല്‍ കണ്ടാല്‍ സാധാരണ ജനങ്ങള്‍ ഭയക്കേണ്ട കാര്യമില്ല, പക്ഷേ… ക്രിമിനലുകള്‍ ഭയക്കുക തന്നെ വേണം. ഈ ഭയത്തിന് മാത്രമേ നാട്ടില്‍, ശാശ്വതമായ സമാധാനം കൊണ്ടുവരാന്‍ കഴിയുകയൊള്ളൂ. ദൈവത്തിന്റെ സ്വന്തം നാട്, ക്രിമിനലുകളുടെ സ്വന്തം നാടായി മാറാതിരിക്കാന്‍, അത്… അനിവാര്യവുമാണ്. അതെന്തായാലും പറയാതെ വയ്യ.
Express View
വീഡിയോ കാണാം…