തൊഴിലില്ലായമയിലും കേരളം നമ്പര്‍ വണ്‍; 15-29 വയസിലുള്ളവരിലെ തൊഴിലില്ലായ്മ നിരക്ക് റിപ്പോര്‍ട്ട് പുറത്ത്

തൊഴിലില്ലായമയിലും കേരളം നമ്പര്‍ വണ്‍; 15-29 വയസിലുള്ളവരിലെ തൊഴിലില്ലായ്മ നിരക്ക് റിപ്പോര്‍ട്ട് പുറത്ത്

നഗര പ്രദേശങ്ങളില്‍ 15-29 വയസ് വരെ പ്രായമുള്ളവരില്‍ കൂടുതല്‍ തൊഴിലില്ലാത്തവര്‍ കേരളത്തില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. 31.8 ശതമാനമാണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കണക്കാണ് പിരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ (പിഎല്‍എഫ്എസ്) പുറത്തുവിട്ടിരിക്കുന്നത്. 22 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും നടത്തിയ സര്‍വേയില്‍ ഏറ്റവും കുറവ് തൊഴിലില്ലായ്മ നിരക്ക് ഡല്‍ഹിയിലാണെന്നാണ് (3.1ശതമാനം) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സ്ഥിതി വിവരക്കണക്ക്- പദ്ധതി നിര്‍വഹണ വകുപ്പ് (മിനിസ്റ്ററി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷന്‍- എംഒഎസ്‍പിഐ) ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

ജമ്മു കശ്മീര്‍, തെലങ്കാന, രാജസ്ഥാന്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് ഈ വിഭാഗത്തിൽ ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയ മറ്റ് നാല് സംസ്ഥാനങ്ങള്‍. ഈ കാലയളവില്‍ ആകെയുള്ള തൊഴിലില്ലായ്മ നിരക്ക് 17 ശതമാനമാണ്. ഇത് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള 16.5 ശതമാനത്തില്‍ നിന്നും കൂടുതലും 2023ലെ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള 17.3 ശതമാനത്തില്‍ നിന്നും കുറവുമാണ്.
ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ എല്ലാ പ്രായക്കാരുടെയും തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനമാണെന്ന് സര്‍വേ സൂചിപ്പിക്കുന്നു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം തൊഴിലില്ലായ്മ നിരക്ക് 6.65 ശതമാനമായിരുന്നു. എന്നാല്‍ 2023ലെ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കണക്ക് 6.8 ശതമാനമായിരുന്നു.

ഡല്‍ഹിയെ കൂടാതെ, ഗുജറാത്ത് (9 ശതമാനം), ഹരിയാന (9.5 ശതമാനം), കര്‍ണാടക (11.5 ശതമാനം), മധ്യപ്രദേശ് (12.1 ശതമാനം) എന്നിവയാണ് തൊഴിലില്ലായ്മ നിരക്ക് കുറവുള്ള മറ്റ് സംസ്ഥാനങ്ങള്‍. കോവിഡിൻ്റെ സമയത്ത് തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയര്‍ന്നിരുന്നു. കോവിഡിന് ശേഷവും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല എന്നത് പ്രശ്നമായി നിലനില്‍ക്കുകയാണ്.

പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്കും കേരളത്തിലാണ് ഏറ്റവും കൂടുതല്‍. 24.3 ശതമാനമാണ് പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക്. ബിഹാര്‍ (21.2), ഒഡീഷ (20.6) സംസ്ഥാനങ്ങളാണ് പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് കൂടുതലുള്ള മറ്റ് രണ്ട് സംസ്ഥാനങ്ങള്‍. സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്കും കേരളത്തില്‍ കൂടുതലാണ്. ജമ്മു കശ്മീരിന് ശേഷം (48.6 ശതമാനം) രണ്ടാമതാണ് സ്ത്രീകളുടെ തൊഴിലില്ലായ്മ (46.6 ശതമാനം) നിരക്കില്‍ കേരളത്തിൻ്റെ സ്ഥാനം. ഉത്തരാഖണ്ഡ് (39.4 ശതമാനം), തെലങ്കാന (38.4 ശതമാനം), ഹിമാചല്‍ പ്രദേശ് (35.9 ശതമാനം) എന്നീ സംസ്ഥാനങ്ങളാണ് സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്കില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ആകെയുള്ള സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 22.7 ശതമാനമാണ്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ 22.5 ശതമാനവും കഴിഞ്ഞ വര്‍ഷത്തെ ജനുവരി മുതല്‍ മാര്‍ച്ച് വരെ 22.9 ശതമാനവുമാണ് സ്ത്രീകളുടെ തൊഴിലില്ലായമ നിരക്ക്.

Top