തിരുവനന്തപുരം: നിർമല സീതാരാമൻ അവതരിപ്പിച്ച 2025ലെ കേന്ദ്ര ബജറ്റില്‍ കേരളത്തിനോടുള്ള സമീപനം അങ്ങേയറ്റം നിരാശാജനകമാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. രാഷ്ട്രീയമായി താല്‍പര്യമുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ അനുവദിച്ചുവെന്നതാണ് ബജറ്റില്‍ പൊതുവെ കാണുന്നത്. എല്ലാവരോടും തുല്യസമീപനമല്ല ഉണ്ടായത്. കേരളത്തിന് ന്യായമായ ചില ആവശ്യങ്ങളുണ്ടായിരുന്നു. കേരളത്തിന് നല്ലതോതില്‍ സാമ്പത്തികമായി വെട്ടിക്കുറവ് ഉണ്ടായെന്നും ബാലഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വയനാട് ദുരന്തത്തിനു വേണ്ടിയുള്ള പക്കേജ് ന്യായമാണെങ്കിലും കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചില്ല. 20 വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ സ്‌കീമായിരുന്നു വിഴിഞ്ഞം. അതും പരിഗണിച്ച് പ്രത്യേകമായി പണം അനുവദിച്ചിട്ടില്ല. പ്രധാനമായി അനുവദിക്കേണ്ട സ്ഥാപനങ്ങളൊന്നും അനുവദിച്ചിട്ടില്ല. അഞ്ച് ഐഐടികളില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് മാത്രമാണ് ബജറ്റില്‍ പറഞ്ഞിട്ടുള്ളതെന്നും ധനമന്ത്രി പറഞ്ഞു. 2025ലെ ബജറ്റില്‍ നിക്ഷേപം, എക്‌സ്‌പോര്‍ട്ട്, വികസനം എന്നിവ മാത്രമാണ് പരിഗണിച്ചിട്ടുള്ളത്.
Also Read : ഡൽഹിയിലെ ഏക ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥിക്ക് പറയാനുള്ളത്….
ചുരുക്കി പറഞ്ഞാൽ ബജറ്റിൽ ഒന്നുമില്ല..!
എല്ലാ ഗവ. സെക്കന്‍ഡറി സ്‌കൂളുകളിലും ഭാരത് നെറ്റിന്റെ പിന്തുണയോടെ ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് ഉറപ്പാക്കുമെന്നാണ് ബജറ്റില്‍ പറയുന്നത്. എന്നാല്‍ കേരളത്തില്‍ ഇതിനകം തന്നെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഉള്ളതിനാല്‍ ആ വകയിലും പണം കേരളത്തിന് ലഭിക്കില്ല. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരമില്ലത്താണ് ഈ ബജറ്റ്. വളത്തിന്റെ സബ്‌സിഡി 3400 കോടി, പെട്രോളിയം സബ്‌സിഡി 2600 കോടിയായി കുറഞ്ഞു. മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയ്ക്കായി ഒരു രൂപപോലും ഉയര്‍ത്തിയിട്ടില്ല. വിള ഇന്‍ഷൂറന്‍സിന് 3600 കോടിയാണ് കുറച്ചത്. പൊതുവില്‍ ബജറ്റില്‍ നിക്ഷേപം വരുന്ന കാര്യങ്ങളൊന്നുമില്ലെന്ന് കെഎന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി.