ഡൽഹി: കേന്ദ്രമന്ത്രി അമിത് ഷാ ഡൽഹി തിരഞ്ഞെടുപ്പിന്റെ ബിജെപി പ്രകടന പത്രിക സങ്കൽപ്പ പത്രിന്റെ മൂന്നാം ഭാഗം പുറത്തിറക്കി. ബിജെപി ഡൽഹിയിലെ ജനങ്ങൾക്കും ഇടയിൽ ചെന്ന് പ്രശ്നങ്ങൾ നേരിട്ടറിഞ്ഞെന്നും ഡൽഹിയുടെ വികസനത്തിനായുള്ള സങ്കൽപ്പ പത്രാണിതെന്നും കേന്ദ്രമന്തി അമിത് ഷാ പറഞ്ഞു.
കെജ്‍രിവാൾ നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നും തന്റെ ജീവിതത്തിൽ ഇത്രയും കള്ളം പറയുന്ന ഒരു വ്യക്തിയെ കണ്ടിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. കെജ്‍രിവാൾ ഏഴുവർഷംകൊണ്ട് യമുനയെ ശുദ്ധീകരിക്കുമെന്ന് പറഞ്ഞു. മൊഹല്ല ക്ലിനികളുടെ പേരിൽ അഴിമതിയാണ് ആംആദ്മി പാർട്ടി നടത്തിയത്. അഴിമതി തുടച്ചുനീക്കുമെന്ന് പറഞ്ഞ ആം ആദ്മി പാർട്ടിയിലെ എല്ലാവരും അഴിമതിയിൽ മുങ്ങി നിൽക്കുന്നു. ഇതുവരെയും ഡൽഹി ജനതയുടെ ചോദ്യങ്ങൾക്ക് കെജ്‍രിവാൾ ഉത്തരം നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: ദാവൂദ് ഇബ്രാഹിമിനെയും ഇന്ത്യയിലെത്തിക്കണം; സര്‍ക്കാരിനോട് ശിവസേന നേതാവ്
പാക്കിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികൾക്ക് ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് സ്വന്തം വീട് വച്ച് നൽകും. ഡൽഹിയിൽ കേന്ദ്രസർക്കാർ റോഡുകളുടെയും എയർപോർട്ടിന്റെയും വികസനം നടത്തി. പറയുന്നത് നടപ്പിലാക്കുന്നതാണ് ബിജെപിയുടെ സംസ്കാരമെന്ന് അനിത് ഷാ കൂട്ടിച്ചേർത്തു.
15000 യുവാക്കൾക്ക് സർക്കാർ ജോലി, 13000 പുതിയ ഇലക്ട്രിക് ബസുകൾ നിരത്തിൽ ഇറക്കും. മഹാഭാരത് ഇടനാഴി വഴി യുപി, ഹരിയാന, ഡൽഹി ബന്ധപ്പെടുത്തും. തൊട്ടിപ്പണി നിർമാർജനം ചെയ്യും. തെരുവിൽ കഴിയുന്നവർക്ക് വേണ്ടി ക്ഷേമ ബോർഡ്. അവരുടെ മക്കൾക്ക് വിദ്യാഭ്യാസം. യമുനാ നദിയെ സംരക്ഷിക്കുവാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.