തിരുവനന്തപുരം: പ്രേക്ഷകരുടെ സഹൃദയത്വവും ആസ്വാദനമികവുമാണ് ഐഎഫ്എഫ്കെയെ മികവുറ്റതാക്കുന്നതെന്ന് ചലച്ചിത്രതാരം ഷബാന ആസ്മി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഐഎഫ്എഫ്കെയുടെ ആദരം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു ഷബാന ആസ്മി.
50 വര്‍ഷം സിനിമാ അഭിനയത്തില്‍ തുടരാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യം പ്രകടിപ്പിച്ച ഷബാന ആസ്മി, വിവിധ സിനിമകളുടെപിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാ സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നന്ദിയര്‍പ്പിച്ചു. കലാ ആസ്വാദനത്തില്‍ മികച്ച പാരമ്പര്യമാണ് കേരളത്തിന്റേത്. കേരളത്തിലെ പ്രേക്ഷകരുടെ സ്നേഹം ഏറ്റുവാങ്ങുന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണെന്നും ഷബാന ആസ്മി പറഞ്ഞു.
Also Read: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരി തെളിഞ്ഞു
1994ല്‍ കോഴിക്കോട് സംഘടിപ്പിച്ച ആദ്യ ഐഎഫ്എഫ്കെയില്‍ പങ്കെടുത്തതിന്റെ ഓര്‍മകളും ഷബാന ആസ്മി പങ്കുവച്ചു. തന്റെ സിനിമകള്‍ ഉള്‍പ്പെടുത്തിയുള്ള റെട്രോസ്പെക്ടീവ് സെഗ്മെന്റിനായി കാത്തിരിക്കുകയാണെന്നും ഷബാന ആസ്മി പറഞ്ഞു. നാളെ രാവിലെ 9.15ന് ശ്രീ തീയേറ്ററിലാണ് ഈ സെഗ്മെന്റിലെ ആദ്യ ചിത്രമായ അങ്കുര്‍ പ്രദര്‍ശിപ്പിക്കുന്നത്.