കേരള കുംഭമേളയും ‘ഭജൻസും’ സംഘപരിവാറിൻ്റെ കേരള പ്രോജക്റ്റ്, ലക്ഷ്യം 2031ലെ നിയമസഭ തിരഞ്ഞെടുപ്പ്

ഇതൊരു സംഘപരിവാർ പ്രോജക്റ്റ് ആണ് എന്ന ആരോപണം ഇതിനകം തന്നെ ഉയർന്നു കഴിഞ്ഞിട്ടുണ്ട്. 2031-ൽ കേരള ഭരണം പിടിക്കാനുള്ള ബി.ജെ.പി പദ്ധതി പ്രകാരം തന്നെയാണ് ഈ പദ്ധതിയും ഇപ്പോൾ പോകുന്നത്. കുംഭമേള സ്ഥലത്ത് പലയിടങ്ങളിലും ആർ.എസ്.എസ് ഗണഗീതം ആളുകൾ കൂട്ടമായി ഇരുന്ന് പാടുന്നത്, ഇപ്പോൾ സോഷ്യൽ മീഡിയകളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്

കേരള കുംഭമേളയും ‘ഭജൻസും’ സംഘപരിവാറിൻ്റെ കേരള പ്രോജക്റ്റ്, ലക്ഷ്യം 2031ലെ നിയമസഭ തിരഞ്ഞെടുപ്പ്
കേരള കുംഭമേളയും ‘ഭജൻസും’ സംഘപരിവാറിൻ്റെ കേരള പ്രോജക്റ്റ്, ലക്ഷ്യം 2031ലെ നിയമസഭ തിരഞ്ഞെടുപ്പ്

രുപത് ലക്ഷത്തിലേറെ ആളുകൾ തിരുന്നാവായയിൽ സംഘടിപ്പിച്ച കുംഭമേളയിൽ പങ്കെടുക്കാനെത്തിയ ഒരു കണക്ക് ഇപ്പോൾ പുറത്ത് വരുന്നുണ്ട്. ആ കണക്ക് സംഘാടകർ പുറത്ത് വിട്ടിട്ടുള്ളതാണെങ്കിലും, നിളയെ ആൾക്കടലാക്കി ഭാരതപ്പുഴയിലെ യജ്ഞവേദിയിലേക്ക് ലക്ഷങ്ങൾ ഒഴുകി എത്തി എന്നത് ഒരു യാഥാർത്ഥ്യം തന്നെയാണ്. പ്രതീക്ഷിച്ചതിനേക്കാൾ ഗംഭീരമായി മഹാമാഘം നടത്താൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്നാണ് പ്രധാന സംഘാടകനായ സഭാപതി മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി പറയുന്നത്. 2027-ൽ പൌഷപൗർണമി മുതൽ ശിവരാത്രി വരെ 45 ദിവസം നീളുന്ന വിപുലമായ പരിപാടികളോടെ മഹാമാഘം നടത്താനാണ് അവർ ആലോചിക്കുന്നത്. അത് 2028- ആകുമ്പോഴേക്കും പ്രയാഗ് രാജിലേതിനുസമാനമായി മഹാകുംഭമേളയെന്നു വിശേഷിപ്പിക്കാവുന്ന തരത്തിൽ നടത്താനാണ് ഉദ്ദേശിക്കുന്നത്.

ഇതൊരു സംഘപരിവാർ പ്രോജക്റ്റ് ആണ് എന്ന ആരോപണം ഇതിനകം തന്നെ ഉയർന്നു കഴിഞ്ഞിട്ടുണ്ട്. 2031-ൽ കേരള ഭരണം പിടിക്കാനുള്ള ബി.ജെ.പി പദ്ധതി പ്രകാരം തന്നെയാണ് ഈ പദ്ധതിയും ഇപ്പോൾ പോകുന്നത്. കുംഭമേള സ്ഥലത്ത് പലയിടങ്ങളിലും ആർ.എസ്.എസ് ഗണഗീതം ആളുകൾ കൂട്ടമായി ഇരുന്ന് പാടുന്നത്, ഇപ്പോൾ സോഷ്യൽ മീഡിയകളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംഘപരിവാർ സംഘടനകളും അവരുടെ അനുഭാവമുള്ള സംഘടനകളും ഹൈന്ദവ വിശ്വാസത്തെയും വികാരത്തെയും ഉത്തേജിപ്പിച്ച് ഉത്തരേന്ത്യയിലേതിന് സമാനമായ ഒരു അന്തരീക്ഷം കേരളത്തിലും ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. അതിൻ്റെ ആദ്യ പ്രകടനമാണ് തിരുന്നാവായയിൽ നാം കണ്ടിരിക്കുന്നത്. കുംഭമേള സംഘടിപ്പിക്കുന്നത് സംബന്ധമായി തുടക്കത്തിൽ ഉണ്ടായ എതിർപ്പിനെ പോലും, അനുകൂലമാക്കി മാറ്റാനും അവർക്ക് കഴിഞ്ഞിട്ടുണ്ട്. തുടക്കത്തിൽ കുംഭമേളയിലേക്ക് കേരളത്തിലെ സംഘപരിവാർ കുടുംബങ്ങളിൽ നിന്നുള്ളവരാണ് എത്തിയതെങ്കിലും, പിന്നീട് അങ്ങോട്ട് അവർ സൃഷ്ടിച്ച പ്രചരണത്തിൽ ആകൃഷ്ടരായി പതിനായിരകണക്കിന് പേരാണ് ദിവസവും എത്തി കൊണ്ടിരുന്നത്. കേരളത്തെ സംബന്ധിച്ച് ഇതൊരു വേറിട്ട കാഴ്ച തന്നെയാണ്.

Also Read: ഇന്ത്യയുടെ ബ്രഹ്മാസ്ത്രം റെഡി! ശത്രുവിമാനങ്ങൾക്ക് ഇനി രക്ഷയില്ല; ആകാശപ്പോരിൽ വിപ്ലവം സൃഷ്ടിച്ച് SFDR! ലോകശക്തികളുടെ പട്ടികയിലേക്ക് ഇന്ത്യയുടെ മാസ് എൻട്രി…

കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുപാർട്ടി എന്നു പറയുന്നത് സി.പി.എമ്മാണ്. സി.പി.എമ്മിൻ്റെ, അതായത് ഇടതുപക്ഷത്തിൻ്റെ ഈ വോട്ട് ബാങ്ക് പൊളിക്കാതെ ഒരു കാരണവശാലും ബി.ജെ.പിക്ക് കേരള ഭരണം പിടിക്കാൻ കഴിയുകയില്ല. അതുകൊണ്ടാണ് ബി.ജെ.പി ഇപ്പോൾ ഈ വളഞ്ഞ വഴി സ്വീകരിച്ചിരിക്കുന്നത്. ഇതിന് പിന്നിൽ കൃത്യമായ ആർ.എസ്.എസ് അജണ്ട തന്നെ പ്രവർത്തിക്കുന്നുണ്ട്.

മറ്റ് മതസ്ഥരിൽ നിന്നും വ്യത്യസ്തമായി ആത്മീയ കാര്യങ്ങളിലും പരിപാടികളിൽ നിന്നുമെല്ലാം വിട്ടു നിൽക്കുന്ന സ്വഭാവമാണ് പൊതുവെ ഹൈന്ദവ സമൂഹത്തിലെ വലിയ വിഭാഗവും കാണിക്കാറില്ലാത്തത്. മുസ്ലീം – ക്രൈസ്തവ വിഭാഗങ്ങളെ പോലെ ഒരു സെമറ്റിക് മതമല്ലാത്തതും ഇതിന് പ്രധാന കാരണമാണ്. ഈ രീതിയിൽ നിന്നും ഒരു മാറ്റമാണ് സംഘപരിവാർ ആഗ്രഹിക്കുന്നത്. അതിനായി അവർ നിശബ്ദമായ ഒരു ഇടപെടൽ കഴിഞ്ഞ കുറേ കാലങ്ങളായി കേരളത്തിൽ നടത്തി വരുന്നുമുണ്ട്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷമാണ് ഈ നീക്കത്തിന് വേഗത കൂടിയിരിക്കുന്നത്. സോഷ്യൽ മീഡിയയുടെ രംഗപ്രവേശവും ഇക്കാര്യത്തിൽ സംഘപരിവാറിന് ഏറെ സഹായകരമായിട്ടുണ്ട്. പ്രത്യക്ഷത്തിൽ അല്ലെങ്കിലും പരോക്ഷമായി പല പരിപാടികൾക്ക് പിന്നിലും പരിവാർ അജണ്ട പ്രവർത്തിക്കുന്നുണ്ട്. ആരാധനാലയങ്ങളിൽ നിന്നും പൊതുയിടങ്ങളിലേക്ക് വരെ നീളുന്ന ഭജൻസിൻ്റെ വമ്പിച്ച പ്രമോഷനും സ്വീകാര്യതയ്ക്കും പിന്നിൽ പോലും, ഇത്തരമൊരു അജണ്ട പ്രവർത്തിക്കുന്നുണ്ട് എന്ന് ന്യായമായും സംശയിക്കാവുന്നതാണ്.

ഇതൊക്കെ തന്നെ ആത്യന്തികമായി ഹൈന്ദവ സമൂഹത്തെ ഭക്തിയിലേക്ക് കൂടുതൽ അടുപ്പിക്കുന്ന കാര്യമാണ്. അങ്ങനെ ഭക്തിയിലൂടെ കയറി ഹൈന്ദവ വിശ്വാസികളുടെ ചിന്താശക്തിയെ സ്വാധീനിക്കുക എന്ന പ്രോജക്ടിൻ്റെ ഭാഗമായാണ് തിരുന്നാവായയിൽ കുംഭമേളയും അരങ്ങേറിയിരിക്കുന്നത്.

Also Read: 24 ദിവസമോ 50 ദിവസമോ? പുടിന്റെ പടക്കപ്പലുകൾക്ക് പിന്നാലെ ലാറ്റിനമേരിക്കൻ കരുത്ത്! ക്രൂഡ് വരുന്നു; ഇന്ത്യയുടെ ഊർജ്ജതന്ത്രം മാറുന്നു!

അടുത്ത വർഷം മുതൽ നടക്കുന്ന കുംഭമേളയിൽ പങ്കെടുക്കാൻ കേന്ദ്ര മന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും സെലിബ്രിറ്റികളും എല്ലാം എത്താൻ എല്ലാ സാധ്യതയുമുണ്ട്. അതും ഈ പ്രോജക്റ്റിൻ്റെ ഭാഗം തന്നെയാണ്. 2031 -ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് നടക്കുന്ന കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തും. അങ്ങനെ ഒരു അന്തരീക്ഷം ഉണ്ടാക്കി കേരളം പിടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതിന് അവർക്ക് ആത്മവിശ്വാസം നൽകുന്ന ഘടകം കേരളത്തിലെ രാഷ്ട്രീയ സാഹചര്യം തന്നെയാണ്. ഇത്തവണ, അതായത് 2026- ൽ യു.ഡി.എഫ് അധികാരത്തിൽ വന്നാലും, ഇടതുപക്ഷം അധികാരത്തിൽ വന്നാലും, സി.പി.എമ്മിന് വലിയ പ്രതിസന്ധിയുണ്ടാകും എന്നതാണ്. പിണറായി വിജയന് ശേഷം തലപൊക്കമുള്ള ഒരു നേതൃത്വം സി.പി.എമ്മിനെ നയിക്കാൻ ഇല്ലാത്ത സാഹചര്യം വന്നാൽ, ആ മുന്നണി തന്നെ പൊളിയുമെന്നാണ് ബി.ജെ.പി കണക്ക് കൂട്ടുന്നത്. വെള്ളാപ്പള്ളി നടേശനെ പിണറായി ഭക്തനാക്കി ബി.ജെ.പിക്ക് കളിക്കുന്ന കളിയും, കൃത്യമായ രാഷ്ട്രീയ ലക്ഷ്യം മുൻ നിർത്തിയുള്ളതാണ്. ഇടതുപക്ഷത്തിന് ഒപ്പം നിൽക്കുന്ന മുസ്ലിം വോട്ടുകൾ ഇല്ലാതാക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയുള്ള ആ അജണ്ട ഏതാണ്ട് ലക്ഷ്യം കാണുന്ന അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്. വെള്ളാപ്പള്ളി ഒപ്പം ഉണ്ടെങ്കിൽ ഹിന്ദുവോട്ടുകൾ, പ്രത്യേകിച്ച് ഈഴവ വോട്ടുകൾ കിട്ടുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ കണക്ക് കൂട്ടലുകളും ഈ തിരഞ്ഞെടുപ്പിൽ എന്തായാലും തെറ്റാൻ പോകുന്ന ഒന്നാണ്. വെള്ളാപ്പള്ളിയുടെ ബുദ്ധിയിൽ പിറന്ന ബി.ഡി.ജെ.എസിൻ്റെ തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രകടനം തന്നെ, ഇതിനുള്ള ഒന്നാംന്തരം ഉദാഹരണമാണ്. മത്സരിച്ച 300 സീറ്റുകളിൽ ബി.ഡി.ജെ.എസിന് ജയിക്കാനായത് കേവലം 5 സീറ്റുകളിൽ മാത്രമാണ്. എൻ.ഡി.എ മുന്നണിയിൽ ഉണ്ടായിട്ടു പോലും ബിജെപിയുടെ വോട്ടുകൾ പോലും അവർക്ക് ലഭിച്ചിട്ടില്ല എന്നത് , ഈ കണക്കുകളിൽ നിന്നു തന്നെ വ്യക്തമാണ്.

ബി.ഡി.ജെ.എസിന് സമുദായ പിന്തുണ പോലും ഇല്ലെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ബി.ജെ.പി പോലും ആ പാർട്ടിയെ ഇപ്പോൾ അവഗണിച്ച് കൊണ്ടിരിക്കുന്നത്. ഇതൊന്നും നമ്മുടെ മുഖ്യമന്ത്രിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. അതു കൊണ്ടാണ് അദ്ദേഹം വെള്ളാപ്പള്ളിയെ ഇപ്പോഴും വിടാതെ പിടിച്ചിരിക്കുന്നത്.

ഇതിനെതിര മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി പ്രതികരിക്കാനുള്ള ആർജ്ജവം നിലവിൽ സി.പി.എം നേതൃത്വത്തിനില്ല. അത് ഉണ്ടായിരുന്നു എങ്കിൽ, പി.എം. ശ്രീ പദ്ധതിയിൽ കേരളം ഒപ്പിട്ടപ്പോൾ തന്നെ എം.എ ബേബി തിരുത്തണമായിരുന്നു. അത് സംഭവിച്ചിട്ടില്ലല്ലോ?. പി.എം ശ്രീയിൽ തിരുത്തിക്കാൻ ഘടകകക്ഷിയായ സി.പി.ഐ ഇടപെടേണ്ടി വന്നത് നമ്മളൊക്കെ കണ്ടതല്ലേ ? അതു പോലെ തന്നെ, വെള്ളാപ്പള്ളി വിഷയത്തേയും കണ്ടാൽ മതി. പിണറായി എന്തായാലും തിരുത്താൻ പോകുന്നില്ല. ഇക്കാര്യത്തിൽ ഇനി സി.പി.ഐ കടുപ്പിച്ചിട്ടും കാര്യമില്ല. തിരഞ്ഞെടുപ്പിൽ തിരിച്ചടി കിട്ടിയാൽ മാത്രമാണ്, ഇക്കാര്യത്തിൽ സി.പി.എമ്മിനും പിണറായിക്കും പുനർവിചിന്തനം ഉണ്ടാകുകയൊള്ളൂ. അപ്പോൾ തിരുത്തിയിട്ട് പ്രത്യേകിച്ച് ഒരു കാര്യവും ഉണ്ടാകാനും പോകുന്നില്ല. പ്രത്യയശാസ്ത്രപരമായി സി.പി.എമ്മിനുണ്ടാകുന്ന ഈ തകർച്ചയിൽ നിന്നാണ്, കാവി രാഷ്ട്രയത്തിന് സംഘപരിവാർ നേതൃത്വം കേരളത്തിൽ ഭാവി കാണുന്നത്. ഭജൻസും കുംഭമേളയും എല്ലാം അവർ അതിനായി ഫലപ്രദമായി തന്നെ ഉപയോഗിക്കുന്നുമുണ്ട്.

EXPRESS VIEW

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

വീഡിയോ കാണാം…

Share Email
Top