മുംബൈ: ഡൽഹി ഭരണത്തിന്റെ തുടക്കത്തിൽ അരവിന്ദ് കെജ്രിവാൾ മികച്ച മുഖ്യമന്ത്രിയായിരുന്നുവെന്നും എന്നാൽ, പതിയെ മദ്യശാലകൾക്ക് ലൈസൻസ് നൽകിത്തുടങ്ങിയതോടെ ഏറെ ജനരോഷം നേരിടേണ്ടി വന്നുവെന്നും അണ്ണാ ഹസാരെ. അടുപ്പിച്ച് മൂന്നുതവണയാണ് കെജ്രിവാൾ ഡൽഹിയിൽ മുഖ്യമന്ത്രിയായത്. തുടക്കത്തിൽ മികച്ച മുഖ്യമന്ത്രിയായിരുന്നു. അന്ന് അദ്ദേഹത്തിനെതിരെ ആരും ഒന്നും പറഞ്ഞില്ല. എന്നാൽ, പിന്നീട് പതിയെ മദ്യശാലകൾക്ക് അനുമതി നൽകിയതോടെ നിരാശ തോന്നിയെന്നും ഹസാരെ പറഞ്ഞു.
മുഖ്യമന്ത്രി എന്ന നിലയിൽ സമൂഹത്തിനുമുന്നിൽ മികച്ച മാതൃകയാകേണ്ട കെജ്രിവാളിന് ഒരവസരത്തിൽ വഴിപിഴച്ചു. ഇപ്പോൾ രാജ്യതലസ്ഥാനത്ത് ഒരു വനിത മുഖ്യമന്ത്രിയാകുന്നത് വലിയ അഭിമാനകരമാണെന്നും ഹസാരെ കൂട്ടിച്ചേർത്തു.