മോദിയുടെ മൂന്നാം ഊഴത്തിനു മുകളിൽ കരിനിഴൽ പടർത്തി കെജരിവാൾ, ബി.ജെ.പി നേതൃത്വത്തിൽ പരക്കെ ആശങ്ക

മോദിയുടെ മൂന്നാം ഊഴത്തിനു മുകളിൽ കരിനിഴൽ പടർത്തി കെജരിവാൾ, ബി.ജെ.പി നേതൃത്വത്തിൽ പരക്കെ ആശങ്ക

മോദിക്ക് മൂന്നാം ഊഴം പ്രഖ്യാപിച്ചവര്‍ പോലും അന്തംവിട്ട് നില്‍ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ ദൃശ്യമാകുന്നത്. 400 സീറ്റുകള്‍ നേടുമെന്ന് അവകാശ വാദം ഉന്നയിക്കുന്ന അമിത് ഷാ നിരത്തിയ കണക്കുകള്‍ കേട്ടാല്‍ ബി.ജെ.പിക്കാര്‍ തന്നെ മൂക്കത്ത് വിരല്‍ വച്ചു പോകുമെന്നതാണ് നിലവിലെ അവസ്ഥ. ഇവിടെ ബി.ജെ.പി സെറ്റ് ചെയ്ത… തിരഞ്ഞെടുപ്പ് അജണ്ട മാറ്റി മറിച്ചിരിക്കുന്നത് അരവിന്ദ് കെജ്രിവാള്‍ എന്ന ഡല്‍ഹി മുഖ്യമന്ത്രിയാണ്. മോദിയുടെയും ബി.ജെ.പിയുടെയും വലിയ പിഴവായി തന്നെ ആ അറസ്റ്റിനെ വിലയിരുത്തേണ്ടി വരും. അന്‍പത് ദിവസം ജയിലിലാക്കപ്പെട്ട കെജ്രിവാളിനേക്കള്‍ കരുത്തനാണ് ഇടക്കാല ജാമ്യത്തില്‍ ഇറങ്ങിയ കെജ്രിവാള്‍ എന്നതും നാം ഓര്‍ക്കണം. ആ അറസ്റ്റ് .. പ്രതിപക്ഷ സഖ്യത്തിനു നല്‍കിയിരിക്കുന്ന ഊര്‍ജം വളരെ വലുതാണ്. കെജ്രിവാള്‍ അറസ്റ്റിലായ ഉടനെ തന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ അറസ്റ്റാണ് പ്രധാനമായും മോദിക്കെതിരെ ആയുധമായി ഉപയോഗപ്പെടുത്തിയിരുന്നത്. ഒടുവില്‍ തിരഞ്ഞെടുപ്പിന്റെ ക്ലൈമാക്സിലേക്ക് അടുക്കുമ്പോള്‍ കെജ്രിവാള്‍ തന്നെ നേരിട്ട് ബി.ജെ.പിക്ക് എതിരായ യുദ്ധം നയിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. അത് … ഡല്‍ഹിയും പഞ്ചാബും ഹരിയാനയും കടന്ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റെല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധി മോദിയെ കടന്നാക്രമിക്കുന്നതിലും ശക്തമായാണ് കെജ്രിവാള്‍ മോദിയെ കടന്നാക്രമിച്ചു കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും ബി.ജെ.പി ക്യാപിനെ കീറി മുറിക്കുന്നതായി ഇതിനകം മാറി കഴിഞ്ഞിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കഴിഞ്ഞുപോയ ഘട്ടങ്ങള്‍ പോലെ ബിജെപിക്ക് എളുപ്പമല്ല കെജ്രിവാള്‍ പുറത്തിറങ്ങിയ ശേഷമുള്ള ഘട്ടങ്ങളെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബി.ജെ.പി 2019ല്‍ 50 ശതമാനത്തിലേറെ വോട്ടു നേടി വിജയിച്ച 224 സീറ്റുകളില്‍ 135 എണ്ണത്തില്‍ ആദ്യ 3 ഘട്ടങ്ങളിലായി വോട്ടെടുപ്പ് പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. മെയ് 13 മുതല്‍ 4 ഘട്ടങ്ങളിലായി വോട്ടെടുപ്പു നടക്കുന്ന ബാക്കി 260 മണ്ഡലങ്ങളില്‍ 89 എണ്ണം മാത്രമേ ഈ ഗണത്തില്‍ വരുന്നുള്ളൂ. ഇത് ബി.ജെ.പി നേതൃത്വത്തിന്റെ ചങ്കിടിപ്പിക്കുന്ന കണക്കുകളാണ്.

കഴിഞ്ഞതവണ ബി.ജെ പി വന്‍ നേട്ടമുണ്ടാക്കിയ… കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങി പല സംസ്ഥാനങ്ങളിലും ഇക്കുറി ബി.ജെ.പി വലിയ ഭീഷണിയാണ് നേരിടുന്നത്. 48 സീറ്റുകള്‍ ഉള്ള മഹാരാഷ്ട്രയില്‍ നാലാം ഘട്ടത്തില്‍ 11 സീറ്റുകളിലും 20ന് അഞ്ചാം ഘട്ടത്തില്‍ 13 സീറ്റുകളിലേക്കുമാണു മത്സരം നടക്കുന്നത്. കഴിഞ്ഞതവണ ഈ 24 സീറ്റുകളില്‍ പതിനൊന്നിലും 50 ശതമാനത്തിലേറെ വോട്ട് നേടിയായിരുന്നു ബിജെപി വിജയിച്ചിരുന്നത്. പ്രാദേശിക വിഷയങ്ങള്‍ക്കും മറാഠാ സംവരണത്തിനും പുറമെ കെജ്രിവാളിന്റെ അറസ്റ്റും ഏറെ ചര്‍ച്ചയാകുന്നതിനാല്‍ ഇത്തവണ ഇവിടെയെല്ലാം കനത്ത വെല്ലുവിളിയാണ് ബി.ജെ.പി നേരിടുന്നത്. ശിവസേനയെയും എന്‍.സി.പിയെയും പിളര്‍ത്തി മഹാരാഷ്ട്ര ഭരണം പിടിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞെങ്കിലും ഇപ്പോഴും താഴെ തട്ടുമുതല്‍ ശക്തര്‍ ശിവസേന ഉദ്ധവ് വിഭാഗവും എന്‍.സി.പി പവാര്‍ വിഭാഗവും തന്നെയാണ്. അത് ലോകസഭ തിരഞ്ഞെടുപ്പില്‍ തെളിയിക്കപ്പെട്ടാല്‍ സംസ്ഥാന ഭരണത്തെയും സാരമായി ബാധിക്കാനാണ് സാധ്യത. 28 ലോകസഭ സീറ്റുകള്‍ ഉള്ള കര്‍ണ്ണാടകയില്‍ കഴിഞ്ഞ തവണ 25 സീറ്റിലും വിജയിച്ച ബി.ജെ.പി ഇത്തവണ വലിയ പ്രതിരോധത്തിലാണ് ഉള്ളത്.

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ആകെയുള്ള ഏഴു സീറ്റുകളിലും 2019ല്‍ ബിജെപി 50 ശതമാനത്തിലേറെ വോട്ടുകള്‍ നേടിയാണ് തൂത്തുവാരിയിരുന്നത്. ഹരിയാനയിലെ 10 സീറ്റില്‍ ഒന്‍പതിലും സമാനമായ നേട്ടമാണ് ബി.ജെ.പി ഉണ്ടാക്കിയിരുന്നത്. ഈ ഒന്‍പതും ഡല്‍ഹിയിലെ ഏഴും അരവിന്ദ് കേജ്രിവാള്‍ എഫക്ടില്‍ പ്രതിപക്ഷ സഖ്യം തൂത്തുവാരാനാണ് സാധ്യത. ഹരിയാനയില്‍ കൃഷിനിയമങ്ങളും അഗ്‌നിപഥ് പദ്ധതിയുമുള്‍പ്പെടെ മറ്റു പ്രതികൂല ഘടകങ്ങളും ബി.ജെ.പിക്ക് എതിരാണ്. അവിടെ സംസ്ഥാന സര്‍ക്കാര്‍ തന്നെ ഇപ്പോള്‍ വലിയ പ്രതിസന്ധിയിലാണ് ഉള്ളത്.

യുപി, ബിഹാര്‍, ജാര്‍ഖണ്ഡ്, ഹിമാചല്‍ സംസ്ഥാനങ്ങളില്‍… 2019ലെ സീറ്റ് നില നിലനിര്‍ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെങ്കിലും അവിടെയും വലിയ ഭീഷണിയാണ് പ്രതിപക്ഷ സഖ്യത്തില്‍ നിന്നും ബി.ജെ.പി നേരിടുന്നത്. ജനവികാരം എതിരാക്കുന്ന തൊഴിലില്ലായ്മ മുതല്‍ സംസ്ഥാന ബിജെപി സര്‍ക്കാരുകളുടെ പാളിച്ചകള്‍ വരെ ഇവിടെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമാണ്. 42 ലോകസഭ സീറ്റുകള്‍ ഉള്ള, ബീഹാറില്‍… ജെ.ഡി.യുവിന്റെ വിശ്വാസ്യത തകര്‍ന്നതും ബി.ജെ.പിക്ക് തിരിച്ചടിയാകും. ഇവിടെയും കെജ്രിവാള്‍ ഇഫക്ട് തരംഗമായി പടരാനുള്ള എല്ലാ സാധ്യതയും നിലവിലുണ്ട്. രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും നഷ്ടപ്പെടാന്‍ ബി.ജെ.പിക്ക് മാത്രമാണ് ഉള്ളത്.

അമിത് ഷായുടെയും മോദിയുടെയും 400 സീറ്റെന്ന കണക്ക് കേട്ടാല്‍ തന്നെ അതില്‍ ആര്‍ക്കും അസ്വാഭാവികതയാണ് തോന്നുക. ഇവരുടെ ഈ കണക്കു പ്രകാരം തമിഴ്നാട്ടിലും കേരളത്തിലും ബി.ജെ.പി അക്കൗണ്ട് തുറക്കും. ബംഗാളില്‍ 30 സീറ്റെങ്കിലും നേടുമെന്നതാണ് അടുത്ത പ്രവചനം. ബിഹാറില്‍ 2019ലേതിനു സമാനമായിരിക്കും സീറ്റ് നിലയെന്നതും ഒഡീഷയില്‍ 16 വരെയോ അതിനും മുകളിലോ സീറ്റ് നേടിയേക്കാം. എന്നുമാണ് അമിത് ഷാ അവകാശപ്പെടുന്നത്. തെലങ്കാനയില്‍ 10 നും12നും ഇടയിലാണ് ബി.ജെ.പി സീറ്റുകള്‍ പ്രതീക്ഷിക്കുന്നത്. ആന്ധ്ര പ്രദേശില്‍ 17മുതല്‍18 സീറ്റുകള്‍ വരെ നേടുമെന്ന കണക്കുകളും അമിത് ഷാ നിരത്തിയിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മികച്ച പ്രകടനമാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്.

നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യം അറിയാവുന്ന ഏതൊരു രാഷ്ട്രീയ വിദ്യാര്‍ത്ഥിക്കും ഉള്‍ക്കൊള്ളാന്‍ പറ്റാത്ത കണക്കുകള്‍ ആണിത്. ഇതില്‍ ഒരു കാര്യം മാത്രമാണ് കൃത്യമായി വരിക. ആന്ധ്രപ്രദേശില്‍ ഏത് മുന്നണി ജയിച്ചാലും അത് ബി.ജെ.പിക്കാണ് നേട്ടമാകുക. നിലവില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സിന് എതിരായ മുന്നണിയിലാണ് ബി.ജെ.പി ഉള്ളതെങ്കിലും റിസള്‍ട്ട് വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സിന് അനുകൂലമായാലും അവര്‍ ബി.ജെ.പിക്ക് ഒപ്പം നില്‍ക്കാനാണ് സാധ്യത. സമാന സാഹചര്യം ഒഡീഷയിലും ഉണ്ടാകും. അവിടെ ഭരണപക്ഷമായ ബിജു ജനതാദളിനും മോദി സര്‍ക്കാരിനോട് വലിയ എതിര്‍പ്പില്ലന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ പാര്‍ലമെന്റില്‍ നിര്‍ണ്ണായകമായ പല ബില്ലുകളും രാജ്യസഭയില്‍ പാസാക്കാന്‍ മോദി സര്‍ക്കാറിനെ സഹായിച്ചത് വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സും ബിജു ജനതാദളും ആയിരുന്നു. എന്നാല്‍ 42 അംഗങ്ങളെ വീതം തിരഞ്ഞെടുക്കുന്ന ബീഹാറിലെയും ബംഗാളിലെയും ബി.ജെ.പിയുടെ കണക്കു കൂട്ടലുകള്‍ പൊളിയാന്‍ തന്നെയാണ് സാധ്യത. ഇതുള്‍പ്പെടെ ബി.ജെ.പി പ്രതീക്ഷയര്‍പ്പിക്കുന്ന വലിയ സംസ്ഥാനങ്ങളില്‍ കെജ്രിവാള്‍ ഇഫക്ട് കൂടി ഇന്ത്യാ സഖ്യത്തിന് ഗുണം ചെയ്താല്‍ ബി.ജെ.പിയുടെ സകല കണക്കു കൂട്ടലുകളുമാണ് അതോടെ തെറ്റിപ്പോകുക.

EXPRESS KERALA VIEW

Top