തിരുവനന്തപുരം: ലോകത്തിന്റെ ഒരുമയാണ് ചലച്ചിത്ര മേളകളുടെ ലക്ഷ്യമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേള. 29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനവും ഡെലിഗേറ്റ് കിറ്റുകളുടെ വിതരണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സിനിമാ താരങ്ങളായ ഷറഫുദ്ദീനും മഹിമ നമ്പ്യാരും മന്ത്രിയില്‍ നിന്ന് ഡെലിഗേറ്റ് കിറ്റുകള്‍ ഏറ്റുവാങ്ങി.
മനുഷ്യത്വത്തിന്റെ നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്നും അതുതന്നെയാണ് ഐ.എഫ്.എഫ്.കെയും പിന്തുടരുന്നതെന്നു മന്ത്രി പറഞ്ഞു. പുതുമയും ജനപിന്തുണയും കൊണ്ട് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മേളയായി കേരള രാജ്യാന്തര ചലച്ചിത്ര മേള മാറി. വനിതാ സംവിധായകരുടെ സിനിമകളുടെ പ്രാതിനിധ്യവും പഴയകാല മലയാള ചലച്ചിത്രനടിമാര്‍ക്കുള്ള ആദരവും ഈ മേളയുടെ സ്ത്രീ പക്ഷ നിലപാടുകളുടെ ഉദാഹരണങ്ങളാണ്.
Also Read: ‘കടവുളെ…അജിത്തേ’ എന്ന വിളികള്‍ വേണ്ട, കെ അജിത്ത് എന്ന് വിളിച്ചാല്‍ മതി; അജിത് കുമാര്‍
പതിമൂവായിരത്തോളം ഡെലിഗേറ്റുകള്‍ എത്തുന്ന ചലച്ചിത്ര മേളയുടെ ഈ പതിപ്പ് ലോക സിനിമ ഭൂപടത്തില്‍ കേരളത്തെ കൂടുതല്‍ ശ്രദ്ധേയമാക്കും. മണ്‍മറഞ്ഞുപോയ ചലച്ചിത്ര പ്രതിഭകളുടെ സ്മൃതി കുടീരങ്ങളില്‍ ആദരവ് അര്‍പ്പിച്ച് ഡിസംബര്‍ 12ന് സംഘടിപ്പിക്കുന്ന ദീപശിഖാ പ്രയാണത്തോടെ 29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു.