ജമ്മു കശ്മീരിനെതിരെ കേരളത്തിന് ലീഡ്, സല്‍മാന് സെഞ്ച്വറി

രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഒമ്പതിന് 200 എന്ന നിലയിലായിരുന്ന കേരളത്തെ സല്‍മാന്‍- ബേസിൽ കൂട്ടുകെട്ട് ലീഡിലേക്ക് നയിക്കുകയായിരുന്നു

ജമ്മു കശ്മീരിനെതിരെ കേരളത്തിന് ലീഡ്, സല്‍മാന് സെഞ്ച്വറി
ജമ്മു കശ്മീരിനെതിരെ കേരളത്തിന് ലീഡ്, സല്‍മാന് സെഞ്ച്വറി

പൂണെ: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ജമ്മു കശ്മീരിനെതിരെ കേരളത്തിന് നിര്‍ണായക ലീഡ്. ഒന്നാം ഇന്നിംഗ്‌സിൽ ഒരു റണ്ണിന്റെ ലീഡാണ് കേരളം നേടിയത്. ജമ്മുവിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 280നെതിരെ കേരളം 281ന് റൺസെടുത്താണ് പുറത്തായത്. മത്സരത്തിൽ സല്‍മാന്‍ നിസാർ 112 റണ്‍സുമായി പുറത്താവാതെ നിന്നു. നാല് സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതാണ് താരത്തിന്റെ ഇന്നിംഗ്‌സ്. ബേസില്‍ തമ്പിയുടെ (15) ഇന്നിംഗ്‌സും ലീഡ് വർധിപ്പിക്കുന്നതിൽ നിര്‍ണായകമായി.

രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഒമ്പതിന് 200 എന്ന നിലയിലായിരുന്ന കേരളത്തെ സല്‍മാന്‍- ബേസിൽ കൂട്ടുകെട്ട് ലീഡിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും 81 റണ്‍സ് കൂട്ടിചേര്‍ത്തു. മത്സരം സമനിലയില്‍ അവസാനിച്ചാലും കേരളത്തിന് സെമി ഫൈനലില്‍ കടക്കാന്‍ സാധിക്കും. എന്നാൽ ജമ്മു കശ്മീർ സെമി കളിക്കണമെങ്കില്‍ കേരളത്തെ തോല്‍പ്പിക്കേണ്ടത് അനിവാര്യമാണ്.

Also Read: സെവിയ്യയെ തകർത്ത് ബാഴ്‌സലോണ

മൂന്നാം ദിനം തുടങ്ങുമ്പോള്‍ 49 റണ്‍സായിരുന്നു സല്‍മാന്റെ സ്‌കോര്‍. 67 റണ്‍സ് നേടിയ ജലജ് സക്‌സേനയാണ് കേരളത്തിന്റെ അടുത്ത ടോപ് സ്‌കോറര്‍. നിധീഷ് എം ഡി (30), അക്ഷയ് ചന്ദ്രന്‍ (29), മുഹമ്മദ് അസറുദ്ദീന്‍ (15) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ട മറ്റു താരങ്ങള്‍. മത്സരത്തിന്റെ തുടക്കത്തിലെ രോഹന്‍ കുന്നുമ്മല്‍(1), ഷോണ്‍ റോജര്‍(0), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി(2) എന്നിവരുടെ വിക്കറ്റുകള്‍ കേരളത്തിന് നഷ്ടമായി.

നേരത്തെ 228-8 എന്ന സ്‌കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ജമ്മു കശ്മീര്‍ ഒന്നാം ഇന്നിംഗ്സില്‍ 280 റണ്‍സിന് പുറത്തായിരുന്നു. പത്താമനായി ഇറങ്ങി തകര്‍ത്തടിച്ച് 30 പന്തില്‍ 32 റണ്‍സെടുത്ത അക്വിബ് നബിയും 31 പന്തില്‍ 26 റണ്‍സെടുത്ത യുദ്ധ്‌വീര്‍ സിംഗും ഉമര്‍ നസീറും ചേര്‍ന്നാണ് രണ്ടാം ദിനം ജമ്മു കശ്മീരിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. കേരളത്തിന് വേണ്ടി നിധീഷ് ആറ് വിക്കറ്റും നേടിയിരുന്നു.

Share Email
Top